കോഴിക്കോട്: വാഹനത്തിന്‍റെ അമിതവേഗം ചോദ്യംചെയ്തതിന്‍റെ പേരില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ യുവാവ് മരിച്ചു. വടകര ചോറോട് സ്വദേശി സി.കെ വിനോദാണ് മരിച്ചത്. വിനോദിനെ മർദ്ദിച്ച ടൂറിസ്റ്റ് വാഹനത്തിലെ ഡ്രൈവറെയും സഹായിയെയും മാഹി പൊലീസ് അറസ്റ്റ് ചെയ്തു.

മാഹിയില്‍ വച്ച് തിങ്കളാഴ്ച രാത്രിയാണ് വിനോദും സുഹൃത്തും അക്രമിക്കപ്പെട്ടത്. സുഹൃത്തിനൊപ്പം മാഹി സര്‍ക്കാര്‍ ആശുപത്രിക്കു സമീപം ദേശീയ പാതയിലൂടെ നടന്നുപോകുമ്പോൾ അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് വാനിനെതിരെ വിനോദ് പ്രതിഷേധിച്ചു. വാഹനം നിര്‍ത്തി ഇറങ്ങി വന്ന ഡ്രൈവറും സഹായിയും ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു.

മര്‍ദ്ദനത്തെത്തുടര്‍ന്ന് റോഡില്‍ വീണ് തലയ്ക്ക് സാരമായി പരിക്കേറ്റ വിനോദിനെ ആദ്യം മാഹി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഴിയൂര്‍ സ്വദേശികളായ ഫര്‍സല്‍, ഷിനാസ് എന്നിവരെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറെ കാലം ഗള്‍ഫിലായിരുന്ന വിനോദ് അടുത്തിടെ നാട്ടിലെത്തിയ ശേഷം നിര്‍മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു.