കോഴിക്കോട്: മാരക ലഹരിമരുന്നായ 25 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവുമായും എഞ്ചിനിയറിംഗ് ബിരുദധാരിയായ യുവാവ് കോടഞ്ചേരി പൊലിസിന്റെ പിടിയിലായി. ഗൂഡല്ലുര്‍ സ്വദേശിയായ നിഷാന്താണ്(25) പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്പി കെ പി  അബ്ദുള്‍റസാഖിന് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തില്‍ കോടഞ്ചേരി എസ്‌ഐ  കെ പി അഭിലാഷും ജില്ലാ ലഹരി വിരുദ്ധ സ്വാകാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ മയക്ക് മരുന്ന് വില്പനക്കെത്തിയപ്പോഴാണ് പ്രതി പൊലീസ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ഒന്നര ലക്ഷം രൂപ വില വരും. 

ബാംഗ്ലൂര്‍ ലഹരി മരുന്ന് ശൃംഖലയില്‍ 'സ്‌നേക്ക് മാന്‍' എന്ന രഹസ്യ പേരിലാണ് പ്രതി ലഹരിമരുന്ന് വില്പനക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ബാംഗ്ലൂര്‍ കേന്ദ്രികരിച്ചുള്ള വന്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് യുവാവ്. ന്യു ജനറേഷന്‍ സിന്തറ്റിക് ഡ്രഗ്സ്സിന്‍ പെടുന്ന എംഡിഎംഎ വിദേശത്തു നിന്ന് ഓണ്‍ലൈന്‍ ആയും ബാംഗ്ലൂരില്‍ താമസിക്കുന്ന അഫ്രിക്കന്‍ സ്വദേശികളില്‍ നിന്നും മൊത്തമായുമടുത്ത് വ്യാപാരം നടത്തുന്ന മലയാളി സംഘത്തിന്റെ പ്രധാനിയാണ് പ്രതി. 

യുവാക്കള്‍ക്കിടയില്‍ കഞ്ചാവിനെ മറികടന്ന് ന്യു ജനറേഷന്‍ ലഹരിമരുന്ന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.ഇതിന് കാരണം ഒറ്റ ഉപയോഗത്തിന്‍ തുടര്‍ച്ചയായി പത്ത് മണിക്കൂറോളം കടുത്ത ലഹരി ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യകത.  ഇത്തരം ലഹരിമരുന്നിന്ന് കേരളത്തില്‍ ഗ്രാമിന് 4000 രൂപ വിലയുണ്ട്. പിടിച്ചെടുത്ത എംഡിഎംഎക്ക് ഒരു ലക്ഷം രുപ വില വരും. ചോദ്യം ചെയ്തതില്‍ കൊക്കയില്‍, എല്‍എസ്ഡി, പില്‍സ്, ഹാഷിഷ് ,കഞ്ചാവ്, എംഡിഎംഎ എന്നിവ മൊത്തത്തില്‍ എടുത്ത് വില്പന നടത്താറുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. 

ബാംഗ്ലൂരിലെ ലഹരി കടത്ത് സംഘത്തിലൈ പ്രധാനികള്‍ ഭൂരിഭാഗവും അഭ്യസ്ഥവിദ്യരായ മലയാളി യുവാക്കളാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇയാള്‍ കേരളത്തില്‍ മുന്‍പ് നിരവധി തവണ ലഹരി മരുന്ന് വില്പന നടത്തിയിട്ടുണ്ട്.  ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് എസ്‌ഐമാരായ രാജീവ് ബാബു, വി കെ സുരേഷ്, ഐസ്‌ഐ  ഷിബില്‍ ജോസഫ്, സീനിയര്‍ സിപിഒ ജിനേഷ് കുര്യന്‍, കോടഞ്ചേരി സ്റ്റേഷനിലെ സീനിയര്‍ സിപിഒ അഷ്‌റഫ്. സിപിഒമാരായ രാകേഷ്, സ്മിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.