Asianet News MalayalamAsianet News Malayalam

ഓര്‍ക്കുമ്പോഴെല്ലാം പോസിറ്റീവ് എനര്‍ജിയായി നിറയുന്ന ഒരു പട്ടി!

'ആ പൊട്ടന്റോട്‌ത്തെ പട്ടി എത്ര നേരായി കൊരക്കണ്. ആരെങ്കിലും അത് വെല വെച്ചാ? അത് പോലെ ഏതെങ്കിലും പട്ടികള്‍ കിടന്ന് കൊരക്കണേന് ഇയ്യെന്തിനാ കെടന്ന് മോങ്ങണത്?' ഉമ്മ സ്ഥിരമായി ചോദിച്ചു കൊണ്ടേയിരുന്നു.

memory three dogs in my life by bahiya
Author
First Published Nov 21, 2022, 6:43 PM IST

പട്ടികളും കുരയും കടിയും ഇങ്ങനെ ബഹളമയമാകുന്ന ഈ സമയത്ത് മാത്രമല്ല, ജീവിതത്തില്‍ ഏതാണ്ട് അവസരങ്ങളിലൊക്കെയും  ഉള്ളില്‍ കടന്നു വരുന്ന ചില പട്ടിയോര്‍മ്മകളുണ്ട്. പോസിറ്റീവ് എനര്‍ജിയായി നിറയുന്ന ഒരു പട്ടിയുണ്ട് മനസ്സില്‍. ഒരിക്കലും കണ്ടതായി ഓര്‍ക്കാത്ത, എന്നാല്‍ കുരയാല്‍ ജീവിതം മുഴുവന്‍ കടപ്പെട്ടു പോയ ഒരു പട്ടി. ഒപ്പം നൊമ്പരമായി മനസ്സില്‍ കടന്നു കൂടിയതും പേടിയുടെ അവസാന വാക്കെന്ന് കരുതിയതുമായ മറ്റു ചിലവയും. 

സംഭവം നടക്കുന്നത് എന്റെ കുട്ടിക്കാലത്താണ്. ഗുരുവായൂര്‍ ബസ്റ്റാന്റില്‍ നിന്നും ഒരു വിളിപ്പാടകലെ എന്ന് പറയാവുന്ന അത്രമാത്രം ദൂരത്താണ് ഞങ്ങളുടെ വീട്. എന്തിനും ഏതിനും നടക്കെപ്പോയി വരിക എന്നതാണ് പതിവ്. അമ്പലനടയിലേക്ക് എന്നത് ലോപിച്ച് നടക്കെ എന്നായതാണ് എന്നൊന്നും ഞങ്ങള്‍ക്ക് ചിന്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നില്ല. പറഞ്ഞു വന്നത് ഏതാണ്ട് ഒരു കുഞ്ഞു ടൗണിനോട് (ടൗണ്‍ഷിപ്പ് ആയിരുന്നു അന്ന് ഗുരുവായൂര്‍) ചേര്‍ന്നാണ് വീട് എങ്കിലും ഞങ്ങളുടെ ജീവിതത്തില്‍ അഥവാ നാട്ടില്‍ അക്കാലത്ത് ഉണ്ടായിരുന്നത് ആകെ മൂന്നു നായകള്‍/പട്ടികള്‍ ആണ്. അവ യഥാക്രമം ആലിക്കലെ വാസൂന്റെ പട്ടി, തലച്ചോറ് വാസൂന്റെ നായ, പൊട്ടന്റെ പട്ടി എന്നിങ്ങനെ അറിയപ്പെട്ടു.

വീടിന്റെ കിഴക്കു ഭാഗത്ത്, പല വീടുകളും പറമ്പുകളും റോഡും കടന്ന് അല്പം അകലെയാണ് ആലിക്കലെ വാസൂന്റെ വീട്. നന്നെ ചെറുപ്പത്തില്‍ ആ വീടോ, വീട്ടുകാരോ എനിക്ക് ഒട്ടും പരിചിതരായിരുന്നില്ല. എങ്കിലും ഒറ്റക്ക് മുറ്റത്തും പറമ്പിലും കളിച്ചു നടക്കവേ, 'ഒറ്റക്ക് ഇങ്ങനെ നടക്കേണ്ട, ആലിക്കലെ വാസൂന്റെ പട്ടി വരും' എന്ന് ഏവരും പേടിപ്പിച്ചു പോന്നു. 

