വെറുതെ ഒരു താരതമ്യമെടുത്താല്‍, സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി അധ്യാപകരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് കോളേജ് അധ്യാപകരുടേത്. ബിവിറജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന അടിസ്ഥാന ശമ്പളം കോളേജ് അധ്യാപകരേക്കാള്‍ കൂടുതലാണ്. കൃത്യമായ ഓഡിറ്റിംഗിന് വിധേയമാണ് അധ്യാപക- ജീവനക്കാരുടെ വരുമാനം. നികുതി കഴിച്ച് അവ ചെലവഴിക്കപ്പെടുന്നത് പത്രം, പാല്‍, ഭക്ഷ്യ, വസ്ത്ര, വിനോദ ഇടങ്ങളിലുമാണ്. ഇവരുടെ കുടുംബങ്ങള്‍ക്കൊപ്പം നിരവധി കുടുംബങ്ങളും പുലരുന്നു. സര്‍ക്കാര്‍ ശമ്പളമെന്നാല്‍ തീര്‍ത്തും പരസ്യമായ ഒരു വരുമാനമാര്‍ഗമാണ്. ആര്‍ക്കും ഓരോരോ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എത്ര രൂപ ശമ്പളം കൈപ്പറ്റുന്നുണ്ട് എന്ന് അറിയാനാകും. അധ്യാപകര്‍ അമിതശമ്പളം വാങ്ങുന്നു എന്ന് വേവലാതിപ്പെടുന്നവര്‍ അതിന് മുതിരുന്നില്ല എന്നേയുള്ളൂ.

 

 

കഴിഞ്ഞ കുറേ നാളുകളായി മലയാളിയുടെ സാമൂഹ്യവ്യവഹാരങ്ങളില്‍ അലതല്ലുന്ന ചില വേവലാതികളുണ്ട്. അതില്‍ ഏറ്റവും പ്രധാനം, ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന കോളജ് അധ്യാപകരോടുള്ള ധാര്‍മികരോഷമാണ്. മധ്യവേനലവധി, ഓണം-ക്രിസ്തുമസ് അവധികള്‍, ശനിയാഴ്ച അവധി എന്നിങ്ങനെ മറ്റാര്‍ക്കുമില്ലാത്ത അവധികള്‍ ആസ്വദിച്ച്, വര്‍ഷത്തില്‍ കുറച്ച് ദിവസം മാത്രം ജോലി ചെയ്ത്, ഭീമമായ ശമ്പളം വാങ്ങുന്ന സാമൂഹ്യദ്രോഹികളത്രേ അവര്‍. അധ്യാപകര്‍ തന്നെ ആവശ്യമില്ല എന്ന മട്ടിലേയ്ക്ക് ചര്‍ച്ചകള്‍ വഴിമാറിയിരിക്കുന്നു.

ശരിയാണ്, അധ്യാപനം നമ്മുടെ നാട്ടില്‍ അമിതമായി മഹത്വവല്‍ക്കരിക്കപ്പെടുന്ന തൊഴില്‍മേഖലയാണ്. അതില്‍ ആ തൊഴിലെടുക്കുവര്‍ക്കും ഒരു പരിധിവരെ പങ്കുണ്ടാകാം. പക്ഷേ തങ്ങള്‍ പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍, ആഴ്ചയില്‍ കുറച്ച് മണിക്കൂറുകള്‍ വെച്ച് ക്ലാസ് റൂമുകളില്‍ അധ്യാപകര്‍ വന്നുപോയതായി എല്ലാവര്‍ക്കും കണ്ട് പരിചയമുണ്ട്. ഒരു ദിവസം ഒരു ക്ലാസില്‍ ഒരു തവണ, ഏറിയാല്‍ ഒരുമണിക്കൂര്‍ മാത്രം വന്നുപോയ അധ്യാപകര്‍ എന്ന തോന്നല്‍ മാത്രം വെച്ച് ആ തൊഴില്‍മേഖലയെ മനസിലാക്കുന്നതില്‍ അപാകതയുണ്ട്. മോഹന്‍ലാല്‍ അല്ലങ്കില്‍ ഫഹദ് ഫാസില്‍ അതുമല്ലങ്കില്‍ പാര്‍വ്വതി തിരുവോത്ത് ഒരു വര്‍ഷം പത്ത് സിനിമകള്‍ അഭിനയിച്ച് പുറത്തിറങ്ങുന്നു എന്ന് കരുതുക. ശരാശരി രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമകള്‍ എന്ന് കരുതിയാല്‍, ഈ നടീനടന്‍മാര്‍ ആകെ ഇരുപത്തഞ്ച് മണിക്കൂറാണ് ഒരു വര്‍ഷം ജോലിയെടുക്കുന്നത് എന്ന നിഗമനത്തില്‍ എത്തുന്നതുപോലെ പരിഹാസ്യമാണ് ക്ലാസ് റൂമുകളില്‍ അധ്യാപകര്‍ വന്നുപോകുന്ന സമയം വച്ച് അവര്‍ ചെയ്യുന്ന ജോലിയെ വിലയിരുത്തുന്നത്. 

ഇവിടെ ഉദാഹരണമായി ചലച്ചിത്ര താരങ്ങളെ പറയാന്‍ കാരണമുണ്ട്. അധ്യാപകരെയും ചലച്ചിത്ര താരങ്ങളെയും വിലയിരുത്താന്‍ വളരെ എളുപ്പമാണ്. കാരണം ഈ രണ്ടു കൂട്ടരെയും പിന്നെ രാഷ്ട്രീയക്കാരെയുമാണ് നമുക്ക് കൂടുതല്‍ അറിയാവുന്നത്. നമുക്ക് എല്ലാദിവസംവും കറന്റ് തരുന്ന ജോലി ചെയ്യുന്ന ഇലട്രിക്കല്‍ എന്‍ജിനിയര്‍മാര്‍ തുടങ്ങി ലൈന്‍മാന്‍ വരെയുള്ള എത്രപേരെ,  അവരുടെ തൊഴില്‍ സ്വഭാവം നമുക്കറിയാം? എത്ര ഓവര്‍സിയര്‍മാരെ അറിയാം? എത്ര കൃഷി അസിസ്റ്റന്റിനെ, അവരുടെ ജോലിയുടെ സ്വഭാവം അറിയാം?  ദിവസവും യാത്ര ചെയ്യുന്നവര്‍ക്ക് എത്ര കെ എസ് ആര്‍ ടി സി കണ്ടക്ടര്‍മാരുടെ തൊഴില്‍ സ്വഭാവം അറിയാം? എന്നാല്‍, ഒറ്റയിരിപ്പിന് ഒരു പത്തുനാല്‍പത് അധ്യാപകരുടെ ഇഷ്ടവും ഇഷ്ടക്കേടും മാനറിസവും സ്വഭാവവും ഭാഷയും കുടുംബപുരാണവും വരെ പറയാന്‍ നമുക്ക് കഴിയും. അതുകൊണ്ടാണ് എല്ലാവര്‍ക്കും ട്രോളാവുന്ന, വിമര്‍ശിക്കാവുന്ന, പഴിക്കാവുന്ന ഒരു വിഭാഗമായി അധ്യാപകര്‍ മാറുന്നത്.  

