തിരൂരില്‍ വീട്ടില്‍ സൂക്ഷിച്ച 50 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. തിരൂര്‍ മംഗലം സ്വദേശി ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: തിരൂരില്‍ വീട്ടില്‍ സൂക്ഷിച്ച 50 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. തിരൂര്‍ മംഗലം സ്വദേശി ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂര്‍ അന്നാരയിലെ വാടക വീട്ടിലാണ് ഷെരീഫ് നിരോധിത പാൻ ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്.

50 ചാക്കുകളിലായി സൂക്ഷിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് മൊത്ത വിപണിയില്‍ തന്നെ ഏതാണ്ട് ഇരുപത്തിയ‍ഞ്ചു ലക്ഷത്തോളം രൂപ വില വരും. ചന്ദനത്തിരിയും വെളുത്തുള്ളിയും മൊത്തമായി വിതരണം ചെയ്യാനുള്ള ഗോഡൗണ്‍ എന്ന നിലയിലാണ് ഷരീഫ് വീട് വാടകക്കെടുത്തത്.

ഇതിന്‍റെ മറവിലാണ് വന്‍ തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തി വന്നത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷെരീഫ് പിടിയിലായത്.

തീരദേശങ്ങളിലാണ് ഷെരീഫ് പുകയില ഉല്‍പ്പന്നങ്ങള്‍ മൊത്തക്കച്ചവടം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നത്.