ദില്ലി: ദില്ലിയിൽ സുഹൃത്തിന്റെ ഭാര്യയോട് പ്രണയാഭ്യർത്ഥന നടത്താനെത്തിയ യുവാവ് സ്വയം വെടിവെച്ചു. ദില്ലി നരേലയിലെ സ്വർണജയന്തി വിഹാറിലാണ് സംഭവം. കോട്ല മുകാർപുർ സ്വദേശിയായ വിക്കി എന്ന 27 കാരനാണ് നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നരേലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു വിക്കി. ഈ സുഹൃത്ത് ഇപ്പോൾ ജയിലിലാണ്. വീട്ടിലേക്കുള്ള നിരന്തര സന്ദർശനത്തിനിടെ വിക്കിക്ക് സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നുകയായിരുന്നു. 

എന്നാൽ പ്രണയം വെളിപ്പെടുത്താൻ അവസരം കിട്ടിയില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സുഹൃത്തിന്റെ വീട് സന്ദർശിക്കാനും പറ്റാതെയായി. യുവതിയെ കാണാതിരിക്കാൻ കഴിയാതെ ആയതോടെ കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും സുഹൃത്തിന്റെ വീട്ടിലെത്തി. ഇതിനായി ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചു 40 കിലോമീറ്ററാണ് വിക്കി സഞ്ചരിച്ചത്. മദ്യപിച്ചു ലക്ക് കെട്ട നിലയിൽ വീട്ടിലെത്തിയ വിക്കിയെ കാണാൻ യുവതിയും വീട്ടുകാരും വിസമ്മതിച്ചു. 

തുടർന്ന് വിക്കി വീടിന് പുറത്തു നിന്ന് ദീർഘ നേരം ബഹളം വച്ചതായി അയൽക്കാർ പറയുന്നു. എന്നിട്ടും യുവതിയോ വീട്ടുകാരോ വാതിൽ തുറക്കാതായതോടെ ഇയാൾ കൈവശം കരുതിയിരുന്ന തോക്കെടുത്ത് സ്വയം വെടി വെച്ചു. ചുമലിൽ വെടിയേറ്റ വിക്കിയെ ഉടൻ തന്നെ സമീപത്തെ ഹരിശ്ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് വിക്കി സ്വയം വെടി വെച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.