ഇത്രയധികം അളവില്‍ ഹാപ്പിനെസ് പില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമാണ്. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ ജ്യൂസിലും മദ്യത്തിലും കലര്‍ത്തി നല്‍കുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടിച്ചെടുത്തത്

ടാറ്റൂ സ്ഥാപനങ്ങളില്‍ വലിയ തോതില്‍ ലഹരി വില്‍പന നടക്കുവെന്ന രഹസ്യ സൂചനയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യാനായി വ്യാപകമായി ഉപയോഗിക്കുന്ന നിരോധിത മയക്കുമരുന്ന്. തൃശ്ശൂര്‍ സിറ്റി ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായത്. മാടക്കത്തറ വെള്ളാനിക്കര സ്വദേശി മൂലേക്കാട്ടില്‍ വൈഷ്ണവാണ് അറസ്റ്റിലായത്. 50 ഗുളികയും ക്രിസ്റ്റല്‍ പാക്കറ്റുമാണ് വൈഷ്ണവിന്‍റെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.

ഇത്രയധികം അളവില്‍ ഹാപ്പിനെസ് പില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്ന് പിടികൂടുന്നത് ആദ്യമാണ്. പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവരറിയാതെ ജ്യൂസിലും മദ്യത്തിലും കലര്‍ത്തി നല്‍കുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പെണ്‍കുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യാന്‍ ഈ നിരോധിത മയക്കുമരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ക്രിസ്റ്റല്‍ രൂപത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നായ മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ പാര്‍ട്ടി ഡ്രഗ് എന്ന പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്.

മെത്ത്, കല്ല് പൊടി, കല്‍ക്കണ്ടം എന്നീ പേരുകളിലും ഇവ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. വായിലൂടെയും മൂക്കിലൂടെയും ഇന്‍ജക്ഷന്‍ രൂപത്തിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. ഉപയോഗിച്ച് അരമണിക്കൂറിനുള്ളില്‍ നാഡിവ്യൂഹത്തെ ബാധിക്കാന്‍ കഴിയുന്ന വിധം മാരകമാണ് ഇവ. പാര്‍ട്ടികള്‍ക്കെത്തുന്ന പെണ്‍കുട്ടികളെ മയക്കാനും ഇതിന് പിന്നാലെ ലൈംഗികമായി ദുരുപയോഗിക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്.

അന്യസംസ്ഥാനത്തുനിന്നും മലയാളികള്‍ മുഖേനയാണ് വൈഷ്ണവിന് ഈ മയക്കുമരുന്ന് ലഭിച്ചിട്ടുള്ളതെന്നാണ് വിവരം. വൃക്കയ്ക്കും ഹൃദയത്തിനും തുടര്‍ച്ചയായ ഉപയോഗം കൊണ്ട് സാരമായ കേടുപാടുകള്‍ സൃഷ്ടിക്കുന്നവയാണ് ഈ ഹാപ്പിനെസ് പില്‍സ്. തൃശ്ശൂരിലെ ചില മാളുകളിലും ടാറ്റൂ സ്ഥാപനങ്ങളിലും ഇതിന്‍റെ വ്യാപാരം നടക്കുന്നതായി സൂചന ലഭിച്ചതിനേ തുടര്‍ന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐപിഎസിന്‍റെ നിര്‍ദ്ദേശമനുസരിച്ച് റെയ്ഡ് നടന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona