'തന്നെ ശല്യപ്പെടുത്തരുതെന്നും താൽപര്യമില്ലെന്ന് അറിയിച്ചിട്ടും ജിനീഷ് നിരന്തരം മകളെ പിന്തുടർന്നു. കുട്ടുകാരെ വിളിച്ച് പെൺകുട്ടി പോകുന്ന സ്ഥലങ്ങൾ മനസിലാക്കി അവിടെയുമെത്തിയെന്ന്' അമ്മ പറയുന്നു.

ന്യൂമാഹി: ന്യൂമാഹിയില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെതിരെ പെണ്‍കുട്ടിയുടെ അമ്മ. പ്രതിയായ ജിനീഷ് ബാബു തന്‍റെ മകള്‍ പൂജയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് അമ്മ ഇന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജിനീഷ് പൂജയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ പൂജ ഇത് നിരസിച്ചു. ഇതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്ന് അമ്മ ആരോപിക്കുന്നു.

ജിനേഷ് ബാബു മകളെ നിരന്തരം ശല്യം ചെയ്തിരുന്നു. മകള്‍ പഠിക്കുന്ന സ്ഥാപനത്തിലേക്കും വീട്ടിലേക്കുമെല്ലാം നിരന്തരം പിന്തുടർന്നു. ശല്യപ്പെടുത്തരുതെന്നും താൽപര്യമില്ലെന്ന് അറിയിച്ചിട്ടും ജിനീഷ് നിരന്തരം മകളെ പിന്തുടർന്നു. കൂട്ടുകാരെ വിളിച്ച് പെൺകുട്ടി പോകുന്ന സ്ഥലങ്ങൾ മനസിലാക്കി അവിടെയുമെത്തി. ശല്യം സഹിക്കവയ്യാതെ മകള്‍ ഇക്കാര്യങ്ങള്‍ എല്ലാം തന്നെ അറിയിച്ചിരുന്നു. എന്നാല്‍ പെൺകുട്ടിയുടെ ഭാവിയെ കരുതിയാണ് പൊലീസിൽ പരാതി നൽകാഞ്ഞതെന്ന് അമ്മ പറഞ്ഞു.

അതേസമയം ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ജിനീഷ് ബാബുവിനായി പൊലീസ് അന്വേഷണം ശക്തമാക്കി. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ന്യൂ മാഹിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് അമ്മയെയും മകളെയും കുത്തി വീഴ്ത്തിയത്. ന്യൂ മാഹി ഉസ്സന്‍മൊട്ട പരിസരത്ത് കുറിച്ചിയില്‍ ചാവോക്കുന്ന് താഴെ റെയില്‍പ്പാളത്തിന് സമീപത്ത് താമസിക്കുന്ന എംഎന്‍ പുഷ്പരാജിന്‍റെ ഭാര്യ ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കുമാണ് കുത്തേറ്റത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയ ജിനീഷ് പൂജയുടെ കഴുത്ത് ലക്ഷ്യമാക്കി കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത് തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്. അമ്മ തടഞ്ഞതോടെ കുത്ത് പൂജയുടെ തോളിനാണ് കൊണ്ടത്. ഇതോടെ ജിനീഷ് അമ്മയെയും കുത്തുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ അമ്മയും മകളും ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More : രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് അമ്മയെയും മകളെയും കുത്തി വീഴ്ത്തി, പ്രതി ഒളിവില്‍