അധ്യാപകര്‍ എന്തു ചെയ്യുന്നു?

കോളേജുകളില്‍ ക്ലാസുകള്‍ രാവിലെ ഒമ്പതരയ്ക്ക് ആരംഭിക്കും. സ്വാഭാവികമായും അധ്യാപകര്‍ ഒമ്പതേകാലിന് മുമ്പ് കോളേജില്‍ എത്തിയിരിക്കണം. വൈകുന്നേരം മൂന്നേകാലിന് ക്ലാസുകള്‍ അവസാനിക്കും. സ്വാഭാവികമായും മുന്നരയോടുകൂടി അധ്യാപകര്‍ക്ക് ജോലി അവസാനിപ്പിച്ച് പോകാവുന്നതാണ്. എന്നാല്‍ അധ്യാപകര്‍ കോളേജ് വിട്ട് പോകുന്ന സമയം നാലരയാണ്.  കുട്ടികളും ക്ലാസും ഇല്ലാത്ത കോളേജില്‍ അധ്യാപകര്‍ ഒരു മണിക്കൂര്‍ ചുമ്മാ ഇരുന്നോണം. അത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ്. എന്താണ് ഈ ഉത്തരവിന്റെ യുക്തി എന്നറിയുമോ? 

ഒരു യുക്തിയുമില്ല. ഉണ്ടോണ്ടിരിക്കുന്ന ഒരു ബ്യൂറോക്രാറ്റിന് ഒരു ദിവസം തോന്നി, അധ്യാപകര്‍ അങ്ങനെ നേരത്തെ പോകേണ്ട എന്ന്. അത്രേയുള്ളു. ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഭക്ഷണത്തിനായി അനുവദിക്കപ്പെട്ട ഇടവേളയില്‍  അധ്യാപകര്‍ ജോലി ചെയ്യുന്നില്ലല്ലോ. അതുകൊണ്ട് ആ ഒരു മണിക്കൂര്‍ കൂടുതല്‍ അവര്‍ കോളേജില്‍ ഇരിക്കട്ടെ എന്നതാണ് ദയനീയമായ വിശദീകരണം. ഈ അധിക സമയം അധ്യാപകര്‍ എന്തു ചെയ്യണം? പഞ്ച് ചെയ്യാനായി കാത്തിരിക്കാം. ഹാജര്‍ ബുക്ക് വരാനായി കാത്തിരിക്കാം. അതായത് വീട്ടില്‍ പോകാനായി കാത്തിരിക്കുന്നതിനോ വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനോ വേണ്ടി (ഉച്ചഭക്ഷണം കഴിച്ചതിന്റെ പേരില്‍!) മനുഷ്യാധ്വാനത്തിന്റെ ഒരു മണിക്കൂര്‍ വെറുതെ കളയുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ കാഞ്ഞ ബുദ്ധി!

ഒമ്പതരയ്ക്ക് ആരംഭിക്കുന്ന കോളേജില്‍ അധ്യാപകരുടെ ജോലി എന്താണ്? 

കോളജധ്യാപകരുടെ ഒരാഴ്ചത്തെ പ്രവൃത്തി സമയം 40 മണിക്കൂര്‍ ആണ്. ഇതില്‍ 16 മണിക്കൂര്‍ ആണ് നേരിട്ട് ക്ലാസ്സെടുക്കേണ്ടത്. അതായത് ഒരു ദിവസം മൂന്ന് മണിക്കൂറും ആഴ്ചയില്‍ ഒരു ദിവസം നാല് മണിക്കൂറും നേരിട്ട് ക്ലാസുകള്‍ എടുക്കണം. ക്ലാസ് എന്നാല്‍ കൃത്യസമയത്ത് ക്ലാസില്‍ ചെന്ന് വായ തുറക്കുന്നിടത്ത് തുടങ്ങുകയും ബെല്‍ അടിക്കുമ്പോള്‍ നിര്‍ത്തുകയും ചെയ്യുന്ന യാന്ത്രിക പ്രവൃത്തിയല്ല. വ്യത്യസ്ത ക്ലാസുകളില്‍ വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള പാഠങ്ങളാണ് വിദ്യാര്‍ത്ഥികളുമായി പങ്കുവയ്‌ക്കേണ്ടത്. ഒരു അക്കാദമിക വിഷയത്തെ പറ്റി ബിരുദതലത്തില്‍ ഒരു മണിക്കൂര്‍ സംസാരിക്കാന്‍ എത്ര സമയത്തെ മുന്നൊരുക്കങ്ങള്‍ വേണ്ടിവരും? (അതൊന്നും നമ്മറളിയേണ്ടതില്ല. അധ്യാപകരായാല്‍ പഠിപ്പിച്ചോളും, അതിനെന്തിന് അവര്‍ പഠിക്കണം?)

ശരി, പതിനാറ് മണിക്കൂര്‍ പഠിപ്പിച്ചു. (അതിനുള്ള മുന്നൊരുക്കങ്ങള്‍ വീട്ടിലിരുന്ന്  ചെയ്യുന്നതിനാല്‍ കണക്കു കൂട്ടാന്‍ പറ്റില്ല, അത് പോട്ടെ!) ബാക്കി സമയം അധ്യാപകര്‍ എന്തു ചെയ്യുന്നു?

മുപ്പത് മുതല്‍ അമ്പതോ അറുപതോ വരെ വിദ്യാര്‍ത്ഥികളാണ് ഓരോ ക്ലാസിലുമുള്ളത്. ജനറല്‍ ഇംഗ്ലീഷ്, അഡീഷണല്‍ ലാംഗ്വേജ് മലയാളം, ഹിന്ദി വിഷയങ്ങളുടെ ക്ലാസുകളില്‍ നൂറിനും നൂറ്റി അമ്പതിനും ഇടയില്‍ വിദ്യാര്‍ത്ഥികളുണ്ടാകും. എല്ലാവരും കേള്‍ക്കും വിധത്തില്‍, മനസ്സിലാകും വിധത്തില്‍ മൂന്ന് മണിക്കൂര്‍ പഠിപ്പിക്കണം. വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തണം.

തീര്‍ന്നില്ല, ഓരോരുത്തരുടേയും അസൈന്‍മെന്റ്, സെമിനാര്‍, പ്രൊജക്റ്റ്, ശാസ്ത്രവിഷയങ്ങളിലാണെങ്കില്‍ വിദ്യാര്‍ത്ഥികളുടെ പ്രാക്റ്റിക്കല്‍ റെക്കോര്‍ഡ് എന്നിങ്ങനെ നേരിട്ട് കണ്ട് വിലയിരുത്തേണ്ട വസ്തുക്കളുടെ ലിസ്റ്റ് നീണ്ടതാണ്. ഇതോടൊപ്പം ട്യൂട്ടോറിയല്‍, ക്ലാസ്സുകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍, ഓരോ സെമസ്റ്ററിലും നടക്കേണ്ട ഇന്റേണല്‍ പരീക്ഷകളുടെ ചോദ്യ പേപ്പര്‍ തയ്യാറാക്കല്‍, പരീക്ഷ നടത്തിപ്പ്, മൂല്യ നിര്‍ണ്ണയം, മാര്‍ക്ക് ലിസ്റ്റ് തയ്യാറാക്കി അതത് സര്‍വ്വകലാശാലയ്ക്ക് എത്തിക്കല്‍; ഇതേ ഇടവേളകളില്‍ തന്നെ നടക്കുന്ന സര്‍വ്വകലാശാലാ പരീക്ഷകളുടെ മേല്‍നോട്ടം, മൂല്യ നിര്‍ണ്ണയം, മാസാമാസവും സെമസ്റ്റര്‍ അവസാനവും ട്യൂട്ടര്‍ഷിപ്പ് കൈകാര്യം ചെയ്യുന്ന കുട്ടികളുടെ അറ്റന്‍ഡന്‍സ് ശതമാനക്കണക്കിന് റിപ്പോര്‍ട്ടുണ്ടാക്കല്‍, എന്നിങ്ങനെ ക്ലാസ് റൂമില്‍ ചെലവാക്കുന്ന പതിനാറിന്റെയും അനുവദിക്കപ്പെട്ട നാല്‍പതിന്റെയും പുറത്ത് എത്രയോ മടങ്ങ് സമയം ജോലികള്‍ അവര്‍ ചെയ്യുന്നുണ്ട്.

