Asianet News MalayalamAsianet News Malayalam

മെഹ്ദി ഹസനും ലതയും പാടി, ആദ്യ ഭാഗം പാക്കിസ്താനില്‍നിന്ന്, മറുപാതി ഇന്ത്യയില്‍നിന്നും!

ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന്‍ വിടപറഞ്ഞിട്ട് പത്തുവര്‍ഷങ്ങള്‍. പി ആര്‍ വന്ദന എഴുതുന്നു
 

In memory of Mehdi Hasan  ghazal maestro by PR Vandana
Author
Thiruvananthapuram, First Published Jun 13, 2022, 6:37 PM IST

ഒരു പാട്ട്, ഒരുമിച്ച് പാടുക. ലത മങ്കേഷ്‌ക്കറും മെഹ്ദി ഹസനും രണ്ടുപേരും ആഗ്രഹിച്ചിരുന്നു അത്. പക്ഷേ നടന്നത് ഏറെക്കാലം കഴിഞ്ഞാണ്. മെഹ്ദി ശരീരത്തിന്റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ തല താഴ്ത്തിത്തുടങ്ങിയിരുന്നു. 200-9ല്‍ ആദ്യഭാഗം മെഹ്ദി പാടുന്നു പാകിസ്ഥാനില്‍വെച്ച്. 2010-ല്‍ ഇന്ത്യയില്‍ വെച്ച് ലത ബാക്കി പൂരിപ്പിക്കുന്നു.

...................................

 

Read Also: 'എന്നെക്കിട്ടാനുള്ള ഭാഗ്യമൊരാള്‍ക്കാണ്, പക്ഷേ എനിക്കു വേണ്ടി ഇരക്കുന്നത് മറ്റാരോ ആണ്'

In memory of Mehdi Hasan  ghazal maestro by PR Vandana

Read More: 'ഗോ സറാ സീ ബാത് പെ..', മെഹ്ദി ഹസ്സന്റെ ഗസലിനെ ആഴത്തിലറിയാം
.............................

 

രാജകൊട്ടാരങ്ങളിലും പ്രഭുമാളികകളിലും സംഗീതം പഠിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ഗായകപരമ്പരയില്‍ ജനിച്ച, വിഭജനത്തിന്റെു രേഖയിലൂടെ അയല്‍പ്രദേശത്ത് പോയ, പിന്നെ അവിടെനിന്ന് അതിര്‍ത്തികളും വേലിക്കെട്ടുകളും മായ്ച്ചുകളഞ്ഞ സംഗീതസിദ്ധിയാല്‍ ലോകപൗരനായ മെഹ്ദി ഹസന്‍. ഗസലുകളുടെ ചക്രവര്‍ത്തി മെഹ്ഫിലുകളും അരങ്ങുകളും ഒഴിഞ്ഞിട്ട് ഇന്ന് പത്ത് കൊല്ലം.

ആദ്യം അച്ഛനും പിന്നെ അമ്മാവനുമാണ് സംഗീതവഴിയിലേക്ക് മെഹ്ദിയെ പിച്ച വെപ്പിച്ചത്. ദ്രുപദ് സംഗീത ശൈലിയിലെ മികച്ച സംഗീതജ്ഞന്മാരായിരുന്ന ഉസ്താദ് അസീം ഖാന്റെയും ഉസ്താദ് ഇസ്മയില്‍ ഖാന്റെയും ശിക്ഷണം രാകിമിനുക്കിയ മികവ്. വിവിധ ശൈലികളില്‍ (തുമ്രി, ദ്രുപദ്, ഖായല്‍, ദാദ്ര)   എങ്ങനെ വായ്പാട്ടു കൂടി കൂട്ടിയിണക്കാമെന്നു പഠിച്ചു. എട്ടാമത്തെ വയസ്സില്‍തന്നെ രാജസദസ്സിനെ കയ്യിലെടുത്ത പ്രകടനം. അധികം വൈകാതെ  ജയ്പൂര്‍  കൊട്ടാരത്തിലെ ആസ്ഥാന സംഗീതജ്ഞനായുള്ള വളര്‍ച്ച. 

ജനിച്ചുവളര്‍ന്ന രാജസ്ഥാനിലെ ജുന്‍ജുന്‍ പ്രവിശ്യയില്‍ നിന്ന് ഇരുപതാംവയസ്സില്‍ പൊക്കണവും മാറാപ്പുമായി പാകിസ്ഥാനിലേക്ക് പലായനം.  ജീവിതം എന്ന വലിയ ചോദ്യത്തിന് മുന്നില്‍ സംഗീതം പിന്‍സീറ്റിലേക്ക് മാറി. വര്‍ക്ക് ഷോപ്പുകളിലെ തട്ടലുംമുട്ടലും പ്രധാനതാളമായി. പിന്നെ പത്തുവര്‍ഷത്തിനിപ്പുറം റേഡിയോ പാകിസ്ഥാനില്‍ തുംരി പാടാന്‍ അവസരം കിട്ടിയത് പുതിയ ലോകം തുറന്നിട്ടു. ഉസ്താദ് ബര്‍ക്കത്ത് അലി ഖാന്‍, ബീഗം അക്തര്‍, മുക്താര്‍ ബീഗം എന്നിവരോടൊപ്പം മെഹ്ദിക്കും കൊടുത്തു ആസ്വാദകലോകം ഒരിപ്പിടം.  

