ദില്ലിയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമാണ് പിടിയിലായ യുവാവെന്ന് പൊലീസ് പറഞ്ഞു.

കാസര്‍കോട്: സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് കാസര്‍കോട് അറസ്റ്റില്‍. അന്തര്‍സംസ്ഥാന മയക്കുമരുന്ന് സംഘത്തിലെ കണ്ണിയായ ചെങ്കള സ്വദേശി ഫവാസാണ് 130 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഒരാഴ്ചക്കിടയില്‍ ഇത് മൂന്നാം തവണയാണ് ജില്ലയില്‍ നിന്ന് എംഡിഎംഎ പിടുകൂടുന്നത്.

ദില്ലിയില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ അംഗമാണ് പിടിയിലായ ഫവാസെന്ന് പൊലീസ് പറയുന്നു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത 130 ഗ്രാം എംഡിഎംഎയ്ക്ക് വിപണിയില്‍ പത്ത് ലക്ഷത്തോളം രൂപ വില വരും. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ചെങ്കള സ്വദേശിയായ 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കാറില്‍ കടത്തുകയായിരുന്ന 196 ഗ്രാം എംഡിഎംഎയുമായി നാല് പേരെ കുണ്ടാറില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ബംഗളൂരുവില്‍ നിന്ന് വിതരണത്തിന് കൊണ്ട് വന്നതാണെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. ശനിയാഴ്ച ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുള്ളറ്റില്‍ കടത്തുകയായിരുന്നു എംഡിഎംഎയും പിടികൂടിയിരുന്നു.

സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ കാസര്‍കോട് ജില്ലയില്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍ സജീവമാണെന്നാണ് പൊലീസും എക്സൈസും പറയുന്നത്. എളുപ്പത്തില്‍ ഒളിപ്പിച്ച് കടത്താന‍് കഴിയും എന്നതിനാലാണ് ഈ രാസമയക്കുമരുന്ന് വില്‍പ്പന കൂടുതല്‍ സജീവം.ജില്ലയില്‍ മയക്കുമരുന്ന് ഇടപാടുകള്‍ കൂടിയതോടെ പരിശോധന ശക്തമാക്കാനാണ് എക്സൈസിന്‍റേയും പൊലീസിന്‍റേയും തീരുമാനം.