ഇന്നത്തെ മത്സരഓട്ടത്തിൽ ഒന്ന് സമാധാനമായി ഇരിക്കാൻ കൂടി പലർക്കും സമയമില്ല. ടെൻഷൻ നിറഞ്ഞ ഈ ജീവിതത്തിൽ ആളുകൾ മനസികാരോഗ്യത്തിനായി പലതും പരീക്ഷിക്കുന്നു. ആടിനെ ചുമലിൽ വച്ച് യോഗ ചെയ്യുന്നത് മുതൽ ശബ്ദം കേട്ടുകൊണ്ട് ഉറങ്ങുന്നത് വരെ അതിൽ പെടുന്നു. ഇപ്പോൾ, നെതർലാൻഡ്‌സിലെ ജനങ്ങൾ ഒരു പുതിയ പരീക്ഷണത്തിലാണ്. മാനസികോല്ലാസത്തിനും, പിരിമുറുക്കം കുറക്കാനുമായി ആളുകൾ അവിടെ പശുക്കളെ കെട്ടിപ്പിടിക്കുന്ന ഒരു പുതിയ തെറാപ്പി പിന്തുടരുകയാണ്.

മൃഗങ്ങൾ നമുക്ക് എപ്പോഴും സന്തോഷം പകരുന്ന ഒരു നല്ല കൂട്ടാണ്. ജോലിയിലെ പിരിമുറുക്കം മൂലം തലപുകഞ്ഞ് വീട്ടിലെത്തുന്ന നമുക്ക് അവയുടെ സാന്നിധ്യം വളരെ ആശ്വാസം പകരുന്നു. 'പശു ആലിംഗനം' എന്നർത്ഥം വരുന്ന 'കോ നഫ്ലെൻ' എന്ന് പേരിട്ടിരിക്കുന്ന ഈ തെറാപ്പിയ്ക്ക് ഒരുപാട് രോഗശാന്തി ഗുണങ്ങളുണ്ട് എന്നാണ് പറയുന്നത്. പശുക്കളെ തലോടാനും, അതുമായി സംവദിക്കാനുമെല്ലാം ഇതിലൂടെ അവസരം ഉണ്ടാകുന്നു. ഫാമിലേയ്ക്ക് ഒരു ടൂർ നടത്തിക്കൊണ്ടാണ് ഈ പരിപാടി ആരംഭിക്കുന്നത്. രണ്ട്, മൂന്ന് മണിക്കൂർ പശുവിനോടൊപ്പം അവിടെ നമ്മൾ വിശ്രമിക്കുന്നു. പശുവിന്റെ ഊഷ്മളമായ ശരീര താപനില, മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, വലുപ്പം എന്നിവ കാരണം അവയെ ആലിംഗനം ചെയ്യുമ്പോൾ അവിശ്വസനീയമാംവിധം ശാന്തി അനുഭവപ്പെടുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്. മൃഗത്തിന്റെ പുറത്ത് ചാരിക്കിടക്കുന്നതും, അവയെ തലോടുന്നതും, അല്ലെങ്കിൽ അവയെ നക്കാൻ അനുവദിക്കുന്നതും എല്ലാം ചികിത്സയുടെ ഭാഗമാണ്.  

സാമൂഹ്യമായി ഇടപഴകുമ്പോൾ നമ്മുടെ ശരീരം ഉല്പാദിപ്പിക്കുന്ന ഓക്സിടോസിൻ വർദ്ധിപ്പിക്കാൻ പശു ആലിംഗനത്തിന് കഴിയുമെന്നും, നമ്മുടെ സമ്മർദ്ദം കുറയ്ക്കാൻ ഇതിനാകുമെന്നുമാണ് ഈ തെറാപ്പിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. വളർത്തുമൃഗങ്ങളെ കെട്ടിപ്പിടിക്കുമ്പോൾ തോന്നുന്ന ശാന്തത കുറച്ചുകൂടി വലുപ്പമുള്ള മൃഗങ്ങളെ പുണരുമ്പോൾ ഇരട്ടിയാകുന്നു എന്നാണ് പറയുന്നത്. ഗ്രാമീണ ഡച്ച് പ്രവിശ്യകളിൽ ഒരു ദശകത്തിലേറെയായി ഈ ആരോഗ്യകരമായ വിനോദം നിലനിൽക്കുന്നുണ്ടെങ്കിലും, പ്രകൃതിയോടും ജീവിതത്തോടും ആളുകളെ അടുപ്പിക്കുന്ന ഇത് ഇപ്പോൾ അവിടെ കൂടുതൽ പ്രചാരം നേടുകയാണ്. ഇന്ന്, റോട്ടർഡാം, സ്വിറ്റ്സർലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ ഫാമുകൾ പശു-ആലിംഗന സെഷനുകൾ വരെ ആളുകൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.  

ഇതിൽ കൗതുകകരമായ കാര്യം ഇങ്ങനെ ആലിംഗനം ചെയ്യുന്നത് കന്നുകാലികൾക്കും സന്തോഷമുള്ള കാര്യമാണ് എന്നതാണ്. അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസ് എന്ന ജേണലിൽ 2007-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്, പശുക്കൾക്ക് കഴുത്തിലും മുകളിലുമുള്ള ഭാഗങ്ങളിലും മസാജ് ചെയ്യുമ്പോൾ വല്ലാത്ത റിലാക്സേഷനാണ് അനുഭവപ്പെടുന്നത് എന്നാണ്. കേൾക്കുമ്പോൾ തമാശ തോന്നുമെങ്കിലും, പശുക്കൾക്കും, മനുഷ്യർക്കും ഒരുപോലെ ഒരു പോസിറ്റീവ് തരംഗം ഉണ്ടാക്കാൻ ഇതിനാകുമെന്നും പഠനം പറയുന്നു.