റഷ്യയില്‍ ‘ഫ്രീഡം ലെറ്റേഴ്‌സ്’ നിരോധിച്ചിട്ടുണ്ട്. അതിലെഴുതുന്ന എഴുത്തുകാര്‍ക്കെതിരെ റഷ്യയില്‍ ക്രിമിനല്‍ കേസുകളുമുണ്ട്.
ന്യൂയോര്‍ക്ക്: യുക്രൈന്‍ യുദ്ധത്തിനെതിരെ പ്രതികരിച്ചതിന് നാടുവിട്ടോടിയ റഷ്യന്‍ എഴുത്തുകാരന്റെ പ്രസാധന സംരംഭത്തിന് യുഎസ് പുരസ്‌കാരം. റഷ്യന്‍ സെന്‍സര്‍ഷിപ്പിനും അടിച്ചമര്‍ത്തലിനും എതിരായി പൊരുതുന്ന 'ഫ്രീഡം ലെറ്റേഴ്‌സ്' എന്ന പ്രസാധന സംരംഭത്തിനാണ് അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ പബ്ലിഷേഴ്‌സ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ 'ഇന്റർനാഷണൽ ഫ്രീഡം റ്റു പബ്ലിഷ് അവാര്‍ഡ്' ലഭിച്ചത്. യുക്രൈന്‍ യുദ്ധത്തിനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ജന്‍മദേശം വിട്ടോടി വിദേശരാജ്യങ്ങളിലിരുന്ന് പ്രസാധനം തുടരുന്ന ജോര്‍ജി ഉരുഷാദ്‌സെ സ്ഥാപിച്ചതാണ് ഫ്രീഡം ലെറ്റേഴ്‌സ്. ഉരുഷാദ്‌സെ യുക്രൈൻ അധിനിവേശത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് 2022 -ലാണ് രാജ്യം വിട്ടത്. തുടര്‍ന്ന് റഷ്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ വിദേശ ചാരനായി പ്രഖ്യാപിച്ചു.
ജോര്‍ജി ഉരുഷാദ്‌സെ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി അസാധാരണമായ ത്യാഗങ്ങള്‍ സഹിച്ചതായി അസോസിയേഷന്‍ ഓഫ് അമേരിക്കന്‍ പബ്ലിഷേഴ്‌സ് പുരസ്‌കാര കുറിപ്പില്‍ വ്യക്തമാക്കി. 'നാടുവിട്ടോടി വന്നിട്ടും ഇത്തരമൊരു പ്രസാധക സ്ഥാപനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഭരണകൂടം നിശബ്ദമാക്കാന്‍ ശ്രമിച്ച എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ അദ്ദേഹം ലോകത്തിന് പ്രചോദനമായി' അസോസിയേഷന്‍ പ്രസിഡന്റ് മരിയ എ. പാലന്റെ പറഞ്ഞു.
യുക്രൈൻ, ലാത്വിയ, ജോര്‍ജിയ എന്നിവിടങ്ങളിലെ വിവിധ ഇടങ്ങളില്‍ നിന്നാണ് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെ ഫ്രീഡം ലെറ്റേഴ്‌സ് പ്രവര്‍ത്തിക്കുന്നത്. യുദ്ധവിരുദ്ധ എഴുത്തുകാരുടെയും റഷ്യന്‍ പ്രസിഡന്റ് പുടിന്റെ എതിരാളികളുടേതുമായി നൂറുകണക്കിന് കൃതികള്‍ റഷ്യന്‍, യുക്രേനിയന്‍ ഭാഷകളില്‍ ഫ്രീഡം ലെറ്റേഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്. റഷ്യന്‍ രാഷ്ട്രീയ തടവുകാരുടെ കുറിപ്പുകളുടെ സമാഹാരമായ 'ലാസ്റ്റ് ബട്ട് നോട്ട്; ഫൈനല്‍ വേഡ്സ്', യുക്രൈന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഗ്രാഫിക് നോവലായ ഓള്‍ഗ ഗ്രെബെന്നിക്കിന്റെ 'ദി വാര്‍ ഡയറി' എന്നിവ അവയില്‍ ശ്രദ്ധേയമാണ്.
റഷ്യയില്‍ ‘ഫ്രീഡം ലെറ്റേഴ്‌സ്’ നിരോധിച്ചിട്ടുണ്ട്. അതിലെഴുതുന്ന എഴുത്തുകാര്‍ക്കെതിരെ റഷ്യയില്‍ ക്രിമിനല്‍ കേസുകളുമുണ്ട്. അതിര്‍ത്തികളെയും വിലക്കുകളെയും ഭയത്തേയും അതിജീവിക്കാന്‍ കഥകള്‍ക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഈ പുരസ്‌കാരമെന്ന് ഉരുഷാദ്‌സെ തന്റെ പ്രസ്താവനയില്‍ പറഞ്ഞു. വെനസ്വേലയിലെ എഡിറ്റോറിയല്‍ ദാഹ്ബാര്‍ (Editorial Dahbar), ദക്ഷിണാഫ്രിക്കയിലെ എന്‍.ബി. പബ്ലിഷേഴ്‌സ് (NB Publishers) എന്നിവയ്ക്കാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരം ലഭിച്ചത്.


