കാട്ടാക്കട: ബൈക്കിന്‍റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യുവാവിന്‍റെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വീട്ടില്‍ കയറി യുവാവിനേയും മാതാപിതാക്കളേയും മര്‍ദ്ദിച്ച ശേഷമാണ് അക്രമികള്‍ ബൈക്ക് കത്തിച്ചത്. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം വീട്ടിൽ വാടകയ്ക്കു  താമസിക്കുന്ന കട്ടയ്ക്കോട് സ്വദേശി ശശികുമാറിന്റെ മകൻ മനുവിന്റെ ബൈക്കാണ് അക്രമികള്‍ ഇന്നലെ രാത്രി കത്തിച്ചത്.

രണ്ട് മാസം മുന്‍പാണ് ശശികുമാറും കുടുംബവും ഇവിടെ താമസിക്കാനെത്തുന്നത്. മനുവിന്‍റെ ബൈക്കിന്‍റെ ശബ്ദം അലോസരപ്പെടുത്തുന്നുവെന്ന് പരാതിയെത്തുടര്‍ന്ന് രണ്ട് ആഴ്ചകള്‍ക്ക് മുന്‍പ് അയല്‍വാസിയുമായി തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ അക്രമികള്‍ മനുവിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാന്‍ എത്തിയ ശശികുമാറിനും ഭാര്യക്ക് നേരെയും ആക്രമണമുണ്ടായി. നാലംഗ സംഘമാണ് ഇവരെ ആക്രമിച്ചത്. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണമായും കത്തിനശിച്ച നിലയിലാണുള്ളത്.