ലഖ്‌നൗ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടിന്റെ മുന്നില്‍ തുപ്പുന്നത് ചോദ്യം ചെയ്തതിലുള്ള ദേഷ്യത്തില്‍ അയല്‍വാസി പ്രാവുകളെ കൂട്ടത്തോടെ കൊന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. കൂട്ടിലിട്ടിരുന്ന 11 പ്രാവുകളെ കല്ല് കൊണ്ടാണ് യുവാവ് കൊന്നതെന്ന് പൊലീസ് പറയുന്നു.

ബാഗ്പത് സ്വദേശിയായ ധര്‍മ്മപാല്‍ സിങ്ങിന്റെ വീട്ടിലെ പ്രാവുകളെയാണ് യുവാവ് കൊന്നത്. വീടിന്റെ മേല്‍ക്കൂരയില്‍ കയറി കൂട്ടിലിട്ടിരുന്ന പ്രാവുകളെ കല്ല് കൊണ്ട് ഇടിച്ച് കൊല്ലുകയായിരുന്നുവെന്ന് ഇയാളുടെ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം പ്രതിയായ രാഹുല്‍ സിങ് ഒളിവിലാണ്.

രാഹുല്‍ തന്റെ വീടിന്റെ മുന്നില്‍ തുപ്പുന്നത് പതിവാണെന്ന് ധര്‍മ്മപാല്‍ സിങ് പറയുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് നിരോധിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് യുവാവിനെ തുപ്പുന്നതില്‍ നിന്ന് ധര്‍മ്മപാല്‍ സിങ് വിലക്കിയത്. ഇതിലുളള ദേഷ്യമാണ് പ്രാവുകളെ കൂട്ടത്തോടെ കൊല്ലുന്നതില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.