അവിടെയും തീര്‍ന്നില്ല. സ്റ്റാറ്റിയൂട്ടറി, നോണ്‍ സ്റ്റാറ്റിയൂട്ടറി ക്ലബ്ബുകളും സംഘടനകളും സര്‍ക്കാര്‍-സര്‍വ്വകലാശാലകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ ചുമതലകള്‍ വഹിക്കേണ്ടതും അധ്യാപകരാണ്. എന്‍. എസ്.എസ്, എന്‍.സി.സി തുടങ്ങിയ സ്ഥാപനങ്ങള്‍ മുതല്‍ നേച്ചര്‍ ക്ലബ്ബും ഫിലിം ആന്റ് മീഡിയ ക്ലബ്ബും ഭൂമിത്ര സേനയും വരെ നീളുന്ന പലതരം ക്ലബ്ബുകള്‍. ഓരോ അക്കാദമിക വര്‍ഷത്തിലും അഞ്ചില്‍ കുറയാത്ത പ്രവര്‍ത്തനങ്ങള്‍ ഓരോ ക്ലബ്ബും നടത്തുകയും അംഗങ്ങളായുള്ള വിദ്യാര്‍ത്ഥികളെ നാല്പത് മണിക്കൂര്‍ ഇത്തരം പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ഈ സര്‍ട്ടിഫിക്കറ്റുകളും റിപ്പോര്‍ട്ടും സമയാസമയങ്ങളില്‍ സര്‍വ്വകലാശാലയില്‍ എത്തിക്കുകയും വേണം. 

ഇതിനൊക്കെ പുറമെയാണ് നാക് അക്രഡിറ്റേഷന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍.രാവും പകലുമില്ലാതെ അധ്യാപകര്‍ അത്യധ്വാനത്തിലൂടെയാണ് കേരളത്തിലെ കോളേജുകള്‍ NAAC അംഗീകാരങ്ങള്‍ നേടിയത്. കോളേജുകളുടേയും അവിടത്തെ ആളുകളുടേയും നിലവാരത്തെ ഏതാനും കള്ളികളിലെ ടിക്ക് മാര്‍ക്കായി കണ്ട് അളക്കുന്ന ആ രീതി പ്രകാരം, പലപ്പോഴും രേഖകളില്‍ കാണിക്കുന്നതിനായി ഓരോന്ന് ചെയ്യേണ്ട ഗതികേടുകൂടിയുണ്ട് അധ്യാപകര്‍ക്ക്.

കോളേജ് യൂണിയന്‍ ഇലക്ഷന്‍ മുതല്‍ കോളേജ് ഡേ വരെയുള്ള മറ്റ് പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കേണ്ടതും അധ്യാപകരാണ്. അങ്ങനെ അത് അടിസ്ഥാനപരമായി ഒരു എച്ച് ആര്‍ (മനുഷ്യവിഭവശേഷി മാനേജ്‌മെന്റ്) ജോലിയാണ്. പല സാമൂഹിക, വൈയക്തിക പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന ആയിരക്കണക്കിന് യുവാക്കളാണ് ഒരു കോളേജില്‍ ഒരുമിച്ച് പഠിക്കുന്നത്. അവര്‍ പ്രോഗ്രാം ചെയ്യപ്പെട്ട റോബോട്ടുകള്‍ അല്ലാത്തതുകൊണ്ട്, മറ്റ് മിക്ക തൊഴില്‍മേഖലകള്‍ക്കും ബാധകമല്ലാത്ത മാന്‍-മാനേജുമെന്റ് സ്‌കില്‍ ഇവിടെ ആവശ്യമുണ്ട്. പതിനാറ് മണിക്കൂര്‍ കൊണ്ട് അളക്കാവുന്നതല്ല ഒരധ്യാപക ജീവിതമെന്നു സാരം.

അധ്യാപകരെ വിലയിരുത്തുമ്പോള്‍ ഇത്തരം പോലീസ്, കൗണ്‍സിലര്‍, ഗുമസ്ത ജോലികള്‍ അതില്‍ ഉള്‍പ്പെടുകയില്ല. അധ്യാപകര്‍ അവരുടെ വിജ്ഞാന മേഖലയില്‍ നിരന്തരം ഇടപെടുന്നവരായിരിക്കണമെന്നാണ് സങ്കല്പം. അതിനായി അധ്യാപനത്തിന് പുറമെ  ഓരോ വര്‍ഷവും ഒന്നോ അതിലധികമോ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കണം. ദേശീയ അന്തര്‍ദ്ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കുകയും കുറഞ്ഞത് രണ്ട് സെമിനാറുകളിലെങ്കിലും പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും വേണം. (ദൈവത്തിന്റെ ഖജാനയില്‍ ബാക്കി എത്ര സമയമുണ്ടാകും...!)

കോളേജ് അധ്യാപകര്‍ക്ക് എന്തിനാണിത്ര ശമ്പളം?

യു.ജി.സി. ശമ്പളം വാങ്ങുന്നു എന്നാണ് അധ്യാപകര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. കോളേജ് അധ്യാപകരുടെ ശമ്പളത്തിന്റെ എണ്‍പത് ശതമാനവും യു ജി സി ഗ്രാന്റായിരുന്നു. ഇരുപത് ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയിരുന്നത്. മോദി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസം കുട്ടിച്ചോറാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിഷ്‌കാരങ്ങളില്‍ ഈ ഗ്രാന്റ് വെട്ടിക്കുറച്ചു. അമ്പത് ശതമാനമാണ് ഇപ്പോള്‍ യു ജി സി ഗ്രാന്റ്. അമ്പത് ശതമാനം തുക അതത് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. സംസ്ഥാനത്ത് അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ശമ്പള പരിഷ്‌കരണം കോളേജ് അധ്യാപകരുടെ കാര്യത്തില്‍ പത്ത് വര്‍ഷത്തിലാണ് നടക്കുന്നത്. 2016ല്‍ നടക്കേണ്ട ശമ്പള പരിഷ്‌കരണം ഇനിയും നടപ്പിലായിട്ടില്ല. ചുരുക്കത്തില്‍ 15 വര്‍ഷം മുമ്പ് നടപ്പിലാക്കിയ വേതന വ്യവസ്ഥയാണ് ഇന്നും അധ്യാപകര്‍ക്ക് ലഭിക്കുന്നത്.