പിന്നെ അവിടെ നിന്ന് ചലച്ചിത്രഗാനങ്ങളിലേക്ക്. തുടക്കം 1962-ല്‍ ശിക്കാര്‍ എന്ന സിനിമയില്‍ 'മേരെ ഖവാബ് ഓ ഖയാല്‍കി ദുനിയലിയേ ഹുവേ' എന്ന ഗാനത്തോടെ.  1964ല്‍ ഫാറംഗ് എന്ന  സിനിമയിലെ 'ഗുലോം മെ രംഗം ഭരെ'  എന്ന പാട്ട് സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റായിരുന്നു. പിറന്നത് മെഹ്ദി ഹസന്റെ ദശകങ്ങള്‍. 70-കള്‍ വരെയും മെഹ്ദി ഹസന്റൈ സംഗീതമില്ലാതെ പാക് സിനിമകള്‍ ഇറങ്ങുന്നത് അപൂര്‍വമായി. സിനിമാതിരക്കിലും റേഡിയോയില്‍ പാടാതിരുന്നില്ല. സ്റ്റേജ് പരിപാടികള്‍ വേറെ. മെഹ്ദിയുടെ ഈണം രാവും പകലും പെയ്തിറങ്ങിയ ദിവസങ്ങള്‍. മാസങ്ങള്‍. വര്‍ഷങ്ങള്‍. ഗസല്‍ ഗായകനായി, പിന്നണി ഗായകനായി, സംഗീതസംവിധായകനായി. ആയിരക്കണക്കിന് പാട്ടുകള്‍. 

 

 

അസുഖങ്ങള്‍ വല്ലാതെ പിടിമുറുക്കിയതിന് പിന്നാലെ 80-കളുടെ അവസാനത്തോടെ സിനിമയില്‍ പാടുന്നത് നിര്‍ത്തി. കലാപരിപാടികളും പതുക്കെ അവസാനിപ്പിച്ചു. ശരീരം അനുവദിക്കുംവരെ പാടി. പാട്ട് നിര്‍ത്തിയപ്പോള്‍ അതുവരെ പാടിയ പാട്ടുകളെല്ലാം ശ്രോതാക്കളുടെ മനസ്സില്‍ റീപ്ലേ മോഡില്‍  തുടര്‍ന്നു. ലണ്ടനിലെ റോയല്‍ ആല്‍ബെര്‍ട്ട് ഹാള്‍ ഉള്‍പെടെയുള്ള വിഖ്യാത വേദികളില്‍ നിന്ന് , പാടിത്തുടങ്ങുമ്പോള്‍ തന്നെ കേട്ടുതുടങ്ങുന്ന കയ്യടികള്‍ ഇപ്പോള്‍ ശ്രോതാക്കളുടെ മനസ്സിന്റെ മിടിപ്പായിരിക്കുന്നു. 

ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളോ രാഷ്ട്രീയമായ വിയോജിപ്പുകളോ ജീവിതപരമായ ഇഷ്ടാനിഷ്ടങ്ങളോ ആ സ്വരമാധുരിയുടെ ആസ്വാദനത്തില്‍ തട്ടുതടവുകള്‍ ഉണ്ടാക്കിയില്ല. ഇന്ത്യയും പാകിസ്ഥാനും നേപ്പാളുമെല്ലാം പുരസ്‌കാരങ്ങളാല്‍ ആ മഹാനായ കലാകാരനെ ആദരിച്ചു. സമ്പാദ്യമെല്ലാം വലിയ കുടുംബത്തിനും പിന്നെ ചികിത്സക്കുമായി ചെലവായപ്പോഴും സംഗീതമെന്ന വലിയ സമ്പത്ത് അദ്ദേഹത്തെ എന്നും ധനികനായി നിലനിര്‍ത്തി. സംഗീതപ്രേമികളുടെ മനസ്സില്‍ അമരത്വം നല്‍കി

 

 

വാല്‍ക്കഷ്ണം: ഒരു പാട്ട്, ഒരുമിച്ച് പാടുക. ലത മങ്കേഷ്‌ക്കറും മെഹ്ദി ഹസനും രണ്ടുപേരും ആഗ്രഹിച്ചിരുന്നു അത്. പക്ഷേ നടന്നത് ഏറെക്കാലം കഴിഞ്ഞാണ്. മെഹ്ദി ശരീരത്തിന്റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ തല താഴ്ത്തിത്തുടങ്ങിയിരുന്നു. 200-9ല്‍ ആദ്യഭാഗം മെഹ്ദി പാടുന്നു പാകിസ്ഥാനില്‍വെച്ച്. 2010-ല്‍ ഇന്ത്യയില്‍ വെച്ച് ലത ബാക്കി പൂരിപ്പിക്കുന്നു. ഒടുവില്‍ 2010-ല്‍ തേരാ മില്‍ന പുറത്തിറങ്ങുന്നു.  ഇന്ത്യയുടെ വാനമ്പാടിക്ക് അത് സ്വപ്നസാഫല്യം. മെഹ്ദിക്ക് അഭിമാനനിമിഷം. ആരാധകര്‍ക്ക് എന്നെന്നും ഓര്‍മിക്കാവുന്ന ഒരു കൂടിച്ചേരലും.   

Follow Us:
Download App:
  • android
  • ios