അവര്‍ പറയാറുള്ളത് പോലെ തന്നെ ഇടക്കിടെ ചുവപ്പും വെള്ളയും കലര്‍ന്ന ഒരു പാണ്ടന്‍ പട്ടി തെക്കേ പറമ്പിന്റെ കിഴക്കേ അതിരിലൂടെ വന്ന്, പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തെ വഴിയിലൂടെ റോഡിലേക്കും തിരിച്ചും ഓടിപ്പോയി. ചില സമയങ്ങളില്‍ അതിന്റെ മുലകള്‍ പാലു നിറഞ്ഞ് തൂങ്ങിയും മറ്റു ചിലപ്പോള്‍ വറ്റി ഒട്ടിയും കണ്ടതില്‍ വന്ന സംശയങ്ങള്‍ പലരായി തീര്‍ത്തു തന്നതില്‍ നിന്നാണ് പട്ടിയേയും നായയേയും  വേര്‍തിരിക്കുന്നത് ഈ മുലകളാണെന്നും ഗര്‍ഭവും പ്രസവവും അതില്‍ പാല്‍ നിറക്കുമെന്നും അറിഞ്ഞത്. എന്നാല്‍ ഒരിക്കലും ആ പട്ടി ഞങ്ങളില്‍ ആരുടെയും നേര്‍ക്ക് കുരക്കുകയോ കടിക്കാന്‍ വരികയോ ചെയ്തില്ല. എന്തിനേറെ ഞങ്ങളെ കണ്ടഭാവം പോലും കാണിച്ചില്ല. 

അങ്ങനെയിരിക്കെ ഒരിക്കല്‍ നഴ്‌സറിക്കാരിയായ ഞാന്‍ തനിച്ച് അതിനു മുന്നില്‍ പെട്ടു. പറമ്പിന്റെ പടിഞ്ഞാറെ അറ്റത്തായിരുന്നു ഞാന്‍. എത്ര ഉറക്കെ കരഞ്ഞാലും ആരും കേള്‍ക്കില്ല എന്ന് അറിഞ്ഞ നിമിഷം കൈകാലുകള്‍ വിറച്ചു. മറ്റൊന്നും ചിന്തിച്ചില്ല, ഉടനെ തന്നെ അടുത്തുള്ള മീനാമ്പഴത്തിന്റെ മുകളിലേക്ക് കൊത്തിപ്പിടിച്ചു കയറിയ എന്നെ ഒട്ടും വിലവെക്കാതെ പട്ടി പതിവ് യാത്ര നടത്തി. വേണമെങ്കില്‍ ഒന്ന് തല ഉയര്‍ത്തി കടിക്കാവുന്ന കേവലം രണ്ടടി പോലും എത്താത്ത ഉയരം വലിയ ഉയരുമെന്ന് കരുതി ഞാനും അവിടെ ഇരിക്കല്‍ പിന്നീട് ഒരു ശീലമാക്കി. പിന്നെ പിന്നെ അതിന്റെ വരവ് കുറഞ്ഞു. വല്ലപ്പോഴും ഉള്ള വരവില്‍ തന്നെ അതിന്റെ മുലകള്‍ വളര്‍ന്നു തൂങ്ങി നടക്കാന്‍ വയ്യാതായി തുടങ്ങിയിരുന്നു. ഒടുവില്‍ ആ തൂങ്ങല്‍ ക്യാന്‍സര്‍ ആയിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാതെ കിടന്ന് നരകിച്ചാണ് ആ പട്ടി മരിച്ചു പോയതെന്നും പലരും വാക്കുകളില്‍ നിന്ന് മനസ്സിലാക്കിയതോടെ ആലിക്കലെ വാസൂന്റെ പട്ടി ഉള്ളില്‍ ഒരു നൊമ്പരമായി. 

ഇപ്പോള്‍ പോകുന്ന സ്‌കൂളിന്റെ കോമ്പൗണ്ടില്‍ സ്ഥിരമായി നാലഞ്ച് നായകളുണ്ട്. അവയെല്ലാം പഴയ ആലിക്കലെ വാസൂന്റെ പട്ടിയുടെ സ്വഭാവം ഉള്ളവരാണ്. നാം അവിടെ ഉണ്ട് എന്ന് അറിഞ്ഞ ഭാവം നടിക്കാത്തവര്‍. പക്ഷേ, അക്കൂട്ടത്തില്‍ ഒരു പട്ടിക്ക് പഴയ ആ പട്ടിയുടെ അതേ രൂപമാണ്. അതേ നിറം. നിറം കലക്കിയ വെള്ളം ഒരു ഹോസിലൂടെ ചീറ്റി തെറിച്ചു വീണത് പോലെ അങ്ങിങ്ങായി നിറയെ കുഞ്ഞു പുള്ളികള്‍. പാല്‍ നിറഞ്ഞു തൂങ്ങിയ പതിവിലേറെ വലുപ്പമുള്ള മുലകള്‍... മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ഓര്‍മ്മകള്‍ക്ക് എന്തൊരു ഓര്‍മ്മയാണ്. പാവം ഇവളുടേത് സ്വാഭാവികമായ രൂപ വളര്‍ച്ചക്ക് മാത്രമാവട്ടെ.

