അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.സലിം കൗസര്‍ രചിച്ച ഏറെ പ്രസിദ്ധമായ ഒരു ഗസലാണ് ഇന്ന്. 'മേം ഖയാല്‍ ഹൂം കിസി ഓര്‍ കാ..' ഇത് ഇത്തിരി ഗഹനമായ ഒരു തത്വശാസ്ത്രമാണ് മുന്നോട്ടുവെക്കുന്നത്.  മറ്റാരുടെയോ തോന്നലാണ് ഞാന്‍. എന്നാല്‍ എന്നെ ഇപ്പോള്‍ ഓര്‍ക്കുന്നത് മറ്റാരോ ആണ്. കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം എന്റേതാണ്. കണ്ണാടിക്കുപിന്നിലുള്ളയാള്‍ മറ്റാരോ ആണ്.

അര്‍ത്ഥവിചാരം

I
मैं ख़याल हूँ किसी और का मुझे सोचता कोई और है
सर-ए-आईना मेंरा अक्स है पस-ए-आईना कोई और है

മേ ഖയാല്‍ ഹൂന്‍ കിസി ഓര്‍ കാ, മുഝേ സോച്താ കോയി ഓര്‍ ഹേ
സര്‍-എ-ആയിനാ മെരാ അക്സ് ഹേ, പസെ ആയിനാ കോയി ഓര്‍ ഹേ..

മറ്റാരുടെയോ സങ്കല്‍പ്പമാണ് ഞാന്‍,
എന്നെയോര്‍ക്കുന്നതോ വേറൊരാളും.
കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം എന്റേതാണ്.
കണ്ണാടിക്കുപിന്നിലുള്ളയാള്‍ മറ്റാരോ ആണ്.

കഠിനപദങ്ങള്‍  

ഖയാല്‍- സങ്കല്‍പ്പം, സര്‍-എ-ആയിനാ- കണ്ണാടിയില്‍ പതിഞ്ഞിരിക്കുന്ന, അക്സ്- പ്രതിബിംബം, പസെ ആയിനാ- കണ്ണാടിയില്‍ അകപ്പെട്ടിരിക്കുന്നത്

II
मैं किसी के दस्त-ए-तलब में हूँ तो किसी के हर्फ़-ए-दुआ में हूँ
मैं नसीब हूँ किसी और का मुझे माँगता कोई और है

മേ കിസീ കെ ദസ്ത്-എ-തലബ് മേ ഹൂം, തോ കിസീകെ ഹര്‍ഫ്-എ-ദുവാ മേ ഹൂം
മേ നസീബ് ഹൂം കിസീ ഓര്‍ കാ, മുഝേ മാംഗ്താ കോയീ ഓര്‍ ഹേ..

ആരുടെയോ നീട്ടിപ്പിടിച്ച കൈകളിലാണ് ഞാന്‍
പക്ഷേ എനിക്കായുള്ള പ്രാര്‍ത്ഥനകള്‍ മറ്റാരുടെയോ ആണ്..
എന്നെക്കിട്ടാനുള്ള ഭാഗ്യമൊരാള്‍ക്കാണ്,
പക്ഷേ എനിക്കു വേണ്ടി ഇരക്കുന്നത് മറ്റാരോ ആണ്..

കഠിനപദങ്ങള്‍  

ദസ്ത്-എ-തലബ്- നീട്ടിയ കൈകള്‍, ഹര്‍ഫ്-എ-ദുവാ- പ്രാര്‍ത്ഥനാവചനങ്ങള്‍, നസീബ് - ഭാഗ്യം, മാംഗ്നാ- ഇരക്കുക

III
अजब ए'तिबार ओ बे-ए'तिबारी के दरमियान है ज़िंदगी
मैं क़रीब हूँ किसी और के मुझे जानता कोई और है

അജബ് ഐത്ബാര്‍-ഒ-ബേ ഏത്ബാരി കേ ദര്‍മ്മിയാന്‍ ഹേ സിന്ദഗി
മേ കരീബ് ഹൂം കിസീ ഓര്‍ കാ, മുഝേ ജാന്‍താ കോയീ ഓര്‍ ഹേ

വിശ്വാസാവിശ്വാസങ്ങള്‍ക്കിടയിലെ
നൂല്‍പ്പാലത്തിലുലയുകയാണ് ജീവിതം
എനിക്ക് ഏറെയടുപ്പം മറ്റൊരാളോടാണ്
എങ്കിലും എന്നെ അറിയുന്നയാള്‍ വേറാരോ ആണ്.

