തിരുവനന്തപുരം: തിരുവനന്തപുരം കുളത്തൂരില്‍ യുവാവിന് നടുറോഡില്‍ മര്‍ദ്ദനം. കുളത്തൂര്‍ സ്വദേശി അജിക്കാണ് മര്‍ദ്ദനമേറ്റത്. ഗ്രാമപഞ്ചായത്ത് അധ്യക്ഷയുടെ ഭർത്താവ് ജയചന്ദ്രനാണ് മർദ്ദിച്ചത്. ചിട്ടിപ്പണം ചോദിച്ചതിന്‍റെ പേരില്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ജയചന്ദ്രനെതിരെ പൊലീസ് കേസെടുത്തു.

കോണ്‍ഗ്രസ് നേതാവും  ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റുമായ ബിന്‍സിയുടെ  ഭര്‍ത്താവ് ജയചന്ദ്രനാണ് കുളത്തൂര്‍ സ്വദേശിയായ അജി എന്ന യുവാവിനെ ക്രൂരമായ മര്‍ദിച്ചത്. ജയചന്ദ്രന്‍ നടത്തുന്ന ചിട്ടിയില്‍ താന്‍ അംഗമായിരുന്നെന്നും ചിട്ടിയില്‍ അടച്ച തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിലാണ് മര്‍ദനമെന്നുമാണ് അജിയുടെ പരാതി.

മരക്കഷണം കൊണ്ടുളള അടിയേറ്റ് അജിക്ക് കാലിന് സാരമായ പരുക്കുണ്ട്. എന്നാല്‍ അജി പതിവായി തന്‍റെ വീട്ടുപടിക്കലെത്തി ശല്യം ചെയ്യുമായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്  പ്രതികരിച്ചു. കഴിഞ്ഞ ദിവസവും തന്‍റെ വീട്ടുപടിക്കലെത്തി ശല്യം ചെയ്തത് ഭര്‍ത്താവ് ചോദ്യം ചെയ്യുകയായിരുന്നെന്നും ഇതെ തുടര്‍ന്നാണ് മര്‍ദനമുണ്ടായതെന്നും ബിന്‍സി ജയചന്ദ്രന്‍ വിശദീകരിക്കുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കുളത്തൂര്‍ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തു.