ചെങ്ങന്നൂര്‍: ആലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. 
തിരുവൻവണ്ടൂർ സ്വദേശി വിഷ്ണു നെയാണ് ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതി പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ലോക് ഡൗൺ സമയത്ത് പെൺകുട്ടി തന്‍റെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് സംഭവം. ഈ സമയത്താണ് പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുന്നത്. നിരന്തരം പ്രണയ അഭ്യർത്ഥന നടത്തുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയും യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നു. 

തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ഇതേത്തുടർന്ന് ചെങ്ങന്നൂർ പൊലീസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. സംഭവം അറിഞ്ഞ പ്രതിയും കുടുംബവും ഇന്നലെ വീട്ടിൽ നിന്ന് മുങ്ങി. 

പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് ബന്ധുവീട്ടിൽ നിന്നുമാണ് യുവാവിനെ അറസ്റ്റു ചെയ്തത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.