ബെംഗളൂരു: ബെംഗളൂരുവിൽ നാലംഗ സംഘം 25 കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും എടിഎമ്മിൽ നിന്ന് പണം പിൻവലിപ്പിക്കുകയും ചെയ്തതായി പരാതി. കെ ആർ പുരം സ്വദേശി ആസിഫ് ആണ് പരാതി നൽകിയത്. ആസിഫിന്റെ സ്കൂട്ടറും തട്ടിപ്പുസംഘം കൊണ്ടുപോയതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ച രാത്രി ഒരു മണിയോടെയാണ് സംഭവം.

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേയ്ക്ക് വരുന്ന സമയത്ത് വാഹനത്തിൽ പെട്രോൾ തീർന്നുപോയതിനെ തുടർന്ന് ഓൾഡ് മദ്രാസ് റോഡിൽ വാഹനം നിർത്തിയിട്ടു. ഈ സമയത്താണ് സഹായം വാഗ്ദാനം ചെയ്ത് നാലു പേർ തന്നെ സമീപിച്ചതെന്ന് ആസിഫ് പറയുന്നു. നിർത്തിയിട്ട കാറിൽ നിന്ന് ഇറങ്ങിവന്ന അവർ അടുത്തുള്ള പെട്രോൾ ബങ്കിൽ ഇറക്കാമെന്നു പറഞ്ഞെങ്കിലും താൻ സഹായം നിരസിക്കുകയായിരുന്നു എന്ന് ആസിഫ് വ്യക്തമാക്കുന്നു. തുടർന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും കഴുത്തിലുണ്ടായിരുന്ന ചെയിൻ ഊരിയെടുക്കുകയും ചെയ്തു. ഇതിനിടെ സംഘത്തിലുള്ള ഒരാൾ കാറിൽ പോയി പെട്രോൾ വാങ്ങി തിരിച്ചെത്തി വാഹനത്തിലൊഴിച്ച് ഓടിച്ചു നോക്കുന്നുണ്ടായിരുന്നു.

ആസിഫിന്റെ കൈയ്യിൽ എടിഎം കാർഡ് ഉള്ളതായി ശ്രദ്ധയിൽപ്പെട്ടയുടനെ നാലുപേരും ചേർന്ന് അടുത്തുള്ള എടിഎം കേന്ദ്രത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പണം പിൻവലിക്കാൻ പറഞ്ഞപ്പോൾ തെറ്റായ പിൻ നമ്പർ അടിച്ചെന്നു മനസ്സിലായതോടെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. പിന്നീട് നിവൃത്തിയില്ലാതെ കൈയ്യിലുള്ള പണം മുഴുവൻ പിൻവലിച്ചു സംഘത്തിനു നൽകുകയായിരുന്നുവെന്ന് ആസിഫ് പറയുന്നു. പോലീസിൽ പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം തന്റെ സ്കൂട്ടറുമായാണ് കടന്നുകളഞ്ഞതെന്നും ആസിഫ് പറയുന്നു. സംഭവത്തിൽ ആവലഹള്ളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.