കൊണ്ടോട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വശീകരിച്ച് ലൈംഗിക ചൂഷണം നടത്തുകയും നഗ്ന ചിത്രങ്ങൾ വാങ്ങി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ടി ബി ആശുപത്രിക്ക് സമീപം മാറാപ്പിന്‍റകത്ത് ജാബിറാ(21)ണ് അറസ്റ്റിലായത്. ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴിയാണ് പ്രധാനമായും ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയിരുന്നത്. 

ഡിസംബർ ആറാം തീയതി വൈകുന്നേരം 16 വയസ്സുള്ള അച്ഛനില്ലാത്ത പെൺകുട്ടിയെ കാണാനില്ലെന്നു പറഞ്ഞ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ  ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബന്ധുക്കൾ നൽകിയ പെൺകുട്ടിയുടെ ഫോൺ നമ്പറിൽ ബന്ധപ്പട്ടപ്പോൾ ഫോൺ റിംഗ് ചെയ്തെങ്കിലും കോളെടുത്തില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍  പെൺകുട്ടി കോട്ടക്കൽ ചങ്കുവെട്ടി ജംഗ്ഷനിൽ ഉണ്ടെന്ന് വ്യക്തമായി. കൊണ്ടോട്ടി പോലീസ് കോട്ടക്കൽ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്തി. 

വനിതാ പൊലീസുകാരുടെ സാന്നിധ്യത്തിലും ബന്ധുക്കളുടെ സാന്നിധ്യത്തിലും വിശദമായി ചോദ്യം ചെയ്തതിൽ പെൺകുട്ടി ജാബിറിനൊപ്പം കോട്ടക്കുന്ന്, നിളാതീരം പാർക്ക്, കുറ്റിപ്പുറം പാലം മുതലായ സ്ഥലങ്ങളിൽ കറങ്ങാൻ പോയതാണ് എന്ന് വെളിപ്പെടുത്തി. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ യുവാവ് തന്നെ ചങ്കുവെട്ടിയിൽ ഉപേക്ഷിച്ചതാണെന്ന് പെൺകുട്ടി പറഞ്ഞു. 

തൻറെ വലിയമ്മയുടെ  ഫോൺ മുഖേനയാണ് കുട്ടി ഓൺ ലൈൻ ക്ലാസുകൾ ശ്രദ്ധിച്ചിരുന്നത്.  ഇൻസ്റ്റാഗ്രാം പരിചയത്തിലൂടെ  ജാബിർ തന്‍റെ ഇന്‍സ്റ്റഗ്രാം ഡിപിയിലെ ഫോട്ടോ കണ്ട് അടുത്ത് പരിചയപ്പെട്ടതാണെന്നും പെൺകുട്ടി വ്യക്തമാക്കി. തനിക്ക് ഒരു സ്പാനിഷ് കമ്പനിയിലാണ് ജോലി എന്നും ഇൻറർനെറ്റിൽ കിട്ടുന്ന നഗ്ന വീഡിയോസ് അപ്ലോഡ് ചെയ്താൽ കമ്മീഷനായി തനിക്ക് ലക്ഷങ്ങൾ ലഭിക്കാറുണ്ടെന്നും യുവാവ് കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു.

പെൺകുട്ടിയുടെ ശരീര ഭാഗങ്ങളുടെ നഗ്ന ഫോട്ടോ തനിക്ക് അയച്ചു തന്നാൽ തൻറെ കമ്പനിയിൽ വിദേശത്ത് സൈറ്റുകളിൽ  ആരും അറിയാതെ അപ്ലോഡ് ചെയ്യാമെന്നും   ബാങ്ക് അക്കൗണ്ടിൽ ക്യാഷ് ഇട്ട് തരുമെന്നും പറഞ്ഞ് യുവാവ് കുട്ടിയെ കബളിപ്പിച്ച് ചിത്രങ്ങള്‍ വാങ്ങി.   പെൺകുട്ടി പലതവണയായി തന്റെ നഗ്‌നഫോട്ടോ ജാബിറിന് അയച്ചിരുന്നു.   പുറമെ ബന്ധുക്കളുടെയും കൂട്ടുകാരികളുടെയും ഫോൺ നമ്പറുകളും ഭീഷണിക്ക് വഴങ്ങി പെൺകുട്ടി ഇയാൾക്ക് അയച്ചു കൊടുത്തിരുന്നു. 

 കമ്പനിയിൽ ജോലി  വാങ്ങിത്തരാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ ആഭരണങ്ങളും ഇയാള്‍ സ്വന്തമാക്കിയിരുന്നു. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽ 12നും 17നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളുടെ വിലാസവും നഗ്നഫോട്ടോസും വീഡിയോസും നേതൃത്വത്തിൽ പോലീസ് കണ്ടെടുത്തു. മൊബൈൽ ഫോണിൽ നിന്നു ലഭിച്ച സൂചന ആധാരമാക്കി നടത്തിയ ചോദ്യം ചെയ്യലിൽ കൊണ്ടോട്ടി സ്വദേശിനിയായ 14 കാരിയെ അർദ്ധരാത്രി വീടിൻറെ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായും  പ്രതി സമ്മതിച്ചിട്ടുണ്ട്. 

പതിനാലുകാരിയുടെ മൊഴിയിൽ താൻ ടിക്ടോക്കിൽ വീഡിയോ ചെയ്യാറുണ്ടെന്നും ടിക്ടോക്കിൽ താൻ പാടിയ പാട്ടിന് ഡ്യൂയറ്റ് ആയി പ്രതി പാടിയിരുന്നു എന്നും പിന്നീട് ടിക് ടോക്ക് മെസ്സേജിലൂടെ ഏറെക്കാലത്തിനുശേഷമാണ്  പരിചയപ്പെട്ടത് എന്നും   പെൺകുട്ടി പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തി നിരവധി നഗ്നനചിത്രങ്ങൾ മൊബൈൽ ഫോണിൽ അയപ്പിച്ച് വിവിധ സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കി.   

തെക്കൻ ജില്ലകളിൽ ഉള്ള 12 മുതൽ 18 വയസ്സുള്ള നിരവധി  പെൺകുട്ടികളെ ഇയാൾ വലവീശി സൗഹൃദത്തിലാക്കിയിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളിൽ തിരഞ്ഞ് ഡി പി ചിത്രം നോക്കിയാണ് ഇയാൾ പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നത്. ഇൻസ്‌പെക്ടർ കെ എം ബിജു, എസ് ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പൊന്നാനി ബീച്ചിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാന്റ് ചെയ്തു.