'അവര്‍ വിദ്യാഭ്യാസമുള്ളവരായിരുന്നു. ജാതിയുടെ പേരില്‍ സ്വന്തം മകളുടെ ഭര്‍ത്താവിനെ അവര്‍ കൊലപ്പെടുത്തുമെന്ന് കരുതിയില്ല. ഹൈദരബാദ് പോലെയുള്ള ഒരു വലിയ നഗരത്തില്‍ എൻറെ ഭര്‍ത്താവ് ജാതിയുടെ പേരില്‍ കൊല ചെയ്യപ്പെടുമെന്ന് കരുതിയില്ല'. രൂക്ഷമായ ജാതി വ്യവസ്ഥയുടെ ചിത്രം വ്യക്തമാക്കുന്നതാണ് അവന്തി റെഡ്ഢി എന്ന യുവതിയുടെ പ്രതികരണം. ജാതി മാറി വിവാഹിതയായ അവന്തി റെഡ്ഢിയുടെ ഭര്‍ത്താവ് ഹേമന്ത് കുമാര്‍ വ്യാസ് സെപ്തംബര്‍ 24നാണ് കൊല്ലപ്പെട്ടത്. 

അവന്തിയുടെ ബന്ധുക്കളാണ് ഇവരുടെ വാടകവീട്ടില്‍ നിന്ന് ഇവരെ വലിച്ചിഴച്ച് കൂട്ടിക്കൊണ്ട് പോയത്. വഴിയില്‍ വച്ച് കാറ് മാറുന്നതിനിടയില്‍ അവന്തി റെഡ്ഢി ഓടി രക്ഷപ്പെട്ട് പൊലീസില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ 28കാരനായ ഹേമന്ത് കുമാര്‍ വ്യാസിനെ അവന്തിയുടെ ബന്ധുക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവം ദുരഭിമാനക്കൊലയെന്നാണ് പൊലീസ് വിശദമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ അവന്തി റെഡ്ഢിയുടെ പിതാവ് ഡി ലക്ഷ്മി റെഡ്ഢിയും അമ്മ അര്‍ച്ചനയും ഉള്‍പ്പെടും. ഇവര്‍ വാടകയ്ക്ക് ഏര്‍പ്പെടുത്തിയ കൊലയാളികളാണ് ഹേമന്തിനെ ശ്വാസം മുട്ടിച്ച് കൊന്നതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്

സാമ്പത്തികമായി മികച്ച നിലയിലുള്ള കുടുംബങ്ങളായിരുന്നു അവന്തിയുടേയും ഹേമന്തിന്‍റേയും.  ഇരുപത്തിമൂന്നുകാരിയായ അവന്തിയും ഇരുപത്തിയെട്ടുകാരനായ ഹേമന്ദും ഒളിച്ചോടി ജൂണ്‍ 10 നാണ് വിവാഹിതരായത്. കൌമാരകാലം മുതല്‍ പ്രണയിച്ചിരുന്ന ഇവരെ പരസ്പരം കാണാതിരിക്കാനുള്ള നടപടികള്‍ അവന്തിയുടെ വീട്ടുകാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ വീട്ടു തടങ്കലില്‍ നിന്ന് രക്ഷപ്പെട്ടാണ് അവന്തി വിവാഹിതയായത്. വിവാഹ ശേഷം വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഹൈദരബാദിലെ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വിവാഹ ശേഷം വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതിനേക്കുറിച്ച് അവന്തിയുടെ പരാതിയില്‍ പൊലീസ്  ലക്ഷ്മി റെഡ്ഢിയേയും അമ്മ അര്‍ച്ചനയേയും പൊലീസ് കൌണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. അന്ന് അവന്തിയേയും ഭര്‍ത്താവിനേയും ഉപദ്രവിക്കില്ലെന്ന് പറഞ്ഞ് മടങ്ങിയ രക്ഷിതാക്കള്‍ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താനായി വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയായിരുന്നു.