വിവാഹ നിശ്ചയ ശേഷം വിഷ്ണു വധുവിന്റെ വീട്ടിലെത്തുകയും തന്നോടൊപ്പം പുറത്തു പോകാൻ ക്ഷണിക്കുകയും ചെയ്തു.  ഇത് ഭാര്യ വീട്ടുകാർ വിലക്കിയതോടെ വിഷ്ണു അസഭ്യം പറയുകയും ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മഞ്ചേരി: വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാന്റിൽ കഴിയുന്ന പ്രതിശ്രുത വരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. തിരൂരങ്ങാടി മൂന്നിയൂർ കുന്നത്ത്പറമ്പിൽ താഴെ പേച്ചേരി വിഷ്ണു (23)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ പി ജോൺ തള്ളിയത്. വെളിമുക്ക് പടിക്കൽ പൊറാട്ട്മാട്ടിൽ സുകുമാരന്റെ മകൾ സംഗീത (21) ആണ് സ്വന്തം വീട്ടീലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. 2019 ഡിസംബർ എട്ടിനാണ് സംഭവം. 

വിഷ്ണുവിന്റെയും സംഗീതയുടെയും വിവാഹം 2020 ഏപ്രിൽ 11ന് നടത്താൻ ഇരുവീട്ടുകാരും ഇക്കഴിഞ്ഞ നവംബർ ഒമ്പതിന് നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയ ശേഷം വിഷ്ണു വധുവിന്റെ വീട്ടിലെത്തുകയും തന്നോടൊപ്പം പുറത്തു പോകാൻ ക്ഷണിക്കുകയും ചെയ്തു. ഇത് ഭാര്യ വീട്ടുകാർ വിലക്കിയതോടെ വിഷ്ണു അസഭ്യം പറയുകയും ദേഹത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിലുള്ള മനോവിഷമം മൂലം സംഗീത ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. ഭാര്യ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരങ്ങാടി പൊലീസ് ഡിസംബർ 14ന് പ്രതിയെ അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ജെ എഫ് സി എം കോടതി റിമാന്റ് ചെയ്യുകയായിരുന്നു.