കഠിനപദങ്ങള്‍  

അജബ് - വല്ലാത്തൊരു, ഏത്ബാര്‍- വിശ്വാസം, ദര്‍മ്മിയാന്‍- ഇടയ്ക്ക്, കരീബ്- അരികില്‍

IV

तुझे दुश्मनों की ख़बर न थी मुझे दोस्तों का पता नहीं
तेरी दास्ताँ कोई और थी मिरा वाक़िआ कोई और है

തുഝേ ദുശ്മനോം കി ഖബര്‍ ന ഥീ, മുഝെ ദോസ്തോം കാ പതാ നഹീ
തേരാ ദാസ്താന്‍ കോയീ ഓര്‍ ഹേ, മേരാ വാക്കിയാ കോയീ ഓര്‍ ഹേ.

നിന്റെ ശത്രുക്കളെ നീയറിഞ്ഞിരുന്നില്ല, എന്റെ സ്‌നേഹിതരെ ഞാനും.
നിന്റെ കഥയൊന്നാണ്, എന്റേത് മറ്റൊന്നും.

കഠിനപദങ്ങള്‍  

ദാസ്താന്‍- കഥ, വാക്കിയാ- സംഭവം

V

वही मुंसिफ़ों की रिवायतें वही फ़ैसलों की इबारतें
मेंरा जुर्म तो कोई और था प मिरी सज़ा कोई और है

വോ മുന്‍സിഫോം കി രിവായതേം, വോ ഫൈസ്ലോം കി ഇബാരതേം..
മേരാ ജുര്‍മ് തോ കോയീ ഓര്‍ ഥാ, യേ മെരീ സസാ കോയീ ഓര്‍ ഹേ..

കോടതികളുടെ അതേ ചിട്ടവട്ടങ്ങളും
വിധികളുടെ അതേ അന്യായങ്ങളും..
ഞാന്‍ ചെയ്തുപോയ കുറ്റമൊന്നായിരുന്നു
എനിക്കു വിധിച്ചിരിക്കുന്ന ഈ ശിക്ഷ വേറൊന്നാണ്..

കഠിനപദങ്ങള്‍  

മുന്‍സിഫ്- കോടതി , രിവായത്ത്- ചിട്ടവട്ടം, ഫേസ്ലാ- വിധി, ഇബാരത്- അന്യായം, ജുര്‍മ്- കുറ്റം, സസാ- ശിക്ഷ

VI

जो मेरी रियाज़त-ए-नीम-शब को 'सलीम' सुब्ह न मिल सकी
तो फिर इस के मअ'नी तो ये हुए कि यहाँ ख़ुदा कोई और है

ജോ മെരേ രിയാസത്-എ-നീം ശബ് കൊ 'സലീം' സുബ്ഹാ നാ മില്‍ സകീ
തോ ഫിര്‍ ഇസ്‌കെ മാനി തോ ഹുവാ യെ കെ, യഹാം ഖുദാ കോയീ ഓര്‍ ഹേ..

പാതിരയോളമുറക്കമിളച്ചുള്ള
എന്റെ പ്രാര്‍ത്ഥനകള്‍ക്ക് 
വെളിച്ചംകിട്ടിയില്ലെങ്കില്‍, ഞാന്‍ കരുതും, 'സലീം'
ഇവിടെ ദൈവമെന്നത് മറ്റാരോ ആണെന്ന്..

