പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലാണ് പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ കണ്ണന്‍ എസ് മോഹന്‍ (മായക്കണ്ണന്‍-21) ചാത്തന്നൂർ പൊലീസിന്‍റെ പിടിയിലായത്. 

തിരുവന്തപുരം: പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച പീഡനത്തിന് ഇരയാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന മായക്കണ്ണൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത് സംഭവത്തിൽ പിടിയിൽ. പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലാണ് പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ കണ്ണന്‍ എസ് മോഹന്‍ (മായക്കണ്ണന്‍-21) ചാത്തന്നൂർ പൊലീസിന്‍റെ പിടിയിലായത്. 

പാരിപ്പള്ളിയിലെ ഒരു സിനിമാ തീയേറ്ററിലെ ജീവനക്കാരനാണ് മായകണ്ണൻ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ പ്രണയം നടിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച് മായക്കണ്ണൻ പീഡനത്തിനിരയാക്കി. തുടര്‍ന്നുണ്ടായ മനോവിഷമത്താലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതു എന്നാണ് പൊലീസ് പറയുന്നത്.

സിനിമാ തിയേറ്ററിലെത്തുന്നതും സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുന്നതുമായ പെണ്‍കുട്ടികളുമായി പ്രതി അടുപ്പം സ്ഥാപിക്കും. തുടര്‍ന്ന് പെണ്‍കുട്ടികളുടെ ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മുറിയെടുത്ത് പീഡനത്തിനിരയാക്കും. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കും. പ്രതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് ഒട്ടേറെ പെണ്‍കുട്ടികളെ കബളിപ്പിച്ചതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ചാത്തന്നൂർ പൊലീസ് പറഞ്ഞു.