വെറുതെ ഒരു താരതമ്യമെടുത്താല്‍, സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി അധ്യാപകരേക്കാള്‍ കുറഞ്ഞ ശമ്പളമാണ് കോളേജ് അധ്യാപകരുടേത്. ബിവിറജസ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന അടിസ്ഥാന ശമ്പളം കോളേജ് അധ്യാപകരേക്കാള്‍ കൂടുതലാണ്. കൃത്യമായ ഓഡിറ്റിംഗിന് വിധേയമാണ് അധ്യാപക- ജീവനക്കാരുടെ വരുമാനം. നികുതി കഴിച്ച് അവ ചെലവഴിക്കപ്പെടുന്നത് പത്രം, പാല്‍, ഭക്ഷ്യ, വസ്ത്ര, വിനോദ ഇടങ്ങളിലുമാണ്. ഇവരുടെ കുടുംബങ്ങള്‍ക്കൊപ്പം നിരവധി കുടുംബങ്ങളും പുലരുന്നു. സര്‍ക്കാര്‍ ശമ്പളമെന്നാല്‍ തീര്‍ത്തും പരസ്യമായ ഒരു വരുമാനമാര്‍ഗമാണ്. ആര്‍ക്കും ഓരോരോ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എത്ര രൂപ ശമ്പളം കൈപ്പറ്റുന്നുണ്ട് എന്ന് അറിയാനാകും. അധ്യാപകര്‍ അമിതശമ്പളം വാങ്ങുന്നു എന്ന് വേവലാതിപ്പെടുന്നവര്‍ അതിന് മുതിരുന്നില്ല എന്നേയുള്ളൂ.

അധ്യാപകര്‍ പണം ചെലവഴിക്കുന്നുണ്ടോ?

സര്‍ക്കാര്‍ കോളേജുകളില്‍ ദേശീയ അന്തര്‍ദേശീയ സെമിനാറുകളോ പ്രഗല്‍ഭരുടെ ക്ഷണിക്കപ്പെട്ട പ്രഭാഷണങ്ങളോ നടത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ  ധനസഹായമുണ്ടാവാറുണ്ട്. എയിഡഡ് കോളേജുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നത് അധ്യാപകര്‍ തന്നെയാണ്. വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രഭാഷണ പരമ്പരയ്ക്കായി പ്രമുഖരെ പങ്കെടുപ്പിക്കുന്നതിനായി ഒരു പഠന വകുപ്പിലെ ഓരോ അധ്യാപകരും അയ്യായിരം രൂപ പ്രതിമാസം ചെലവിടുന്ന കോളേജുകളുണ്ട്. ശാസ്ത്ര, സാഹിത്യ, ചരിത്ര, മറ്റ് വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട ഇത്തരം അക്കാദമിക പരിപാടികള്‍ അധ്യാപകരുടെ ആനന്ദത്തിനായി നടത്തുന്നതല്ലന്ന് ഭരണകൂടത്തിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും വിമര്‍ശകര്‍ക്കും അറിയാമോ എന്നറിയില്ല.  കോളേജുകളില്‍ ഉയര്‍ന്ന വൈജ്ഞാനിക അന്തരീക്ഷം ഉണ്ടാകേണ്ടത് ഉന്നത വിദ്യാഭാ്യാസത്തിന് ആവശ്യമാണ് എന്ന തോന്നല്‍ അധ്യാപകര്‍ക്ക് മാത്രം ഉണ്ടാകേണ്ടതാണോ?

മിക്ക എയിഡഡ് കോളേജുകളിലെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകര്‍ ഒരു വിഹിതം ചെലവഴിക്കേണ്ടി വരുന്നുണ്ട്. പല ഓട്ടോണമസ് കോളേജുകളും  പ്രതിവര്‍ഷം ഒരു മാസത്തെ ശമ്പളം അധ്യാപകരില്‍ നിന്ന് സംഭാവനയായി സ്വീകരിക്കുന്നു. 

എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളും ക്യാമ്പുകളും നടത്താന്‍ അധ്യാപകര്‍ ലോണ്‍ എടുക്കുന്നത് സര്‍വ്വസാധാരണമാണ്. വര്‍ഷത്തില്‍ എപ്പോഴെങ്കിലുമാണ് ചെലവായ പണം തിരികെ കിട്ടുന്നത്. ചെലവാകുന്നതിന്റെ പകുതി പോലും കിട്ടിയെന്നും വരില്ല.

2013നു ശേഷം ജോലിയില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനാണ്. അതായത് ഓരോ മാസവും ശമ്പളത്തിന്റെ പത്ത് ശതമാനം ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ പിടിക്കും. അങ്ങനെ പത്ത് മാസം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളമാകും. പതിനൊന്ന് പന്ത്രണ്ട് മാസങ്ങളില്‍ പത്ത് ശതമാനം വീതം കുറയും. അതായത് ലഭിക്കേണ്ടതിന്റെ എണ്‍പത് ശതമാനമേ കിട്ടുകയുള്ളു.  ഫലത്തില്‍ ഒരു വര്‍ഷം ജോലി ചെയ്യുമ്പോള്‍ പതിനൊന്ന് മാസത്തില്‍ താഴെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. അപ്പോള്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനില്‍ അടയ്ക്കുന്നില്ലേ? ഭാവിയില്‍ അത് ഗുണം ചെയ്യില്ലേ? ചെയ്‌തേക്കാം എന്നേ പറയാനാവു. ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ ഭാവി എന്താണെന്ന് അറിയാനിരിക്കുന്നതോയുള്ളു. 

 

...............................................................

Read more: 'മേലനങ്ങാത്ത അധ്യാപകര്‍ റേഷന്‍ കടയില്‍  അരിയളക്കട്ടെ' എന്ന് നാട്ടുകാര്‍ പറയുന്നത് എന്തുകൊണ്ടാണ്?
...............................................................

 

അധ്യാപകര്‍ക്ക് രോഗം വരുമോ?

ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിന്റെ നിര്‍ദ്ദേശങ്ങള്‍ പുറത്തു വന്നിരുന്നു. നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിക്കൊണ്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവും ഇറക്കി കഴിഞ്ഞു. അധ്യാപക സംഘടനകള്‍, വിദ്യാഭ്യാസ ചിന്തകര്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, രക്ഷിതാക്കള്‍ ഇവരില്‍ ആരെങ്കിലുമായി ചര്‍ച്ച ചെയ്തിട്ടാണോ നയപരമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്? വൈസ് ചാന്‍സര്‍മാരുമായി കൂടിയാലോചിച്ചു എന്നതിനപ്പുറം ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

