ജസ്ബിറിനെ മർദിച്ചതിച്ച ശേഷം മുഖം മൂടി ധരിപ്പിച്ച് കാറില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചും ക്രൂരമായി മര്‍ദിച്ചു. 

കോഴിക്കോട് കൊടുവള്ളിയില്‍ ക്വട്ടേഷൻ സംഘം യുവാവിനെ ആളു മാറി തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതായി പരാതി. പരിക്കേറ്റ കൊടുവള്ളി സ്വദേശി ജസ്ബിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴല്‍പ്പണ മാഫിയയുമായി ബന്ധമുള്ളവരാണ് തട്ടിക്കൊണ്ടു പോയതെന്ന് ജസ്ബിർ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ജസ്ബിറിനെയും സുഹൃത്തിനെയും കാറിലെത്തിയ അഞ്ചംഗ സംഘം കൊടുവള്ളിയില്‍ വെച്ച് തടഞ്ഞുനിർത്തി. തുടര്‍ന്ന് ജസ്ബിറിനെ മർദിച്ചതിച്ച ശേഷം മുഖം മൂടി ധരിപ്പിച്ച് കാറില്‍ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചും ക്രൂരമായി മര്‍ദിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.

ജസ്ബിറിനെ തട്ടിക്കൊണ്ടു പോയ വിവരം കൊടുവള്ളി പൊലീസിൽ അറിയിച്ചെങ്കിലും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.