ഭുവനേശ്വർ: ഒഡീഷയിൽ പ്രണയബന്ധമാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ബാൻ​ഗിത ​ഗ്രാമത്തിൽനിന്നുള്ള യുവാവിനെയാണ് അക്രമിസംഘം മർദ്ദനത്തിനിരയാക്കിയത്. മൂന്ന് പേർ ചേർന്ന് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദ്ദനത്തിനിടെ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ അക്രമിസംഘം യുവാവിന്റെ ദേഹത്ത് മൂത്രമൊഴിക്കുന്നത് ​ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭുവനേശ്വറിലെ കൈപാദരിലെ കോർദ ഗ്രാമത്തിൽ ഡിസംബർ 18നായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു അക്രമിസംഘം യുവാവിനെ ​ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് ക്ഷണം സ്വീകരിച്ച് ​ഗ്രാമത്തിലെത്തിയ യുവാവിനെ അക്രമി സംഘം മരത്തിൽ കെട്ടിയിട്ട് പൊതിരെ തല്ലുകയായിരുന്നു. ഇതിനിടെ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ട യുവാവിന്റെ ദേഹത്ത് സംഘം മൂത്രമൊഴിച്ചു. യുവാവിനെ മർദ്ദിക്കുന്നതിനൊപ്പം അസഭ്യം പറയുകയും ചെയ്യുന്നുണ്ട്.

അക്രമിസംഘത്തിലെ ഒരാളുടെ ബന്ധുവായ യുവതിയുമായുള്ള പ്രണയബന്ധമാരോപിച്ചാണ് യുവാവിനെ മരത്തിൽ കെട്ടിയിട്ട് തല്ലിയതെന്ന് നാട്ടുകാർ പറഞ്ഞു. യുവാവിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ രാജാ എന്നയാളെ അറസ്റ്റ് ചെയ്തതായി കോർദാ പൊലീസ് എസ്‍പി അജയ് പ്രതാപ് സ്വയിൻ പറഞ്ഞു. കേസിലെ മറ്റ് രണ്ടുപേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും എസ്‍പി വ്യക്തമാക്കി.