ഈ നിര്‍ദ്ദേശങ്ങളില്‍ ചിലത് പരിശോധിക്കാം. ''അക്കാദമിക വര്‍ഷത്തെ പഠനപ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഒന്നിനാണ് ആരംഭിക്കുക. ക്ലാസ് 8.30 മുതല്‍ 1.30 വരെ (15 മിനിറ്റ് ഇടവേള ) ഈ ക്ലാസുകളുടെ അറ്റന്‍ഡന്‍സ് നിര്‍ബന്ധമായും സൂക്ഷിക്കേണ്ടതാണ്.' ഇതാണ് ഒരു നിര്‍ദ്ദേശം. ഇതില്‍ ക്ലാസിന്റെ സ്വഭാവം വ്യക്തമല്ല. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ എത്താനുള്ള സാഹചര്യം നിലവില്‍ ഇല്ലാത്തതിനാല്‍ ഓണ്‍ ലൈന്‍ ക്ലാസ് എന്ന് അനുമാനിക്കാം. ഇതിനാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ കോളേജുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമാണ്. ക്ലാസുകള്‍ മുഴുവന്‍ വീഡിയോ റെക്കോഡ് ചെയ്ത് സൂക്ഷിക്കണമെന്ന യമണ്ടന്‍ നിര്‍ദ്ദേശവും ഇതിലുണ്ട്. കുറഞ്ഞത് 10 പഠന വകുപ്പുകളെങ്കിലും ഓരോ കോളേജിലുമുണ്ട്. 9.30 മുതല്‍ 1.30 വരെയുള്ള അഞ്ച് മണിക്കൂര്‍ വീഡിയോകള്‍ റെക്കോഡ് ചെയ്യാനും അവ ക്യാപ്ച്ചര്‍ ചെയ്ത് സൂക്ഷിക്കാനുമുള്ള സൗകര്യം സര്‍വ്വകലാശാലകളിലെങ്കിലും ഉണ്ടോ? 

ഓണ്‍ലൈന്‍ ക്ലാസുകള്‍ അധ്യാപകര്‍ക്ക് വീടുകളില്‍ ഇരുന്ന് ചെയ്യാനാവും. ഓഡിയോ, വീഡിയോ, ടെക്സ്റ്റ് സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും ഫോണില്‍ നേരിട്ട് ആശയ വിനിമയം നടത്തിയും ക്ലാസുകള്‍ നടത്താം. അധ്യാപകരെ വിശ്വാസമില്ലാത്തതാണ് കാര്യമെങ്കില്‍, മറ്റ് പല സ്ഥാപനങ്ങളും നടത്തുന്നതു പോലെ വര്‍ക്ക് ഫ്രം ഹോം സിസ്റ്റം ഉപയോഗിക്കാം. അവരൊക്കെ ചെയ്യുന്നതുപോലുള്ള മോണിറ്ററിംഗ് സിസ്റ്റം കൊണ്ടു വരാം. മുന്‍കൂട്ടി ടീച്ചിംഗ് പ്ലാന്‍ തയ്യാറാക്കി പഠനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയും. പ്രവര്‍ത്തനങ്ങളുടെ വീക്കിലി റിപ്പോര്‍ട്ട് സ്ഥാപന മേധാവിയ്ക്ക് നല്‍കുന്നതിനും അത് രേഖയായി സൂക്ഷിക്കുന്നതിനും സാധിക്കും. (അതൊന്നും പറ്റില്ല ഓണ്‍ലൈന്‍ ടീച്ചിംഗിനായി കിലോമീറ്ററുകള്‍ യാത്ര ചെയ്ത്, കാലത്ത് 8.30 നു മുമ്പ് അധ്യാപകര്‍ കോളേജില്‍ എത്തണം! എന്താല്ലേ ഈ ഓണ്‍ ലൈന്‍!)

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 21 നാണ് കോളേജുകള്‍ അടച്ചത്. ഏഴ് അധ്യായന ദിവസങ്ങള്‍ ഇതുമൂലം നഷ്ടമായി. സ്‌പെഷ്യല്‍ ക്ലാസുകളിലൂടെയും മറ്റും പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടത്താന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ പരീക്ഷകള്‍ക്ക് സജ്ജമാക്കാനാണ് അധ്യാപകര്‍ അവധിക്കാലം വിനിയോഗിച്ചത്. ഇത് വാര്‍ത്തയായിരുന്നു. മുഖ്യമന്ത്രി തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ഈ കാര്യം പ്രത്യേകമായി സൂചിപ്പിക്കുകയം ചെയ്തു. വിവധ സര്‍വ്വകലാശാലകളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠന പദ്ധതികളില്‍ പങ്കാളികളായി. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കാലത്ത് അധ്യാപകരും വിദ്യാര്‍ത്ഥികളും വീടുകളില്‍ കഴിഞ്ഞുകൊണ്ടാണ് ഇത് സാധ്യമായത്. സാമൂഹിക അകലം നിലനിര്‍ത്തിക്കൊണ്ട് വെബിനാറുകളിലൂടെ അക്കാദമിക സംവാദം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവോ മോനിട്ടറിംഗോ ഇല്ലാതെയാണ് ഇതൊക്കെ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും. ഓണ്‍ലൈന്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് - അതിനാവശ്യമായ സൗകര്യങ്ങള്‍ മിക്ക കോളേജുകളിലും ഇല്ലാതിരിക്കെ മുഴുവന്‍ അധ്യാപകരും ഹാജരാകണം എന്നു പറയുന്നതിന്റെ ഉദ്ദേശം എന്താണ്? അധ്യാപകര്‍ അങ്ങനെ വീട്ടിലിരിക്കേണ്ടതില്ല എന്ന ചിലരുടെ തോന്നല്‍ മാത്രമാണ് അതിനു പിന്നില്‍. വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടണം എന്ന ചിന്ത അതില്‍ കാണാനില്ല.

പൊതു/സ്വകാര്യ ഗതാഗതം ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത കോളേജില്‍ അധ്യാപകര്‍ വന്നു പോകണം എന്നത് 'അധ്യാപകര്‍ക്കെന്താ വേറെ പണി?' എന്ന ധാരണയുടെ പ്രതിഫലനമാണ്. പരമാവധി യാത്രകള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ പറയുന്നത്. പരമാവധി യാത്ര ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പും. അധ്യാപകരെ കാണുമ്പോള്‍ കൊറോണ ഓടി ഒളിക്കുമോ?

എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കുക എന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക് ഡൗണാകയാല്‍ അധ്യാപകര്‍ക്ക് വീട്ടിലിരുന്നോട്ടെ. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കുന്നത് എന്തിന്? മാര്‍ച്ച് 21നാണ് കഴിഞ്ഞ അക്കാദമിക വര്‍ഷം കോളേജ് അടച്ചത്. 7 പ്രവൃത്തി ദിവസങ്ങള്‍ ഇതിലൂടെ നഷ്ടമായി. ജൂണ്‍ ഒന്നു മുതല്‍ പ്രവൃത്തി ദിവസങ്ങളാക്കാന്‍ നിശ്ചയിക്കുമ്പോള്‍ കാലത്തു മുതല്‍ അഞ്ച് മണിക്കൂര്‍ റഗുലര്‍ (ഓണ്‍ലൈന്‍ ) ക്ലാസുകള്‍ നിര്‍ദ്ദേശിച്ചിരിക്കുമ്പോള്‍ എന്തിന് ശനിയാഴ്ച? ആ അഞ്ച് മണിക്കൂര്‍ ആരുടെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തും? അതായത് ഏഴ് ദിവസത്തെ പ്രവൃത്തി ദിവസം നഷ്ടമായതിന് പകരം ജൂണ്‍ മുതല്‍ ഏപ്രില്‍ വരെ പതിനൊന്ന് മാസം ശനിയാഴ്ചകള്‍ പ്രവര്‍ത്തിക്കണം. 44 ദിവസം 220 മണിക്കൂര്‍ അധിക ജോലി. (വര്‍മ്മ ഡിസൈന്‍സിന്റെ ഫെയ്‌സ് ക്രീം ലാഭമുണ്ടാക്കാന്‍ ദ്വാരം വലുതാക്കിയ ബിസിനസ് ബുദ്ധി കിംഗ് ലയര്‍ എന്ന സിനിമ കണ്ടവര്‍ക്ക് ഓര്‍മ്മ വരുന്നത് സ്വാഭാവികം മാത്രം!)  

