Asianet News MalayalamAsianet News Malayalam

'ഒരു ജാതി, മതം, ദൈവം' എന്നാദ്യം പറഞ്ഞ സ്വാമി, 42 വയസ്സിനകം നാടിനെ മാറ്റിമറിച്ചു!

സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് വൈകുണ്ഠസ്വാമിയാര്‍

india at 75 life and struggles of Vaikunda Swami
Author
Thiruvananthapuram, First Published Aug 20, 2022, 12:18 PM IST

ശുചീന്ദ്രം ക്ഷേത്രത്തിലെ അയിത്തത്തെ ചോദ്യം ചെയ്തെന്ന സവര്‍ണരുടെ പരാതിയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാ രാജാവ് സാക്ഷാല്‍ സ്വാതി തിരുനാള്‍ സ്വാമിയാരെ  തുറുങ്കിലടച്ചത് 110 ദിവസം.  'വെള്ളക്കാരായ അധികാരികള്‍ വെളുത്ത നീചരെങ്കില്‍ തിരുവിതാംകൂര്‍ രാജാവ് കരിനീചന്‍' എന്നായിരുന്നു സ്വാമിയാരുടെ വിശേഷണം.

വൈദേശികാധിപത്യത്തിനെതിരെ പോരാടിയവര്‍ ധാരാളം. രാജഭരണത്തിനും പൗരോഹിത്യത്തിനും സവര്‍ണ മേധാവിത്തത്തിനും എതിരെ ജീവിതമുഴിഞ്ഞുവെച്ചവരും കുറവല്ല.  പുരുഷാധിപത്യത്തെ ചോദ്യം ചെയ്തവരും ഉണ്ട്. എന്നാല്‍ ഇവയെല്ലാം ഒന്നിച്ച് ചെയ്ത മനുഷ്യര്‍ ഉണ്ടോ? അതില്‍  പ്രഥമഗണനീയനാണ് വൈകുണ്ഠസ്വാമിയാര്‍ എന്ന വിസ്മയപുരുഷന്‍.  അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളൊന്നും അക്കാലത്ത് സമൂഹത്തിന് പരിചിതമായിരുന്നില്ല. 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു കന്യാകുമാരിക്കടുത്ത് ശാസ്താംകോവില്‍ വിള എന്ന കുഗ്രാമത്തിലെ ഏറ്റവും അധ:സ്ഥിത ചാന്നാര്‍ സമുദായത്തില്‍ വൈകുണ്ഠ സ്വാമിയുടെ ജനനം.  കുട്ടിയുടെ തേജസ്സാര്‍ന്ന മുഖം കണ്ട 'മുടി ചൂടും പെരുമാള്‍'  എന്ന് അച്ഛന്‍ പൊന്നുമാടനും അമ്മ വെയിലാലും പേരിട്ടു. പക്ഷെ  വഴിനടക്കാനോ മാറ് മറയ്ക്കാനോ പോലും അവകാശം നിഷേധിക്കപ്പെട്ട പിന്നാക്കജാതിക്കാര്‍ക്ക് അത് പറ്റിയ പേരല്ലെന്ന് പറഞ്ഞ് സവര്‍ണവിഭാഗം വാള്‍ ഉയര്‍ത്തി. അങ്ങനെ കുട്ടിയുടെ പേര് മുത്തുക്കുട്ടി എന്ന മാറ്റി. 

ഇരുപതാം വയസ്സില്‍  ഗുരുതരരോഗബാധിതനായി തിരുച്ചെന്തൂരിലെ മുരുകന്‍ കോവിലില്‍ എത്തിയ മുത്തുക്കുട്ടിക്ക് അവിടെ ലഭിച്ചത് ജ്ഞാനോദയം.  സ്വഗ്രാമത്തില്‍ തിരിച്ചെത്തി വൈകുണ്ഠസ്വാമിയെന്ന പേര് സ്വീകരിച്ചു. പുരാണേതിഹാസങ്ങളും ബൈബിളും ഖുര്‍ആനും വായിച്ച് പണ്ഡിതനായ സ്വാമിയുടെ അറിവും അത്ഭുതസിദ്ധികളും നാടാകെ പ്രചരിച്ചു. ഭക്തരുടെ പ്രവാഹമായി.  അതോടെ അദ്ദേഹത്തിന്റെ ആസ്ഥാനത്തിന്റെ പേര് സ്വാമിത്തോപ്പ് എന്നായി. 

