രാത്രി എട്ടുമണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ജിനീഷ് പൂജയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്.

ന്യൂമാഹി: ന്യൂമാഹിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് അമ്മയെയും മകളെയും കുത്തി വീഴ്ത്തി. ന്യൂമാഹി ഉസ്സന്‍മൊട്ട പരിസരത്ത് കുറിച്ചിയില്‍ ചാവോക്കുന്ന് താഴെ റെയില്‍പ്പാളത്തിന് സമീപത്ത് താമസിക്കുന്ന എംഎന്‍ പുഷ്പരാജിന്‍റെ ഭാര്യ ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കുമാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മാഹി ചെറുകല്ലായി സ്വദേശിയായ ജിനീഷ് (24) ആണ് ഇവരെ ആക്രമിച്ചത്.

ബുധനാഴ്ച രാത്രി എട്ടുമണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ജിനീഷ് പൂജയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് തടഞ്ഞപ്പോഴാണ് അമ്മയ്ക്കും കുത്തേറ്റത്. പൂജയുടെ കഴുത്തിന് കുത്താനാണ് പ്രതി ശ്രമിച്ചതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. അമ്മ തടഞ്ഞതോടെ കുത്ത് പൂജയുടെ തോളിനാണ് കൊണ്ടത്. ഇതോടെ ജിനീഷ് അമ്മയെയും കുത്തുകയായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ അമ്മയെയും മകളെയും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. അമ്മയെയും മകളെയും ആക്രമിച്ച് കടന്നുകളഞ്ഞ ജിനീഷിനായി അന്വേഷണം ആരംഭിച്ചെന്നും സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ന്യൂമാഹി പൊലീസ് അറിയിച്ചു. 

Read More :  'നരബലിക്ക് ഇരയായോ'; പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകളില്‍ വീണ്ടും അന്വേഷണം