ഓണത്തിനും ക്രിസ്മസിനും ഉണ്ടായിരുന്ന 10 ദിവസത്തെ അവധി മൂന്ന് ദിവസമാക്കണമെന്നാണ് മറ്റൊരു നിര്‍ദ്ദേശം. ഏപ്രില്‍ പ്രവൃത്തി മാസമാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ആദ്യം സൂചിപ്പിച്ചതു തന്നെ കാരണം. അധ്യാപകര്‍ അങ്ങനെ വീട്ടില്‍ ഇരിക്കേണ്ട. പത്ത് ദിവസത്തെ അവധിയില്‍ അധ്യാപകര്‍ ചെയ്തുകൊണ്ടിരുന്ന ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഉള്‍പ്പെടെയുള്ള ജോലികള്‍ മൂന്നു ദിവസം കൊണ്ട് ചെയ്യുകയോ സ്വന്തം കാര്യങ്ങള്‍ മാറ്റി വെച്ച് സമയം കണ്ടെത്തി പൂര്‍ത്തീകരിക്കുകയോ ചെയ്യണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉള്ളിലിരിപ്പ്. വിദ്യാര്‍ത്ഥികള്‍ക്കും ഈ അവധിക്കാലം നഷ്ടമാകും. (വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമായാലും വേണ്ടില്ല അധ്യാപകര്‍ക്ക് കിട്ടരുത് എന്നാണല്ലോ!)

മെയ് ജൂണ്‍ മാസങ്ങള്‍ 'മധ്യവേനല്‍'  അവധിയാക്കുന്നതിനുള്ള വിചിത്ര നിര്‍ദ്ദേശവും വരുന്നുണ്ട്. ഈ നിര്‍ദ്ദേശം റദ്ദ് ചെയ്തുകൊണ്ടാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വരാനിരിക്കുന്നതേയുള്ളു. കേരളത്തിലെ ഭൂമിശാസ്ത്രവും കാലാവസ്ഥയും മനസിലാക്കിയവരില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത നിര്‍ദ്ദേശമാണിത്. കാരണം കേരളത്തിലെ ഒട്ടുമിക്ക കോളേജുകളും ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരിയോടെ വെള്ളം തീരെ ഇല്ലാതാകും. കേരള യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ആലപ്പുഴ ജില്ലയില്‍  പ്രവര്‍ത്തിക്കുന്ന ഒരു കോളേജില്‍ ഫെബ്രുവരിയില്‍ നാടകോത്സവത്തിന് വിദ്യാര്‍ത്ഥികളുമായി പോയ അനുഭവം ഒരു സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു. അവിടെ വെള്ളമുണ്ടായിരുന്നില്ല. അതിനാല്‍, രണ്ടോ മൂന്നോ കുപ്പി വെള്ളം കൊണ്ടുവരണമെന്നാണ്് വിദ്യാര്‍ത്ഥികര്‍ക്കുള്ള നിര്‍ദേശം. 3000 -ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ പകുതിയോളം വിദ്യാര്‍ത്ഥികള്‍ ഇത് പാലിക്കും. ബസില്‍ തിരക്കില്‍ കഷ്ടപ്പെട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധിക ഭാരം സാധിക്കില്ല. ഈ വെള്ളം, കുടിക്കാനല്ല, ടോയിലറ്റ് ഉപയോഗത്തിനാണ്. കുടിവെള്ളം എന്തായാലും വിദാ്യര്‍ത്ഥികള്‍ കൊണ്ടുവരണം. കേരളത്തിലെ മിക്ക കോളേജുകളുടെയും സ്ഥിതി ഇതാണ്. ഏപ്രിലിലെ കൊടുചൂടും കുടിവെളള പ്രശ്‌നവും വൃത്തിഹീനമായ ടോയിലറ്റും അതിനെല്ലാം ഇരകളാകുന്ന വിദ്യാര്‍ത്ഥികളും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും ഒരിക്കല്‍ അധ്യാപകരായിരുന്ന ഇന്നത്തെ വൈസ് ചാന്‍സലര്‍മാരുടെയും പരിഗണനാ വിഷയമായിരുന്നില്ല. ചിക്കന്‍പോക്‌സും മഞ്ഞപ്പിത്തവും പടര്‍ന്നുപിടിക്കുന്ന കാലം എന്ന സാമാന്യ വിവരം പത്രങ്ങളുടെ ലോക്കല്‍ പേജ് വായിക്കുന്നതില്‍ നിന്ന് ലഭ്യമാകുമായിരുന്നില്ലേ? രോഗങ്ങളെ വിളിച്ചു വരുത്താനുള്ള ഉദ്ദേശ്യമാണോ ഇവര്‍ക്ക്?

 

..............................................................

Read more: കൊറോണക്കാലത്തെ പരീക്ഷാ സാധ്യതകള്‍ 
..............................................................

 

ഇനി അധ്യാപകര്‍ ഉണ്ടാകുമോ?

നിലവിലുള്ള അധ്യാപകര്‍ക്ക് ജോലി ചെയ്ത് പെന്‍ഷന്‍ പറ്റി പിരിഞ്ഞുപോകാം.  അധ്യാപകരാകാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇനി അത് ബുദ്ധിമുട്ടായിരിക്കും. രണ്ടായിരത്തോളം തസ്തികകള്‍ എയിഡഡ് മേഖലയില്‍ ഇല്ലാതായിരിക്കുന്നു. അതിന് ആനുപാതികമായി സര്‍ക്കാര്‍മേഖലയിലും തസ്തികകള്‍ കുറയും. ഭാവിയില്‍ തൊഴില്‍ കാത്തിരിക്കുന്നവര്‍ അധ്യാപക സ്വപ്‌നങ്ങളോട് വിട പറയാന്‍ സമയമായിരിക്കുന്നു. ധനവകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തിയ ഗൂഢ നീക്കത്തിലൂടെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിയമനനിരോധനം നടപ്പിലായിക്കഴിഞ്ഞിരിക്കുന്നു. 

ലോകം ലോക് ഡൗണിലായിരിക്കെ. എല്ലാവരും വീടുകളില്‍ കഴിയവെ, അവശ്യ സര്‍വ്വീസ് ഒഴികയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു കിടന്ന കാലത്ത് അതി സാഹസികമായി ഓഫീസിനെത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പുകാര്‍ ഒരു ഉത്തരവ് ഇറക്കി. ഉത്തരവ് ഇറങ്ങിയ ദിവസം പ്രത്യേകം ഓര്‍ത്തിരിക്കണം. ഏപ്രില്‍ ഒന്ന്.! ലോക വിഡ്ഢിദിനം! അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവരെ അതിനാവശ്യമായ യോഗ്യതകള്‍ നേടി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേയ്ക്ക് വരാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഇതിലും നല്ല ഒരു ദിവസം സ്വപ്നങ്ങളില്‍ മാത്രം.

