പത്താംകല്ലിലെ വീടിന് പുറകിലെ പറമ്പിൽ നാലടിയോളം ഉയരത്തിൽ വളർന്ന നിലയിലായിരുന്നു കഞ്ചാവ് ചെടി. കഞ്ചാവ് ചെടി പൊലീസ് പിഴുതെടുത്ത് മാറ്റി.
തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം പത്താംകല്ല് സ്വദേശി സുഹൈൽ ആണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോഗ്രെക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. പത്താംകല്ലിലെ വീടിന് പുറകിലെ പറമ്പിൽ നാലടിയോളം ഉയരത്തിൽ വളർന്ന നിലയിലായിരുന്നു കഞ്ചാവ് ചെടി. കഞ്ചാവ് ചെടി പൊലീസ് പിഴുതെടുത്ത് മാറ്റി. തീരദേശത്തെ ലഹരിക്കടത്തുകാരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും വരും ദിവസങ്ങളിൽ റെയ്ഡുകളടക്കം കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട
തലസ്ഥാന നഗരത്തിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 125 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയില്‍ നിന്നും രണ്ട് ആഡംബര കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് മൂന്ന് പേരെ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹാത്തോടെ കഴക്കൂട്ടം പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിലും സമീപ ജില്ലകളിലും കഞ്ചാവ് മൊത്ത വിൽപ്പന നടത്തുന്ന പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ മേലെ വീട് പ്രീത ഭവനിൽ കാവുവിള ഉണ്ണി എന്നു വിളിക്കുന്ന ഉണ്ണികൃഷ്ണൻ (33) മലയിൻകീഴ് മേപ്പുക്കട പോളച്ചിറ മേലെ പുത്തൻ വീട്ടിൽ സജീവ് (26), തൈക്കാട് രാജാജി നഗർ സ്വദേശി സുബാഷ് (34) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി കമ്മീഷണർ അങ്കിത് അശോകന്റെ നിര്‍ദേശ പ്രകാരം, സമീപകാലത്ത് നഗരത്തിൽ പിടികൂടിയ കഞ്ചാവ് കേസ്സുകളിലെ ഭാഗമായി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം നിരന്തരമായി നടത്തി വന്ന അന്വേഷണത്തിലാണ് കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്.
Also Read: 'മാട്ടക്കണ്ണന്‍റെ' മൊഴി; മയക്കുമരുന്ന് ഡീലറെ പൊക്കി പൊലീസ്, മാരക മയക്കുമരുന്നുകള്‍ പിടികൂടി
തുടർന്ന് മാസങ്ങളായി കഞ്ചാവ് കടത്ത് സംഘത്തെ പൊലീസ് നീരീക്ഷിച്ച് വരികയായിരുന്നു. ആന്ധ്രയിൽ നിന്നും രണ്ടു കാറുകളിലായി കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി വന്ന സംഘത്തെ കേരള അതിർത്തി മുതൽ സ്പെഷ്യൽ ടീം പല സംഘങ്ങളായി തിരിഞ്ഞ് പിൻതുടർന്ന് വന്ന്, കഴക്കൂട്ടം ദേശീയ പാതയിൽ വെച്ച് കൃത്രിമ ഗതാഗത തടസ്സം സൃഷ്ടിച്ച് കഴക്കൂട്ടം പൊലീസും സ്പെഷ്യൽ ടീമും ചേർന്ന് പിടികൂടുകയായിരുന്നു. 125 കിലോ കഞ്ചാവും കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച വെര്‍ണ, സ്കോഡ കാറുകളും പൊലീസ് പിടിച്ചെടുത്തു.
പ്രതികളിൽ ഉണ്ണികൃഷ്ണനാണ് കഞ്ചാവ് കടത്ത് സംഘത്തിന്റെ തലവൻ. സ്പിരിറ്റ് കടത്ത്, കഞ്ചാവ് കേസ്സുകളുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇയാൾക്ക് ആന്ധ്രാപ്രദേശിലും കഞ്ചാവ് കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ സജീവ് കരമന സ്റ്റേഷൻ പരിധിയിൽ നടന്ന കൊലപാതക കേസ്സും, വലിയതുറ, മ്യൂസിയം, മണ്ണന്തല തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ ബൈക്ക് മോഷണ കേസ്സുകളുൾപ്പെടെയുള്ള നിരവധി കേസ്സുകളിലെ പ്രതിയാണ്.
