കോര്‍ക്ക്: ഏയ്... സായിപ്പേ ദിസ് ജിന്‍ ഈസ് ഔവര്‍ ജിന്‍... അയര്‍ലന്‍ഡിലെ മലയാളികള്‍ ഒരു കുപ്പി പൊട്ടിച്ച് അടിച്ച് കഴിഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞു കാണുമോ..? ചുമ്മാ ഒരു ഊഹം പറഞ്ഞതാണ്. പക്ഷേ, അയര്‍ലന്‍ഡിലെ മലയാളികള്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണ്. അവരുടെ സ്വന്തം എന്ന് പറയാവുന്ന ജിന്‍ അല്‍പ്പം നുണഞ്ഞ് അവര് നാടിന്‍റെ ഓര്‍മ്മകളെ ചേര്‍ത്ത് പിടിക്കും.

ഇതിന് പിന്നില്‍ കൊല്ലംകാരിയായ ഒരു യുവതിയുടെ നിശ്ചയദാര്‍ഢ്യത്തിന്‍റെ കഥയുണ്ട്, സ്വന്തം കാലില്‍ നില്‍ക്കണമെന്നുള്ള വാശിയുണ്ട്, നാടിനോടുള്ള സ്നേഹമുണ്ട്. എല്ലാത്തിനുമുപരി ഇന്നും മരിക്കാത്ത വിപ്ലവ കഥകളുടെ സ്മരണയുമുണ്ട്. ഭാഗ്യ ബാരെറ്റ് ആ കഥ പറയുകയാണ്... മഹാറാണി ജിന്നിന്‍റെ പിന്നിലെ കഠിന പ്രയത്നങ്ങളുടെ...

കൊല്ലത്ത് നിന്ന് അയര്‍ലന്‍ഡിലേക്ക്

കൊല്ലത്ത് മങ്ങാട് ടികെഎം കോളജില്‍ നിന്ന് എഞ്ചിനിയറിംഗ് പഠിച്ചിറങ്ങിയ ഭാഗ്യലക്ഷ്മി ഐടി മേഖലയില്‍ കുറേയെറെ കാലം ജോലി ചെയ്ത് ശേഷമാണ് എംബിഎ പഠനത്തിനായി അയര്‍ലന്‍ഡിലേക്ക് പറക്കുന്നത്. 2013ല്‍ അയര്‍ലന്‍ഡില്‍ എത്തിയ ഭാഗ്യ പഠനശേഷം അവിടെ തന്നെ ഒരു ഐടി കമ്പനിയില്‍ ജോലിക്ക് കയറി.

ഇതിന് ശേഷമാണ് റോബര്‍ട്ടിനെ പരിചയപ്പെടുന്നത്. ഡിസ്റ്റിലറി മേഖലയില്‍ തന്നെ ആയിരുന്നു റോബര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. 2016ല്‍ ഓണക്കാലത്ത് റോബര്‍ട്ടുമായി നാട്ടിലെത്തി വീട്ടുകാരൊക്കെയായി പരിചയപ്പെട്ടു. തിരിച്ചെത്തിയ ശേഷമാണ് 'റോബ്' വിവാഹക്കാര്യം തന്നോട് പറയുന്നതും പിന്നീട് നാട്ടിലെത്തി വീട്ടുകാരുടെ ആശീര്‍വാദത്തോടെ എല്ലാം നടക്കുന്നതെന്നും ഭാഗ്യ പറഞ്ഞു.

ജിന്‍ ഫ്രം റിബല്‍ സിറ്റി

സ്വന്തമായി ഒരു സംരംഭം എന്ന് സ്വപ്നത്തില്‍ നിന്നാണ് റിബല്‍ സിറ്റി ഡിസ്റ്റലറിയുടെ ആലോചനകള്‍ തുടങ്ങുന്നത്. അങ്ങനെ രണ്ട് വര്‍ഷത്തെ ശ്രമഫലമാണ് ഇപ്പോള്‍ ഈ രൂപത്തില്‍ എത്തി നില്‍ക്കുന്നതെന്ന് ഭാഗ്യ പറയുന്നു. ചിന്തകള്‍ അങ്ങനെ ഡിസ്റ്റലറിയുടെ ഓരോ വളര്‍ച്ചയിലേക്കും പതിയെ സഞ്ചരിക്കുമ്പോഴാണ് ആദ്യത്തെ ഉല്‍പ്പനം എന്തു കൊണ്ട് രണ്ട് രാജ്യങ്ങളുടെ ഫ്യൂഷന്‍ ആക്കിക്കൂടാ എന്ന് തോന്നല്‍ ഉണ്ടായത്.

അയര്‍ലന്‍ഡിലാണ് ജീവിക്കുന്നതെങ്കിലും ഇപ്പോഴും താന്‍ തനി മലയാളി തന്നെയാണെന്ന് ഭാഗ്യ പറയുന്നു. ഓണം വരുമ്പോള്‍ പൂക്കളമിട്ടും വിഷുക്കാലത്ത് കണിവെച്ചും ആഘോഷമാക്കുന്നത് ഭര്‍ത്താവായ റോബര്‍ട്ട് എപ്പോഴും കാണുന്നതാണ്. അങ്ങനെ ഇരുവരുടെയും കൂട്ടായ തീരുമാനവും നീണ്ടകാലത്തെ ശ്രമവുമാണ് റിബല്‍ സിറ്റി ഡിസ്റ്റലറിയും മഹാറാണി ജിന്നും.