എന്തായിരുന്നു ആ ഉത്തരവ്?

ബിരുദാനന്തര ബിരുദതലത്തില്‍ ഒരു മണിക്കൂര്‍ ക്ലാസ്സ് സമം ഒന്നര മണിക്കൂര്‍ എന്ന നിലയിലാണ് പതിറ്റാണ്ടുകളായി സ്റ്റാഫ് ഫിക്‌സേഷന് കണക്കാക്കിയിരുന്നത്. ബിരുദതലത്തില്‍ പഠിപ്പിക്കാന്‍ വേണ്ടതിനെക്കാള്‍ തയ്യാറെടുപ്പുകള്‍ ബിരുദാനന്തരതലത്തില്‍ പഠിപ്പിക്കാന്‍ വേണ്ടിവരും എന്ന തീര്‍ത്തും അക്കാദമികമായ യുക്തിയായിരുന്നു അതിന് പിന്നില്‍. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്നും തുടരുന്ന രീതിയാണിത്. ഏപ്രില്‍ ഒന്നാം തീയതിയിലെ ഉത്തരവിലൂടെ ഇത് റദ്ദ് ചെയ്തു. അതിന്റെ ഫലമായി സംസ്ഥാനത്താകെ നാല് സര്‍വ്വകലാശാലകള്‍ക്ക് കീഴിലെ എയ്ഡഡ് കോളജില്‍ മാത്രം 635 പി.ജി പഠനവകുപ്പുകളില്‍ ശരാശരി രണ്ട് പോസ്റ്റ് വീതം നഷ്ടപ്പെടും. ആകെ 1270 തസ്തികകള്‍ ഇല്ലാതാകും.

ആഴ്ചയില്‍ 16 മണിക്കൂര്‍ എന്നാണല്ലോ ജോലി ഭാരം കണക്കാക്കുന്നത്. (യഥാര്‍ത്ഥത്തില്‍ 40 മണിക്കൂറാണ്.) പതിനാറ് മണിക്കൂര്‍ നേരിട്ടുള്ള അധ്യാപനം ഇല്ലാത്ത പ്രത്യേക വിഷയങ്ങളുണ്ട്. ഉദാഹരണമായി ഐഛിക പഠനവകുപ്പുകള്‍ ഇല്ലാത്ത കോളേജുകളിലെ ഇംഗ്ലീഷ്, മലയാളം ഹിന്ദി, സംസ്‌കൃതം, പൊളിറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവ. ഒഴിച്ചുകൂടാനാവാത്ത ഇത്തരം ഏകാധ്യാപക വിഷയങ്ങള്‍ക്ക് 9 മണിക്കൂര്‍ മുതല്‍ 15 മണിക്കൂര്‍ വരെ ജോലി ഭാരമുണ്ടെങ്കില്‍ നിയമനം നടത്താം എന്നായിരുന്നു നിയമം. ഏപ്രില്‍ ഒന്നിന് അതും റദ്ദ് ചെയ്തു. ഈ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ വച്ചാല്‍ മതി എന്നാണ് ഉത്തരവ്. ഇതു മൂലം 700 ഓളം തസ്തികകള്‍ കൂടി ഇല്ലാതാകും. 

ഏകദേശം 2000 ഓളം അധ്യാപക തസ്തികകള്‍ ഇതുവഴി ഒറ്റയടിക്ക് ഇല്ലാതായിരിക്കുന്നു. ഇത്തരം നിയമന നിരോധന വിഷയങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ നിലപാടാണ്. അത്തരത്തില്‍ ഒരു ചര്‍ച്ച മുന്നണിയിലോ, പ്രധാന പാര്‍ട്ടികളിലോ, അവരുടെ അധ്യാപക സംഘടനകളിലോ നടത്തുകയുണ്ടായോ? മന്ത്രിസഭാ തീരുമാനം ഉണ്ടോ? നിയമന നിരോധനം ശുപാര്‍ശ ചെയ്യുന്ന പഠനങ്ങളോ നിര്‍ദ്ദേശങ്ങളോ ധന- ആസൂത്രണ വകുപ്പുകള്‍ നല്‍കുകയുണ്ടായോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല. അല്ലങ്കില്‍ തന്നെ ഉത്തരം തരാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസഥരല്ല എന്ന മട്ടാണ്. ആപ്പോള്‍ ആരാണ് മറുപടി പറയേണ്ടത്? തീര്‍ച്ചയായും ഉന്നത് വിദ്യാഭ്യാസ മന്ത്രിയും ധനകാര്യമന്ത്രിയും തന്നെ.

ധനമന്ത്രിയുടെ ഉപദേശകര്‍ അടക്കം പറയുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ഇതാണ് എന്നാണ്. ഇത് സാമാന്യ യുക്തിക്ക് നിരക്കുന്നതല്ല. കാരണം ഇന്ന് സേവനത്തിലുള്ള അധ്യാപകരില്‍ ഭൂരിഭാഗവും വിരമിക്കുന്നത് 2035 -ലും  അതിനു ശേഷവുമാണ്. ഇക്കാലം വരെ അവര്‍ക്ക് ശമ്പളം നല്‍കണം. അതുകൊണ്ട് നിയമന നിരോധനം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ള ആസന്ന പരിഹാരമല്ല.  

ഈ വര്‍ക്ക് ലോഡ് ഉത്തരവ് പ്രകാരം എഴുന്നൂറോളം അധ്യാപകര്‍ സംരക്ഷിത വിഭാഗത്തിലലേയ്ക്ക് മാറും ( സൂപ്പര്‍ ന്യൂമററി). അടുത്ത വര്‍ഷം മുതല്‍ ഒഴിവുവരുന്ന ഇടങ്ങളിലേയ്ക്ക് ഇവരെ സ്ഥലമാറ്റത്തിലൂടെ നിലനിര്‍ത്തും. ഇതിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ പുതിയ തസ്തികകള്‍ ഉണ്ടാവില്ല. അങ്ങനെ 2035 ഓടെ 2000 തസ്തികകള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. (പ്രിയ ഉദ്യോഗാര്‍ത്ഥികളെ, അധ്യാപകരാകാം എന്ന ആഗ്രഹം മറന്നേക്കൂ.!)

ഉന്നത പൊതു വിദ്യാഭ്യാസത്തിന്റെ ഭാവി എന്താണ് ?

