ബെംഗളൂരു : നഗരത്തിലെ പോഷ് ഏരിയയായ വൈറ്റ് ഫീൽഡിലെ തങ്ങളുട ഫ്ലാറ്റിൽ വർഷങ്ങളായി സകുടുംബം കഴിഞ്ഞുകൊണ്ടിരുന്നവരാണ് ചാർട്ടേർഡ് അക്കൗണ്ടന്റായ അമിത് അഗർവാളും ഹോം മേക്കർ ആയ ശില്പി ധൻധാനിയയും. പത്തുവയസ്സുള്ള ഒരു മകനും അവർക്കുണ്ടായിരുന്നു. വിവാഹത്തിന്റെ തുടക്കം മുതലേ ഉണ്ടായിരുന്ന പൊരുത്തക്കേടുകൾ, കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിന്റെ പാരമ്യത്തിൽ എത്തിയിട്ടുണ്ടായിരുന്നു. പോകെപ്പോകെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ വഴക്കുകൾ പതിവായി മാറിയിരുന്നു. വിവാഹ മോചനത്തിന്റെ വക്കിലെത്തി നിൽക്കുകയായിരുന്നു ആ ദമ്പതികൾ. 

ഭാര്യാഭർത്താക്കന്മാർക്കിടയിൽ വഴക്കുകളുണ്ടാവുക അസാധാരണമായ ഒരു കാര്യമല്ല. വിവാഹമോചനങ്ങളും നമ്മുടെ നാട്ടിൽ പുതുമയല്ല. എന്നാൽ, അമിത്തിനും ശിൽപ്പിക്കും ഇടയിൽ നടന്നത് ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ്. കഴിഞ്ഞ ദിവസം തന്റെ ഭാര്യയുമായുണ്ടായ ഒരു വഴക്കിനൊടുവിൽ കലിമൂത്ത് തന്റെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോയ അമിത് നേരെ ടാക്സിപിടിച്ച് ചെന്നത് ബെംഗളൂരു വിമാനത്താവളത്തിലേക്കാണ്. അവിടെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് വാങ്ങി അയാൾ, കൊൽക്കത്തയിലേക്ക് വിമാനം പിടിച്ചു. എയർപോർട്ടിൽ നിന്ന് വീണ്ടും ഒരു പ്രീപെയ്ഡ് ടാക്സി പിടിച്ച് വൈകുന്നേരം ഏതാണ്ട് അഞ്ചരയോടെ ഫൂൽബാഗാൻ പ്രദേശത്തുള്ള ഒരു ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന എഴുപതുവയസ്സു പ്രായമുള്ള തന്റെ ഭാര്യാമാതാവ് ലളിതയെ വെടിവച്ചു കൊന്നു കളഞ്ഞു അയാൾ. അടുത്തതായി, തന്റെ ഭാര്യാപിതാവ് സുഭാഷിന് നേരെയും അയാൾ വെടിയുതിർത്തു എങ്കിലും, അദ്ദേഹം ഒഴിഞ്ഞു മാറി ഫ്ലാറ്റിനു വെളിയിൽ കടന്ന്, വാതിൽ പുറത്തു നിന്ന് പൂട്ടിയത് കൊണ്ട് രക്ഷപ്പെട്ടു. പിന്നീട് പൊലീസ് എത്തിയപ്പോൾ കണ്ടത് വെടിയേറ്റു മരിച്ചു കിടക്കുന്ന വയോധികയെയും അടുത്തു തന്നെ ചോരയിൽക്കുളിച്ചുകിടക്കുന്ന അവരുടെ മരുമകനെയുമാണ്. അകത്ത് പെട്ടുപോയ അമിത് സ്വന്തം തലയിലേക്ക് വെടിയുതിർത്ത് ആത്മാഹുതി ചെയ്യുകയായിരുന്നു. 

മൃതദേഹത്തിന്റെ അടുത്തുനിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പ് പരിശോധിച്ചപ്പോഴാണ് പൊലീസും നാട്ടുകാരും വീണ്ടും ഒരിക്കൽ കൂടി ഞെട്ടിയത്. ബെംഗളുരുവിലുള്ള തന്റെ ഭാര്യയെ വെടിവെച്ചു കൊന്ന ശേഷമാണ് യുവാവ് വിമാനത്തിലേറി, ഭാര്യയുടെ അച്ഛനമ്മമാരെ കൊല്ലുക എന്ന ലക്ഷ്യത്തോടെ കൊൽക്കത്തയിലേക്ക് വന്നത്. അതേത്തുടർന്ന് കർണാടക പൊലീസിലെ ഓഫീസർമാർ ചേർന്ന് ബംഗളുരുവിലെ വൈറ്റ് ഫീൽഡിലുള്ള യുവാവിന്റെ ഫ്ലാറ്റ് പരിശോധിക്കുകയും അവിടെ നിന്ന് ഭാര്യയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. മകൻ ഇപ്പോൾ എവിടെയാണ് എന്നകാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എങ്കിലും കുട്ടി സുരക്ഷിതനാണ് എന്ന് കൊൽക്കത്ത പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.