എന്നാല്‍ തലച്ചോറ് വാസൂന്റെ നായ പഠിപ്പിച്ച പാഠം മറ്റൊന്നാണ്. മിന്നുന്നതെല്ലാം പൊന്നല്ല എന്നതിന്റെ ആദ്യ അനുഭവ പാഠശാല. അതായിരുന്നു ആ നായ. നായയാണോ നായക്കുട്ടിയാണോ എന്ന് അറിയില്ല. നാടന്‍ പട്ടിയല്ലാത്ത ഒരു നായയെ ആദ്യമായി കാണുന്നത് തലച്ചോറ് വാസൂന്റെ വീട്ടിലാണ്. വീട്ടില്‍ നിന്നും മദ്രസയിലേക്ക് നടന്നു പോകുന്ന വഴിയുടെ അടുത്താണ്  വാസ്വേട്ടന്റെ വീട്. ഓലമേഞ്ഞ ചെറിയ എന്നാല്‍ ഭംഗിയുള്ള ആ വീടിന്റെ കോലായിലെ തൂണില്‍ അഥവാ മുളങ്കോലില്‍ ഒരു ദിവസം രാവിലെ അപ്രതീക്ഷിതമായാണ് വെളുത്തു തൊപ്പ നിറഞ്ഞ ആ നായക്കുട്ടി പ്രത്യക്ഷപ്പെട്ടത്. 

ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഞാനും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ജ്യേഷ്ടത്തിയും കൂടി എന്നും രാവിലെ ആറേമുക്കാലോടെ മദ്രസ്സയിലേക്ക് പുറപ്പെടും. ഏഴു മണിക്ക് മുമ്പ് തന്നെ മദ്രസ്സയില്‍ എത്തണം. ഇല്ലെങ്കില്‍ അടി കിട്ടാന്‍ സാധ്യതയുണ്ട്. ഉപ്പാക്ക് പശുവിനെ കറക്കാന്‍ വാല് പിടിച്ചു കൊടുത്ത ശേഷമാണ് ജ്യേഷ്ടത്തിയുടെ പുറപ്പെടല്‍. എന്നിട്ടും ഞാന്‍ കാരണം പലപ്പോഴും മദ്രസയില്‍ എത്താന്‍ വൈകും. അതിനവള്‍ വഴക്കും പറഞ്ഞു മുന്നില്‍ നടക്കും. 

അങ്ങനെ ഒരു ദിവസമാണ് ഞങ്ങള്‍ വാസ്വേട്ടന്റെ വീട്ടില്‍ നിന്നും നിര്‍ത്താത്ത കുര കേള്‍ക്കുന്നതും തിരിഞ്ഞു നോക്കി നായയെ കാണുന്നതും. ഉയരമില്ലാത്ത, പഞ്ഞിക്കെട്ട് പോലെയുള്ള ആ നായക്കുട്ടിയെ ഞങ്ങള്‍ക്ക് നല്ലോണം ഇഷ്ടപ്പെട്ടു. കുരക്കുമ്പോള്‍ അത്രമാത്രം ഗൗരവമില്ലാത്ത ശബ്ദവും കാണാനുള്ള ഭംഗിയും ഞങ്ങളെ അതിന്റെ ആരാധകരാക്കി. എന്നാല്‍ ആ ആരാധന അധിക ദിവസം നീണ്ടു നിന്നില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ ഒന്നില്‍ രാവിലെ അവന്‍ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു കൊണ്ട് ഞങ്ങള്‍ക്ക് നേരെ കുരച്ച് ഓടി വന്നു. ആദ്യം ആലിക്കലെ വാസൂന്റെ പട്ടിയുടെ ഓര്‍മ്മയില്‍ എന്ന് ശങ്കിച്ചു നിന്നെങ്കിലും ജ്യേഷ്ടത്തിയുടെ പൊടിപോലും ബാക്കിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഞാനും ഓടിയത്. പക്ഷേ അവന്‍ വിടാനുള്ള തീരുമാനം ഇല്ലായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അമ്മിണ്യേച്ചിയും ബീവിത്തയുമെല്ലാം കയ്യില്‍ കിട്ടിയ വടിയും കല്ലുമെടുത്ത് ഒച്ചവച്ചതോടെയാണ് അവന്‍ ഞങ്ങളെ വിട്ടു തിരിച്ചോടിയത്. അന്നാണ് കാണാനുള്ള ഭംഗിയോ വലിപ്പച്ചെറുപ്പമോ അല്ല, സ്വഭാവത്തിനാധാരം എന്ന് കൃത്യമായി മനസ്സിലായത്. പട്ടികള്‍ പഠിപ്പിക്കുന്ന പാഠം എത്ര യാഥാര്‍ത്ഥ്യമാണ്.

