Asianet News MalayalamAsianet News Malayalam

ഓളത്തിന്റെ താളമാണ് വഞ്ചിപ്പാട്ടിന്, ആറന്മുളയിലെ ആ വള്ളപ്പാട്ടിനുമുണ്ട് പ്രത്യേകത

ഓരോ നാട്ടിനും ഓരോ ഈണം കാണും. ഇവിടെ ഓരോ കരയിലും തലമുറ തലമുറയായി പകർന്നു വന്ന വഞ്ചിപ്പാട്ടിന്റെ ഈണമാണ്, കാറ്റിൽ പോലും അതുണ്ട്. നെഞ്ചിൽ തൊട്ട്, ഉള്ളുകൊണ്ടാണ് പള്ളിയോടത്തിലെ ഓരോരുത്തരും വഞ്ചിപ്പാട്ട് പാടുന്നത്.

aranmula valla sadhya and vanjippatt
Author
Aranmula, First Published Aug 20, 2022, 10:15 AM IST

ആറന്മുളക്കാരുടെ വള്ളപ്പാട്ടിനും പ്രത്യേക ശൈലിയാണ്. മറ്റാരുടെയും ശൈലി പിന്തുടരാൻ സമ്മതിക്കാതെ അവർ ഉള്ളേറ്റി വരുന്ന ഒന്ന്. 'ഹരിനാമ സങ്കീർത്തനം ​ഗോവിന്ദാ ഹരി...' എന്ന് ഇടയ്ക്കിടെ ഉയർന്ന് കേൾക്കാം. വള്ളം തുഴയുന്നതിന്റെ താളത്തിൽ പാടുന്ന വഞ്ചിപ്പാട്ട്. ആറന്മുളയിലെ വഞ്ചിപ്പാട്ടിനുമുണ്ട് അവരുടേതായ ഒരു തനിമ. അതിന്റെ താളം പോലും വ്യത്യസ്തമാണ്. വഞ്ചിപ്പാട്ടിനൊപ്പം കൈ കൊണ്ടാണ് താളം കൊട്ടുന്നത്. ഒപ്പം തുഴയുന്നവർ തങ്ങളുടെ തുഴകൊണ്ട് പാട്ടിന് താളം പിടിക്കുന്നു. 

ഓരോ കരയിൽ നിന്നും പള്ളിയോടങ്ങൾ കരയിലേക്കടുക്കുമ്പോൾ ആദ്യം എത്തുന്നത് വള്ളപ്പാട്ടിന്റെ ഈണവും താളവുമാണ്. പിന്നീടാണ് വള്ളവും വള്ളത്തിലുള്ളവരും ആറന്മുള പാർത്ഥസാരഥിയുടെ മുന്നിലേക്ക് എത്തുന്നത്. അതിനാൽ തന്നെ ആറന്മുള വള്ളസദ്യയേയും ആറന്മുള വള്ളംകളിയേയും കുറിച്ച് പറയുമ്പോൾ ആദ്യം മനസിലേക്ക് കടന്നു വരുന്നതും ആ ഈണം തന്നെയാവും. 

aranmula valla sadhya and vanjippatt

'വഞ്ചിപ്പാട്ട് സോപാനം' എന്ന പേരിൽ എല്ലാ വർഷവും ആറന്മുള വള്ളസദ്യയോട് അനുബന്ധിച്ച് മത്സരവും സംഘടിപ്പിക്കുന്നുണ്ട് ക്ഷേത്രാങ്കണത്തിൽ. ആവേശം ചോരാതെ സ്റ്റേജിലും വഞ്ചിപ്പാട്ട് മത്സരത്തിന്റെ ഈണവും താളവും മുറുകും. 'ആറന്മുളയിലെ വഞ്ചിപ്പാട്ടിന്റെ ശൈലി രാമപുരത്ത് വാര്യർ ഒക്കെ പിന്തുടർന്നുവന്ന നദോന്നതയുടെ താളത്തിലുള്ള വഞ്ചിപ്പാട്ടാണ്. അത് നദവും ഉന്നതവുമാണ്. അതായത് താഴ്ന്നതും ഉയർന്നതും. ഓളത്തിന്റെ താളത്തിനനുസരിച്ചാണ് ആറന്മുളയിലെ വഞ്ചിപ്പാട്ട് പാടുന്നത്' എന്ന് പള്ളിയോടം സേവാസംഘത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായ പി. ആർ ഷാജി പറയുന്നു. 

കാലക്രമേണ അതിനകത്ത് മറ്റ് ശൈലികൾ കടന്നു കൂടുന്നുണ്ട്. എന്നാൽ, ആ കടന്നുകയറ്റം ഇല്ലാതെ തനതായി സംരക്ഷിക്കാനാണ് ഇങ്ങനെ വഞ്ചിപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുന്നു. 

ഓരോ നാട്ടിനും ഓരോ ഈണം കാണും. ഇവിടെ ഓരോ കരയിലും തലമുറ തലമുറയായി പകർന്നു വന്ന വഞ്ചിപ്പാട്ടിന്റെ ഈണമാണ്, കാറ്റിൽ പോലും അതുണ്ട്. നെഞ്ചിൽ തൊട്ട്, ഉള്ളുകൊണ്ടാണ് പള്ളിയോടത്തിലെ ഓരോരുത്തരും വഞ്ചിപ്പാട്ട് പാടുന്നത്. അവർക്കതിൽ അവരുടെ ഓർമ്മയുടെ, മുൻതലമുറകൾ പാടിപ്പോയ ഈണത്തിന്റെ, സംസ്കാരത്തിന്റെ ചൂടുണ്ട്. 

Follow Us:
Download App:
  • android
  • ios