കഠിനപദങ്ങള്‍  

രിയാസത്- പ്രാര്‍ത്ഥന, നീം ശബ്- അര്‍ദ്ധരാത്രി മാനി - അര്‍ഥം

സലിം കൗസര്‍

കവിപരിചയം

സലിം കൗസര്‍ 1947  ഒക്‌ടോബര്‍ 24 -ന്  ഇന്ത്യയിലെ പാനിപ്പത്തില്‍ ജനിച്ചു. യഥാര്‍ത്ഥ നാമം മുഹമ്മദ് സലിം. വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറിയ കൗസറുടെ കുടുംബം പിന്നീടുള്ള കാലം പാകിസ്ഥാനിലെ പഞ്ചാബിനടുത്തുള്ള ഖനേവാലിലാണ് കഴിഞ്ഞത്. അവിടെനിന്ന് ആദ്യം കബീര്‍വാലയിലേക്കും. പിന്നീട് കറാച്ചിയിലേക്ക് മാറിയ കൗസര്‍ കറാച്ചിയില്‍ പല പത്രങ്ങളിലും തൊഴിലെടുത്തുപോന്നു. കാലിഗ്രഫിയും, പ്രൂഫ് നോക്കലും അടക്കം ഒരുവിധം എല്ലാ ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ട്.  1975-ല്‍ അദ്ദേഹം  പിടിവിയില്‍ ചേര്‍ന്നു.

കബീര്‍വാലയില്‍ കഴിഞ്ഞിരുന്ന കാലത്തുതന്നെ അദ്ദേഹം ഉര്‍ദുവില്‍ കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. ഉര്‍ദുവില്‍ അദ്ദേഹം അഞ്ചു കവിതാസമാഹാരങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 1980-ല്‍ മേം ഖയാല്‍ ഹൂം കിസൈ ഓര്‍ കാ എന്ന ഈ ഗസല്‍ പല പ്രസിദ്ധരായ ഗായകരും പാടിയതോടെയാണ് കവിയും ജനപ്രിയനായ മാറുന്നത്.

സ്വന്തം കവിതയെപ്പറ്റി അദ്ദേഹം എഴുതിയിട്ടുള്ളത് ഇപ്രകാരമാണ്,

प्यार करने के लिए, गीत सुनाने के लिए
एक खज़ाना मेरे पास, लुटाने के लिए

പ്യാര്‍ കര്‍നെ കെ ലിയേ, ഗീത് സുനാനെ കെ ലിയേ
ഏക് ഖസാനാ ഹേ മേരെ പാസ് ലുട്ടാനേ കെ ലിയേ

സ്‌നേഹം പകര്‍ന്നു നല്‍കാന്‍, പാട്ടുകള്‍ കേള്‍പ്പിക്കാന്‍
ഒരു നിധിയുണ്ടെന്റെയുള്ളില്‍, മറ്റുള്ളവര്‍ക്കെന്നും കവര്‍ന്നെടുത്തുകൊള്ളാന്‍..!

പാകിസ്ഥാനില്‍ നിലനിന്നിരുന്ന മതാന്ധതയെപ്പറ്റി അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ എഴുതി

मेरे लोगों को जिहालत के अंधेरों से निकाल
मेरे बच्चों को माहो मेहरो सितारा कर दे

മേരെ ലോഗോം കോ ജിഹാലത് കെ അന്ധേരോംസെ നികാല്‍
മേരെ ബച്ചോം കോ മാഹോ മെഹറോ സിതാരാ കര്‍ ദേ

എന്റെ സഹജീവികളെ വിവരക്കേടിന്റെ
അന്ധകാരക്കുഴിയില്‍ നിന്ന് കരകയറ്റൂ..
എന്റെ കുഞ്ഞുങ്ങളെ സൂര്യനെയും ചന്ദ്രനെയും
നക്ഷത്രങ്ങളെയും പോല്‍ തിളക്കമുള്ളവരാക്കൂ..


രാഗവിസ്താരം

ഭൈരവി ഥാട്ടിൽ ഉസ്താദ് മെഹ്ദി ഹസന്‍ പാടിയ വെര്‍ഷനാണ് ഏറ്റവും പ്രസിദ്ധമായത്.

മെഹ്ദി ഹസന്‍

നുസ്രത് ഫത്തേ അലി ഖാന്‍

ഹരിഹരന്‍

ഗുലാം അലി

 

ഗസലറിവ് പരമ്പരയില്‍ ഇതുവരെ:
ചുപ്‌കേ ചുപ്‌കേ രാത് ദിൻ... 

'ഏക് ബസ് തൂ ഹി നഹി' 

യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ

 ഹസാറോം ഖ്വാഹിഷേം ഐസീ

'രൻജിഷ് ഹീ സഹീ'

 ഹംഗാമാ ഹേ ക്യൂം ബര്‍പാ

മുഹബ്ബത്ത് കര്‍നേ വാലേ