കേരളത്തിലെ പൊതു ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും പഠനാവസരവും സൗകര്യവും ഒരുക്കുന്നു. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എയിഡഡ് കോളേജുകള്‍ നിരവധിയാണ്. സെല്‍ഫ് ഫൈനാന്‍സ് സ്ഥാപനങ്ങളും സ്വകാര്യ സര്‍വ്വകലാശാലകളും വര്‍ണ്ണ ശബളമായ പരസ്യങ്ങളുമായി ചുറ്റി നടന്നിട്ടും തകര്‍ക്കാനാവാത്ത പൊതു ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കേണ്ടത് ആരുടെ ആവശ്യമാണ്? അധ്യാപകവിരുദ്ധ ഉത്തരവുകളിലൂടെ വിദ്യാഭ്യാസ മേഖലയില്‍ അസ്വസ്ഥത പടര്‍ത്തുന്നത് ആരുടെ താല്‍പര്യപ്രകാരമാണ്? ആര്‍ക്കാണിത് ഗുണം ചെയ്യുക? 

കോളേജ് അധ്യാപകരുടെ കാര്യത്തില്‍ ഒരു ഉത്തരവുകൂടി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. യു ജി സി നിയമപ്രകാരം എം ഫില്‍, പിച്ച് ഡി യോഗ്യതയുള്ളവര്‍ക്ക് ലഭിച്ചിരുന്ന അധിക ആനുകൂല്യം റദ്ദ് ചെയ്തു. 2016 ജനുവരിക്കുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് എം.ഫില്‍ പി എച്ച് ഡി അധിക യോഗ്യതയുണ്ടെങ്കിലും ആനുകൂല്യം ലഭിക്കില്ല. നിലവില്‍ സര്‍വ്വീസിലുള്ള അധ്യാപകര്‍ ഗവേഷണ ബിരുദം നേടി വന്നാലും ആനുകൂല്യം നല്‍കില്ല. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തണമെന്നും അതിനായി ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും പറയുമ്പോള്‍ തന്നെ അധിക യോഗ്യതയ്ക്ക് നല്‍കിയിരുന്ന ആനുകൂല്യം വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. യു ജി സി ചട്ടങ്ങളെ മറി കടന്നുകൊണ്ട് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത് ആരാണ്? ഒരു പ്രയോജനവുമില്ലാത്ത ഗവേഷണത്തിനൊന്നും അധ്യാപകര്‍ പോകേണ്ടതില്ല, അതുമൂലമുണ്ടാകുന്ന ഗുണനിലവാരത്തകര്‍ച്ച പൊതുവിദ്യാഭ്യാസ മേഖല സഹിച്ചോളും എന്നാണ് ഇതിനു പിന്നിലെ താല്പര്യം. ആവശ്യത്തിന് അധ്യാപകരില്ലാത്ത സ്ഥാപനങ്ങളാക്കി, സ്ഥിരം അധ്യാപകരില്ലാത്ത സ്ഥാപനങ്ങളാക്കി പൊതു കലാലയങ്ങളെ മാറ്റുന്നതിന്റെ ഗുണഭോക്താക്കള്‍ ആരാണ്? 

ലോക് ഡൗണിനെ മറയാക്കി ഉത്തരവുകള്‍ ഒന്നിനുപിറകെ ഒന്നായി ഇറങ്ങിയപ്പോള്‍ തന്നെ ഈ സംശയങ്ങള്‍ ഉയര്‍ന്നതാണ്. ചോദ്യങ്ങളെ നേരിടാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ചെയതത് ഭിന്നിപ്പിക്കല്‍ തന്ത്രമാണ്. വര്‍ക്ക് ലോഡ്, അതുമൂലമുണ്ടാകുന്ന തസ്തിക നഷ്ടം, ഏകാധ്യാപക വിഷയങ്ങളില്‍ മണിക്കൂറുകള്‍ കണക്കു കൂട്ടി തസ്തിക ഒഴിവാക്കല്‍, ഗസ്റ്റ്് അധ്യാപക നിയമനത്തിന് കര്‍ശന ഉപാധികള്‍ ഇങ്ങനെ ഉത്തരവുകള്‍ക്കുമുകളില്‍ ഉത്തരവുകളുമായി ആദ്യം ലക്ഷ്യം വച്ചത് എയിഡഡ്  കോളേജുകളെയാണ്. (അവര്‍ ആദ്യം തേടിവന്നത് എഡിഡഡ് കോളേജുകളെയാണ്!)

സര്‍ക്കാര്‍ കോളേജ് അധ്യാപക സംഘടനകളുടെ ആദ്യ പ്രതികരണം ഇത് എയിഡഡ് കോളേജുകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണെന്നും സര്‍ക്കാര്‍ കോളേജുകളെ ബാധിക്കില്ല എന്നുമായിരുന്നു. സര്‍ക്കാരിന്റെ മോശം ധനസ്ഥിതി കണക്കിലെടുത്ത് ഇത് നല്ല തീരുമാനമാണെന്നുവരെ ഇടതു സംഘടനകള്‍ വ്യാഖ്യാനിച്ചു കളഞ്ഞു. അതോടെ ഭിന്നിപ്പിക്കല്‍ ലക്ഷ്യം കണ്ടു.

രണ്ടായിരത്തിലധികം തസ്തികകള്‍ എയിഡഡ് കോളേജുകളില്‍ ഇല്ലാതാകുമ്പോള്‍ അതിന് ആനുപാതികമായി സര്‍ക്കാര്‍ മേഖലയിലും തൊഴില്‍ നഷ്ടമുണ്ടാകും എന്ന തിരിച്ചറിവ് ഏറെ വൈകാതെ അവരെയും പിടികൂടി. പി എസ് സി പരീക്ഷയ്ക്ക് അപേക്ഷ അയച്ചിരിക്കുന്ന പുതിയ തൊഴിലന്വേഷകരെ അത് ബാധിക്കുമെന്ന സാമൂഹ്യബോധം ഉണര്‍ന്നപ്പോള്‍ കാര്യം മനസ്സിലായി. എയിഡഡ് മേഖലയില്‍ മാത്രമല്ല സര്‍ക്കാര്‍ മേഖലയിലും വലിയ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കുന്നതാണ് ഈ പരിഷ്‌കാരങ്ങള്‍. നിലവില്‍ ജോലി ചെയ്യുന്ന അധ്യാപകരേക്കാള്‍ ഇനി വരാനിരിക്കുന്നവരുടെ സാധ്യതകള്‍ ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കും. നെറ്റ്, എംഫില്‍, പിഎച്ച്ഡി യോഗ്യതകളുമായി അധ്യാപനം സ്വപ്നം കാണുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ എയിഡഡ് മേഖലകളില്‍ തൊഴില്‍ ലഭിക്കില്ല.

വേണമെങ്കില്‍ സ്വകാര്യ സര്‍വ്വകലാശാലകളിലോ, അണ്‍ എയിഡഡ് സ്വാശ്രയ സ്ഥാപനങ്ങളിലോ തൊഴില്‍ തേടാം. ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവര്‍ തീരുമാനിക്കുന്നതായിരിക്കും. തൊഴില്‍ സുരക്ഷയും സ്വാതന്ത്ര്യവും ജനാധിപത്യവും സാമൂഹ്യപ്രതിബദ്ധതയുമൊക്കെ വിധിപോലെ നടക്കും. അധ്യാപകര്‍ക്ക് എന്താണ് പണി എന്ന ചോദ്യത്തിന്റെ ഉത്തരം പൂര്‍ണ്ണമാകുന്നത് ഇവിടെയാണ്. ഒരു തൊഴില്‍ സേവനമേഖലയെ വെടക്കാക്കി തനിക്കാക്കുക.