തിരുവനന്തപുരം: ഫാഷൻ ഡിസൈനിംഗ് ക്ലാസിൽ നിന്ന്  വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ശാരീരികമായി ഉപദ്രവിച്ച് സ്വർണ്ണമാല കവരാൻ ശ്രമിച്ച യുവാവ് പിടിയിൽ. വിഴിഞ്ഞം കാഞ്ഞിരം വിള ലക്ഷംവീട് കോളനിയിൽ ശാന്തതകുമാർ (35) ആണ് വിഴിഞ്ഞം പൊലീസിൻറെ പിടിയിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15 ഓടെ വിഴിഞ്ഞം മുക്കോല ജങ്ഷന് സമീപത്തെ ആളൊഴിഞ്ഞം ഇടവഴിയിലാണ്  സംഭവം. 

യുവതിയെ മർദ്ദിച്ച് മാല കവരാൻ ശ്രമിക്കുന്നതിനിടെ അതുവഴി ഒരു സ്കൂട്ടറിൽ രണ്ട് യുവതികളെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഇവർ വിഴിഞ്ഞം പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ സ്ഥലത്തെത്തിയ വിഴിഞ്ഞം എസ് എച്ച് ഒ എസ്.ബി. പ്രവീണിന്റെ നേത്യത്വത്തിലുളള പൊലീസ് സംഘം സ്ത്രീകൾ നൽകിയ സൂചന അനുസരിച്ച് നടത്തിയ തെരച്ചിലിൽ  സംഭവ സ്ഥലത്ത് നിന്നും  മാറി ഒളിച്ചിരുന്ന പ്രതിയെ  കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇയാള്‍ സ്ഥിരമായി സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കുന്നയാളാണെന്നും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും  വിഴിഞ്ഞം പൊലീസ് പറഞ്ഞു. എസ്.ഐ.മാരായ എസ്. എസ്. സജി. രജീഷ് ബാബു, സി.പി.ഒമാരായ എ.ജോസ്, അജി, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.