മലപ്പുറം: സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന്‍റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് ഭീഷണിപെടുത്തുന്നുവെന്ന് യുവാവിന്‍റെ പരാതി. സിപിഎം നേതാവായ മലപ്പുറം വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത് സിപിഎം പ്രവര്‍ത്തകൻ തന്നെയാണ്.

മരുത വേങ്ങപ്പാടം സുരേഷാണ് പരാതിക്കാരൻ. വീടിനു സമീപത്ത് ഭിന്നശേഷിക്കാര്‍ക്കായി പഞ്ചായത്ത് പണികഴിച്ച പുനരധിവാസ കേന്ദ്രം തുറന്നുകാടുക്കാതെ കിടക്കുകയാണെന്ന് സുരേഷ് പറഞ്ഞു.ഇത് പാര്‍ട്ടിക്ക് നാണക്കേടാണെന്ന് സിപിഎം പ്രവര്‍ത്തകൻ എന്ന നിലയില്‍ പല തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും പഞ്ചായത്ത് പ്രസിഡന്റ് ഗൗരവത്തിലെടുത്തില്ല. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്‍റെ അനാസ്ഥക്കെതിരെ ഫെസ്ബുക്കില്‍ കമന്‍റിട്ടു.

തൊഴിലുറപ്പു ജോലിയുമായി ബന്ധപെട്ട കാര്യം സംസാരിക്കാൻ ചെന്നപ്പോള്‍ തന്നേയും പഞ്ചായത്ത് പ്രസിഡന്റ് ഭീഷണിപെടുത്തിയെന്ന് സുരേഷിന്‍റെ അമ്മ പറഞ്ഞു.  എന്നാല്‍ ആരോപണം പഞ്ചായത്ത് പ്രസിഡന്റ് ഇ സുകു നിഷേധിച്ചു. സുരേഷ് പഞ്ചായത്ത് സ്ഥലം കയ്യേറിയെന്നും അത് ചൂണ്ടിക്കാണിച്ചതിന്‍റ വിരോധത്തില്‍ നിരന്തരം അപമാനിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്‍റെ അമ്മയുടെ പരാതിയില്‍ വഴിക്കടവ് പൊലീസ് കേസെടുത്ത് അന്വേഷണം നത്തുന്നുണ്ട്.