ഖുര്‍ദ: വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. ഒഡീഷയിലെ ഖുര്‍ദയിലാണ് ബംഗിഡ സ്വദേശിയായ യുവാവിനെ മൂന്നുപേരടങ്ങുന്ന സംഘം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയത്. 

ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. യുവാവിന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായി പ്രതികളുടെ സുഹൃത്ത് പ്രണയത്തിലായിരുന്നു. ഈ ബന്ധം ചോദ്യം ചെയ്തതിനാണ് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ അവശനായ യുവാവ് വെള്ളം ചോദിച്ചപ്പോള്‍ പ്രതികള്‍ ഇയാളുടെ മുഖത്ത് മൂത്രമൊഴിച്ചതായും അസഭ്യം പറഞ്ഞതായും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. മര്‍ദ്ദനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഖുര്‍ദ പൊലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു. പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തെന്നും ഖുര്‍ജ എസ്പി പ്രതാപ് സ്വെയ്ന്‍ പറഞ്ഞു.