ഒരു സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരു ബില്യൺ സ്ട്രീമുകൾ നേടുന്ന ആദ്യ കൊറിയൻ വനിതാ സോളോയിസ്റ്റ് എന്ന റെക്കോർഡാണ് ജിസൂ സ്വന്തമാക്കിയത്. സോളോ കരിയറിൽ വെറും 925 ദിവസങ്ങൾക്കുള്ളിൽ…. 

ആഗോള സംഗീത ചാർട്ടുകളിൽ തങ്ങളുടെതായ ആധിപത്യം തുടരുന്ന ദക്ഷിണ കൊറിയൻ ഗേൾ ഗ്രൂപ്പായ ബ്ലാക്ക്‌പിങ്കിന്റെ പ്രധാന ഗായിക ജിസൂ, സോളോ രംഗത്തും ലോക റെക്കോർഡിന്റെ കൊടുമുടി കീഴടക്കി. ഒരു സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരു ബില്യൺ സ്ട്രീമുകൾ നേടുന്ന ആദ്യ കൊറിയൻ വനിതാ സോളോയിസ്റ്റ് എന്ന റെക്കോർഡാണ് ജിസൂ സ്വന്തമാക്കിയത്. സോളോ കരിയറിൽ വെറും 925 ദിവസങ്ങൾക്കുള്ളിൽ, കേവലം എട്ട് ട്രാക്കുകളിലൂടെയാണ് ഈ അവിശ്വസനീയമായ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

'ഐസ് ക്ലോസ്ഡ്' ആഗോള ചാർട്ടുകളിൽ തീപ്പൊരി

ഈ ചരിത്രനേട്ടത്തിന് തിളക്കം കൂട്ടിക്കൊണ്ട്, ബ്രിട്ടീഷ് പോപ്പ് ഗായകനും വൺ ഡയറക്ഷൻ മുൻ അംഗവുമായ സെയ്‌ൻ മാലിക്കിനൊപ്പമുള്ള, ജിസൂവിന്റെ ഏറ്റവും പുതിയ സിംഗിൾ 'ഐയ്സ് ക്ലോസ്ഡ്' ആഗോള ചാർട്ടുകളിൽ ഇടം പിടിക്കുകയാണ്.

ഒക്ടോബർ 10-ന് പുറത്തിറങ്ങിയ ഗാനം യൂട്യൂബ്, സേപോട്ടിഫൈ, ഐ ട്യൂൺ തുടങ്ങിയ പ്രധാന പ്ലാറ്റ്‌ഫോമുകളിൽ ഒന്നാം സ്ഥാനത്ത് എത്താനായി മത്സരിക്കുന്നു. യൂട്യൂബിൽ റിലീസായ ഉടൻ തന്നെ മ്യൂസിക് വീഡിയോ 74 രാജ്യങ്ങളിൽ ട്രെൻഡിംഗ് ചാർട്ടിൽ ഒന്നാമതെത്തി.

സ്പോട്ടിഫൈ ഗ്ലോബൽ ചാർട്ടിൽ #21-ൽ അരങ്ങേറ്റം കുറിച്ച ഗാനം, 32 രാജ്യങ്ങളിലെ പ്രതിദിന ടോപ് സോങ്‌സ് ചാർട്ടുകളിൽ ഇടംനേടി. മാത്രമല്ല, 40 രാജ്യങ്ങളിലെ ഐട്യൂൺ ടോപ്പ് സിംഗിൾസ് ചാർട്ടുകളിലും, ചൈനയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ QQ മ്യൂസിക്, കുഗോ എന്നിവയുടെ പ്രതിദിന വിൽപ്പന ചാർട്ടിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട്, ഈ ഗാനം ആഗോളതലത്തിൽ തരംഗമായി മാറി.

പ്രണയവും ശൂന്യാകാശ യാത്രയും:

ബ്രിട്ടീഷ് പോപ്പ് ഗായകനായ സെയ്‌ൻ മാലിക്കുമായുള്ള ജിസൂവിന്റെ ആദ്യ സഹകരണമാണിത്. തമ്മിൽ പിരിഞ്ഞ രണ്ട് പേർ വീണ്ടും പ്രണയം തിരഞ്ഞെടുക്കുന്ന മനോഹരമായ കഥയാണ് 'ഐസ് ക്ലോസ്ഡ്'. സെയ്‌ൻ മാലിക്കിൻ്റെ വേറിട്ട ആലാപന ശൈലി ഈ ട്രാക്കിന് പുതിയ മാനം നൽകുന്നു. ശൂന്യാകാശ പശ്ചാത്തലത്തിൽ, ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ ഒഴുകി നടക്കുന്ന പ്രണയിതാക്കളെ ചിത്രീകരിക്കുന്ന കോസ്മിക് തീമിലുള്ള മ്യൂസിക് വീഡിയോ, അതിന്റെ മനോഹരമായ ദൃശ്യങ്ങളാൽ ആരാധകരെ ആകർഷിക്കുകയാണ്.

ബ്ലാക്ക്‌പിങ്കിലെ അംഗമായിരിക്കുമ്പോൾ തന്നെ സോളോ രംഗത്തും ലോക റെക്കോർഡുകൾ വാരിക്കൂട്ടുന്ന ജിസൂ, കെ-പോപ്പ് ലോകത്ത് തൻ്റേതായ ഒരിടം കൂടുതൽ ശക്തമാക്കുകയാണ് ഈ പുതിയ നേട്ടങ്ങളിലൂടെ.