കുടിവെളള വിതരണത്തിന്‍റെ മറവില്‍ ചാരായം വാറ്റി വിറ്റ യുവാവ് കൊല്ലം ചാത്തന്നൂരില്‍ അറസ്റ്റില്‍. ഒരു കാന്‍ ചാരായത്തിന് മുപ്പതിനായിരം രൂപ നിരക്കിലായിരുന്നു കച്ചവടം.

കൊല്ലം: കുടിവെളള വിതരണത്തിന്‍റെ മറവില്‍ ചാരായം വാറ്റി വിറ്റ യുവാവ് കൊല്ലം ചാത്തന്നൂരില്‍ അറസ്റ്റില്‍. ഒരു കാന്‍ ചാരായത്തിന് മുപ്പതിനായിരം രൂപ നിരക്കിലായിരുന്നു കച്ചവടം. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ചാത്തന്നൂര്‍ മേഖലയില്‍ വ്യാജവാറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാണ്.

കുടിവെളളം നിറയ്ക്കുന്ന കാന്‍ നിറയെ കോടയും ചാരായവും. ഇരുപത് ലീറ്റര്‍ ചാരായവും ഇരുപത്തിയാറ് ലീറ്റര്‍ കോടയുമാണ് ചാത്തന്നൂര്‍ അമ്മാച്ചന്‍മുക്ക് സ്വദേശിയായ റാസി എന്ന ചെറുപ്പക്കാരന്‍റെ വീട്ടില്‍ നിന്ന് എക്സൈസ് സംഘം കണ്ടെത്തിയത്. വീട്ടില്‍ വാറ്റുന്ന ചാരായം കാനുകളില്‍ നിറച്ച് കുടിവെളളമെന്ന വ്യാജേനയാണ് റാസി പൊലീസിന്‍റെ മുന്നിലൂടെ കടത്തിയിരുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുടിവെളള കച്ചവടത്തിനു മറവിലെ വാറ്റുചാരായ വില്‍പന എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. ഒരു ക്യാന്‍ കുടിവെളളത്തിന് അറുപത് രൂപയാണ് വിലയെങ്കില്‍ ഒരു ക്യാന്‍ ചാരായത്തിന് മുപ്പതിനായിരം രൂപ വിലയിട്ടായിരുന്നു റാസിയുടെ വില്‍പനയെന്നും എക്സൈസ് പറഞ്ഞു. 

ചാത്തന്നൂര്‍ ,പരവൂര്‍ മേഖലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയ ഘട്ടം മുതല്‍ വാറ്റു ചാരായ വില്‍പന സംഘങ്ങള്‍ വ്യാപകമാണ്. മാലാ കായലിനു സമീപം പൊന്തക്കാട്ടില്‍ ചാരായം വാറ്റിയ നെടുങ്ങോലം സ്വദേശി ബാബുവിനെ ദിവസങ്ങള്‍ക്കു മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പതു ലീറ്റര്‍ കോടയായിരുന്നു അന്ന് ബാബുവില്‍ നിന്ന് കണ്ടെത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona