കുന്ദമംഗലം: സഹോദരന്‍റെ പ്രണയത്തിന്‍റെ പേരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം. കോഴിക്കോട് പതിമംഗലം സ്വദേശി ഉബൈദിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയിട്ടും പ്രതികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ലെന്നും ഉബൈദ് പറയുന്നു.

തിങ്കളാഴ്ച രാത്രിയുണ്ടായ സംഭവങ്ങളുടെ നടുക്കത്തില്‍ നിന്ന് എഴുപതു വയസുകാരി ആയിഷ ഇനിയും മോചിതയായിട്ടില്ല. ആയിഷയുടെ കണ്‍മുന്നില്‍ വച്ചാണ് കൊച്ചുമകന്‍ ഉബൈദിന് ക്രൂരമര്‍ദ്ദനമേറ്റത്. ഗള്‍ഫിലുള്ള ജ്യേഷ്ഠന്‍ ഫര്‍ഷാദിന്‍റെ പ്രണയവുമായി ബന്ധപ്പെട്ടാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന് ഉബൈദ് പറയുന്നു.

ഉബൈദിന്‍റെ മാതാവ് ഹൈറുന്നീസയ്ക്കും മര്‍ദ്ദനമേറ്റു. ഞായറാഴ്ച പതിമംഗംലം അങ്ങാടിയില്‍ വച്ചും ഇതേ പ്രശ്നവുമായി ബന്ധപ്പെട്ട് ഒരു സംഘം ഉബൈദിനെ മര്‍ദ്ദിച്ചിരുന്നു. പരിക്കേറ്റ നിലയില്‍ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഓട്ടോറിക്ഷ വിളിച്ചു നല്‍കുക മാത്രമാണ് പൊലീസ് ചെയ്തതെന്ന് ഉബൈദ് പറയുന്നു.

അതേസമയം, സംഘം ചേര്‍ന്ന് ആക്രമിച്ചതിന് എട്ട് പേര്‍ക്കെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്ക് സാരമല്ലാത്തത് കൊണ്ടാണ് ഓട്ടോറിക്ഷ വിളിച്ച് നല്‍കി ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.