മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് പ്രണയാഭ്യർത്ഥന നിരസിച്ചതിന്‍റെ പേരിൽ പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി കസ്റ്റഡിയിൽ. ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദാണ് പൊലീസ് പിടിയിലായത്. ഇയാളുടെ നിരന്തരമായ ഉപദ്രവത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ജുനൈദ് നിരന്തരം പ്രണയാഭ്യർത്ഥന നടത്തിയിരുന്നെന്നും നിരസിച്ചതിന്‍റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും
ആക്രമിച്ചിരുന്നെന്നും പെൺകുട്ടി നേരത്തെ ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തതുമാണ്. എന്നാൽ ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് കാണിച്ച് പെൺകുട്ടിയുടെ കുടുംബം വീണ്ടും നൽകിയ പരാതിയിലാണ് ഇപ്പോൾ പൊലീസ് ജുനൈദിനെ കസ്റ്റഡിയിലെടുത്തത്.

പെൺകുട്ടിക്ക് വരുന്ന വിവാഹ ആലോചനകള്‍ മുടക്കുന്നതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട്ടിലെത്തിയ ജുനൈദ് കത്തി കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ഫോണില്‍ റിക്കോർഡ് ചെയ്തിരുന്നു. 

Read More: പ്രണയാഭ്യർത്ഥന നിരസിച്ചതിന് അയല്‍വാസിയുടെ ഉപദ്രവം; പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

ഭീഷണിയും മാനസിക പ്രയാസവും സഹിക്കാൻ കഴിയാതെയാണ് പെൺകുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ഉപദ്രവിച്ചതിന്‍റെ പേരില്‍ ജുനൈദിനെതിരെ പോക്സോ കേസും ചങ്ങരംകുളം പോലീസ്റ്റേഷനിലുണ്ട്.