നിലമ്പൂര്‍: മലപ്പുറം പോത്തുകല്ലില്‍ 15 വർഷം മുമ്പ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് നിരന്തരം മര്‍ദ്ദിക്കുന്നുവെന്ന് യുവാവിന്‍റെ പരാതി. മര്‍ദ്ദിച്ചും ഭീഷണിപെടുത്തിയും കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുയാണ് യുവാവും കുടുംബവും.
 
പോത്തുകല്ല് സ്വദേശി മൂസയും കുടുംബവുമാണ് ക്രൈം ബ്രാഞ്ചിനെതിരെ പരാതിയുമായി രംഗത്തുള്ളത്. 2005 ജൂലൈ 18 ന് നിലമ്പൂര്‍ പൊത്തുകല്ലിൽ ഏറമ്പാടത്ത് ഹൈദ്രു എന്ന എഴുപതുകാരൻ തലക്ക് കല്ലുകൊണ്ട് തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ലോക്കല്‍ പൊലീസ് ആദ്യം ആന്വേഷിച്ച കേസ് തുമ്പുണ്ടാക്കാൻ കഴിയാതെ വന്നതോടെ പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഈ കേസില്‍ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നുവെന്നാണ് മൂസയുടെ പരാതി. 

കൊലപാതകം നടന്ന കാലത്ത് മൂസക്ക് 20 വയസായിരുന്നു പ്രായം. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുകൂടി സുഹൃത്തിനെ കാണാൻ പോയതാണ് കുറ്റാരോപിതരുടെ പട്ടികയിൽ മകൻ ഉൾപ്പെടാൻ കാരണമെന്ന് മൂസയുടെ പിതാവ് പറഞ്ഞു. എന്നാല്‍ ചോദ്യം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ വിശദീകരണം. കൊലപാതക കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെന്ന് സംശയിക്കുന്നവരുടെ കൂട്ടത്തിലുള്ള മൂസ കേസന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.