കൊടിയ അയിത്താചാരണത്തിന്റെ ഇരകളായ ചാന്നാര്‍ സമുദായത്തെ മുന്നോട്ട്‌കൊണ്ടുവരാന്‍ സ്വാമി പ്രയത്‌നമാരംഭിച്ചു. ജാതിമതഭേദമെന്യേ മനുഷ്യരെല്ലാവരും സമന്മാരാണെന്ന് ഉദ്ഘോഷിക്കുന്ന സമത്വസമാജം എന്ന സംഘടന.  അയിത്തക്കാര്‍ക്ക് പ്രവേശമല്ലാത്ത ക്ഷേത്രങ്ങള്‍ക്ക് പകരം എല്ലാ ജാതിമതക്കാര്‍ക്കും പ്രാര്‍ത്ഥിക്കുകയും താമസിക്കുകയും ചെയ്യാന്‍  'നിഴല്‍ തന്‍കല്‍' എന്ന വഴിയോര കോവിലുകള്‍. പിന്നാക്കക്കാര്‍ക്ക് നിഷേധിക്കപ്പെട്ട പൊതുകിണറുകള്‍ക്ക്  പകരം മുന്തിരിക്കിണര്‍ . സമുദായത്തെ വ്യക്തിശുദ്ധി പഠിപ്പിച്ച തുവായാല്‍ പന്തി. വിഗ്രഹാരാധനയെ എതിര്‍ത്ത് ആദ്യം കണ്ണാടി പ്രതിഷ്ഠ നടത്തിയതും മൃഗബലിയെ എതിര്‍ത്തതും സ്വാമിയാര്‍. ഒരു ജാതി, മതം, ദൈവം, എന്ന ആപ്തവാക്യം ആദ്യം മുഴക്കിയതും വൈകുണ്ഠസ്വാമി. പത്തൊമ്പതാം നൂറ്റാണ്ടില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ചാന്നാര്‍ വനിതകളുടെ ഐതിഹാസികമായ മാറുമറയ്ക്കല്‍ പ്രക്ഷോഭത്തിന് സമുദായത്തിന്റെ ആത്മവിശ്വാസം ഉണര്‍ത്തിയവരില്‍ പ്രഥമഗണനീയന്‍ വൈകുണ്ഠ സ്വാമി.

ശുചീന്ദ്രം ക്ഷേത്രത്തിലെ അയിത്തത്തെ ചോദ്യം ചെയ്തെന്ന സവര്‍ണരുടെ പരാതിയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ മഹാ രാജാവ് സാക്ഷാല്‍ സ്വാതി തിരുനാള്‍ സ്വാമിയാരെ  തുറുങ്കിലടച്ചത് 110 ദിവസം.  'വെള്ളക്കാരായ അധികാരികള്‍ വെളുത്ത നീചരെങ്കില്‍ തിരുവിതാംകൂര്‍ രാജാവ് കരിനീചന്‍' എന്നായിരുന്നു സ്വാമിയാരുടെ വിശേഷണം. സ്വസമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെയും അവരെ ആധുനീകരിക്കുന്നതിനും അദ്ദേഹം മുന്നില്‍ നിന്നു. 

സംഘടിതമതത്തെ തള്ളിയ അദ്ദേഹത്തിന്റെ സമ്പ്രദായം അയ്യാവഴി എന്നറിയപ്പെട്ടു. അദ്ദേഹത്തിന്റെ ശിഷ്യന്‍ തൈക്കാട് അയ്യാഗുരു  ശ്രീ നാരായണഗുരുവിനും ചട്ടമ്പി സ്വാമികള്‍ക്കും ഒക്കെ മാര്‍ഗ്ഗദര്‍ശിയായിരുന്നു. സ്ത്രീ സമത്വത്തിനും പന്തിഭോജനത്തിനും വ്യക്തിശുദ്ധിക്കും വേണ്ടി അദ്ദേഹം ആഹ്വാനം ചെയ്തു. ഹൈന്ദവ  സവര്‍ണ ആചാരങ്ങള്‍ക്കെതിരെ മാത്രമല്ല  ക്രിസ്തീയ മിഷണറിമാരുടെ മതം മാറ്റലിനും എതിരായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കാലത്തിനു എത്രയോ മുന്നേ സഞ്ചരിച്ച മഹാപുരുഷന്‍ നാല്പത്തിരണ്ടാം വയസ്സില്‍ നിര്യാതനായി. 
 

Follow Us:
Download App:
  • android
  • ios