കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് അറസ്റ്റില്‍. കോഴിക്കോട് മായനാട് സ്വദേശി സജീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈക്കിളില്‍ വരികയായിരുന്ന പെണ്‍കുട്ടിയോട് മോട്ടോര്‍ സൈക്കിളിലെത്തിയ സജീഷ്  വണ്ടി നിര്‍ത്തി സംസാരിക്കുകയും മൊബൈലിലുണ്ടായിരുന്ന നഗ്ന ദൃശ്യങ്ങള്‍ കാണിക്കുകയുമായിരുന്നു.

കോഴിക്കോട് കാക്കൂരില്‍ നരിക്കുഴിക്കടുത്താണ് സംഭവം നടന്നത്. പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയുമായി സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി. പെണ്‍കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ചതായി പറയപ്പെട്ട സ്ഥലത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതി കുടുങ്ങിയത്. 

തുടര്‍ന്ന് പൊലീസ് സജീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചു. സജീഷിന്‍റെ മൊബൈല്‍ ഫോണില്‍ നിന്നും അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

"