കോര്‍ക്ക് ഒരു വിപ്ലവനഗരം

കേരളത്തിനുള്ള വിപ്ലവ പാരമ്പര്യം പോലെ തന്നെ കോര്‍ക്കിനും ഒരുപാട് പോരാട്ടങ്ങളുടെ കഥ പറയാനുണ്ടെന്ന് ഭാഗ്യ പറയുന്നു. റിബല്‍ സിറ്റി എന്ന പേര് കോര്‍ക്കിനുണ്ട്. അങ്ങനെയാണ് ഡിസ്റ്റിലറിയുടെ പേര് അങ്ങനെ വന്നത്. കോര്‍ക്കിലെ ആദ്യ ഡിസ്റ്റലറിയാണ് ഇത്. അതുകൊണ്ട് എല്ലാവരുടെയും നിറഞ്ഞ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഭാഗ്യ പറഞ്ഞു.

സ്ത്രീ തന്നെ ഒരു റിബല്‍ അല്ലേ

സ്ത്രീ തന്നെ ഒരു റിബല്‍ അല്ലേ... എന്തുകൊണ്ട് വിപ്ലവ സ്പിരിറ്റ് എന്ന പേര് നല്‍കി എന്ന ചോദ്യത്തിന് ആത്മവിശ്വാസത്തോടെ ഭാഗ്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു. അമ്മയും നാട്ടില്‍ കഷ്ടപ്പെടുന്ന ഓരോ സ്ത്രീയില്‍ നിന്നുള്ള പ്രചോദവുമാണ് തന്‍റെ മനസിലെ വിപ്ലവം. ചെറുപ്പത്തില്‍ കേട്ട നങ്ങേലിയുടെ കഥകള്‍, വനമൂലികയില്‍ ചേച്ചിമാര്‍, സ്വന്തം കാലില്‍ നില്‍ക്കാന്‍ കുടുംബശ്രീയില്‍ ഉള്‍പ്പെടെ ജോലിയെടുക്കുന്ന സ്ത്രീകള്‍... അങ്ങനെ സമൂഹത്തില്‍ ജീവിക്കാന്‍ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കുമുള്ള ആദരവില്‍ നിന്ന് റിബല്‍ സിറ്റി ഡിസ്റ്റലറിയുടെ ആദ്യ ഉല്‍പ്പന്നത്തിന് തന്നെ ഇങ്ങനെ ഒരു പേര് കൂടെ നല്‍കിയത്. 

വനമൂലിക ഒരു പ്രചോദനം

ഒരു ഐറിഷ്-മലയാളി ഫ്യൂഷന് വേണ്ടിയുള്ള അലച്ചിലിനിടെയാണ് വനമൂലികയെ കുറിച്ച് കേള്‍ക്കുന്നത്. അങ്ങനെ ഒരു വര്‍ഷം മുമ്പ് അവിടെ വന്നു എല്ലാം കണ്ടു മനസിലാക്കി. വയനാട്ടിലെ വനിത സ്വയം സഹായ സംഘമാണ് വനമൂലിക. മുള്ളൻകൊല്ലിയിലെ വനമൂലിക സംഘം ജൈവകർഷകരിൽനിന്നു സംഭരിക്കുന്ന ജാതിപത്രി, കമ്പളിനാരകത്തിന്റെ തൊലി, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയാണ് മഹാറാണി ജിന്നിന്‍റെ പ്രധാന ചേരുവകളായുള്ളത്.

ഐറിഷുകാരുടെ പ്രതികരണം

മുമ്പ് ഒരുപാട് ജിന്നുകള്‍ കുടിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു രുചി ആദ്യമായാണ് ലഭിക്കുന്നതെന്നാണ് ഐറിഷുകാര്‍ അഭിപ്രായം പറഞ്ഞതെന്നാണ് ഭാഗ്യ പറയുന്നത്. അതേസമയം, മലയാളിക്ക് ഇതൊരു ഗൃഹാതുരുത്വമാണ് സമ്മാനിക്കുന്നത്. മഹാറാണി ജിന്നിന്‍റെ കുപ്പി തുറക്കുമ്പോള്‍ തന്നെ നാടിന്‍റെ ഒരു ഓര്‍മ്മകളാണ് മനസിലേക്ക് എത്തുന്നതെന്ന് അയര്‍ലന്‍ഡിലെ മലയാളികള്‍ പറഞ്ഞെന്നും ഭാഗ്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

അവസാന ചോദ്യം! മഹാറാണി കേരളത്തിലെത്തുമോ?

സോഷ്യല്‍ മീഡിയയിലൂടെ നാട്ടിലെ മലയാളികള്‍ക്ക് ഉള്‍പ്പടെ സുപരിചിതമായ മഹാറാണി ജിന്‍ കേരളത്തില്‍ എത്തുമോ എന്ന ചോദ്യം പലരും ഉന്നയിച്ചിരുന്നു. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞതായി ഭാഗ്യ പറയുന്നു. പക്ഷേ, അത് അത്ര എളുപ്പുമുള്ള കാര്യമല്ല. എന്നാലും തന്‍റെ ശ്രമങ്ങള്‍ തുടരുമെന്നും ഭാഗ്യ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ജിന്നിനെ ശേഷം റമ്മുണ്ടാക്കാനുള്ള പരിശ്രമത്തിലാണ് റോബര്‍ട്ടും ഭാഗ്യയും. അതിനും ഒരു മലയാളി ബന്ധമുണ്ടോ? ചോദ്യത്തിന് അത് ഒരു സര്‍പ്രൈസ് ആണെന്ന് പറഞ്ഞ് ഭാഗ്യ അവസാനിപ്പിച്ചു...