ഗതാഗത തടസം സ്യഷ്ടിച്ച വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിനെ രണ്ടംഗ സംഘം നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

കൊല്ലം: കൊല്ലം പുനലൂരിൽ നടുറോഡിൽ യുവാവിന് ക്രൂര മർദ്ദനം. ഗതാഗത തടസ്സമുണ്ടായതിനെ ആയതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ രണ്ട് പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം പുനലൂർ പത്തനാപുരം പാതയിൽ ആലിമുക്കിന് സമീപം ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. ഗതാഗത തടസം സ്യഷ്ടിച്ച വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിനെ രണ്ടംഗ സംഘം നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. പ്രദേശവാസികൾ ഇത് തടയാൻ ശ്രമച്ചെങ്കിലും അക്രമികൾ കൂട്ടാക്കിയില്ല.

പിറവന്തൂര്‍ സ്വദേശികളായ നിധീഷ് ,ധനീഷ് ക്യഷ്ണന്‍ എന്നിവരാണ് യുവാവിനെ അക്രമിച്ചത്. ജെസിബി ഓപ്പറേറ്ററായ രഞ്ജിത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്പോഴാണ് മര്‍ദ്ദനത്തിന് ഇരയായത്. ആക്രമണത്തില്‍ പരിക്കേറ്റ രഞ്ജിത്ത് പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.