ദില്ലി: ഭാര്യയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ച ഭാര്യയുടെ മാതാവിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി. ദില്ലിയിലെ മുന്ദകയിലാണ് സംഭവം നടന്നത്. പശ്ചിം വിഹാറിലെ ഒരു ക്ലിനിക്കല്‍ നേഴ്സാണ് മരണപ്പെട്ട സ്ത്രീ. പങ്കജ് എന്ന പേരായ യുവാവിനെ പൊലീസ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേഴ്സായ സ്ത്രീ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമന്പോഴായിരുന്നു പങ്കജ് ആക്രമിച്ചത്.

പങ്കജിനൊപ്പം സുഹൃത്തുക്കളായ ഉജ്വല്‍, അജിത്ത് എന്നിവരും കൃത്യത്തില്‍ പങ്കാളികളായതായി പൊലീസ് പറയുന്നു. അഞ്ച് വെടിയുണ്ടകളാണ് മരിച്ച സ്ത്രീയുടെ ശരീരത്തിലുണ്ടായിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

ബുധനാഴ്ച ഹരിയാനയിലെ ലാദ്പുരില്‍ നിന്നാണ് പങ്കജിനെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കലില്‍ നിന്ന് തോക്കും വെടിയുണ്ടയും കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടെ ഗര്‍ഭം മുന്‍പ് രണ്ട് തവണ ഭാര്യമാതാവ് അലസിപ്പിച്ചുവെന്നാണ് പങ്കജ് ആരോപിക്കുന്നത്. പങ്കജിന്‍റെ ഭാര്യ കുറേക്കാലമായി അമ്മയ്ക്കൊപ്പമാണ് ജീവിച്ചുവരുന്നത്.