എന്നാല്‍, മൂന്നാമത്തെ പട്ടിയാണ് ഏതാണ്ട് മിക്കവാറും ദിവസങ്ങളില്‍ സ്മരിക്കപ്പെടാറുള്ളത്. ഒരിക്കല്‍ പോലും ഞാന്‍ കണ്ടിട്ടില്ല ആ പട്ടിയെ. പക്ഷേ രാവും പകലും അതിന്റെ കുരയിങ്ങനെ കേട്ടുകൊണ്ടേയിരിക്കും. ഞങ്ങളുടെ തൊട്ട് കിഴക്കേ വീടാണ് പൊട്ടന്റ വീട് എന്ന് അറിയപ്പെട്ടിരുന്ന ആ വീട്. അവിടെ ഞാന്‍ ജനിക്കും മുന്‍പേ സംസാരിക്കാന്‍ കഴിയാത്ത ഒരാള്‍ ഉണ്ടായിരുന്നതില്‍ നിന്നായിരുന്നു ആ വീടിന് അങ്ങനെ ഒരു പേര് വന്നത്. രണ്ടു വീടുകള്‍ക്കും ഇടയില്‍ വേലി കെട്ടിയിരുന്നതിനാല്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പോക്കുവരവ് ഇല്ലായിരുന്നു. പക്ഷേ എപ്പോഴും വേലിക്ക് അപ്പുറം ഇപ്പുറം നിന്ന് അവിടുത്തെ സുഭദ്രേച്ചിയും ഞങ്ങളും തമ്മില്‍ സ്‌നേഹം പങ്കിട്ടു. പാഷന്‍ ഫ്രൂട്ടായും ചുവന്ന ചെമ്പകപ്പൂക്കളായും ആ സ്‌നേഹം വരാന്‍ വൈകുമ്പോള്‍  'സുഭദ്രേച്ചീ... പാഷന്‍ഫ്രൂട്ട്‌ണ്ടോ? സുഭദ്രേച്ചീ... ചെമ്പകപ്പൂവുണ്ടോ?' എന്നിങ്ങനെ എന്റെ വിളികള്‍ വേലികള്‍ താണ്ടിക്കടന്നു. ആ വീട്ടിലെ കുര കൊണ്ട് മാത്രം സുപരിചിതമായ സാന്നിദ്ധ്യമായിരുന്നു പൊട്ടന്റെ പട്ടി എന്ന് വിളിക്കപ്പെട്ട കുരയന്‍ പട്ടി. പട്ടിയോ നായയോ... അറിയില്ല. കണ്ടിട്ടില്ലല്ലോ. എന്നിട്ടും ആ പട്ടി എന്റെ ജീവിതത്തിന്റെ കടിഞ്ഞാണായി.

ഞങ്ങളുടെ ഉമ്മാടെ ഒരു സ്ഥിരം ഡയലോഗാണ് പട്ടിയെ താരമാക്കിയത്. സംഭവം ഇങ്ങനെയാണ്: 

വീട്ടില്‍ ഏറ്റവും ഇളയ കുട്ടി ഞാനാണ്. ഞാനും ബാക്കിയുള്ള എട്ട് പേരും തമ്മില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. എട്ട് പേരും ഉമ്മാനെ പോലെ വെളുത്തവന്‍. ഞാന്‍ മാത്രം ഉപ്പാടെ പോലെ കറുത്തവള്‍. എട്ട് പേരും ഉപ്പാടെ കുട്ടികള്‍ അഥവാ ഉപ്പാക്ക് പ്രിയപ്പെട്ടവര്‍ എന്നും ഞാന്‍ മാത്രം ഉമ്മാടെ കുട്ടി അഥവാ ഉമ്മാക്ക് പ്രിയപ്പെട്ടവള്‍ എന്നും ആരോ അലിഖിത നിയമം പാസാക്കിയിരുന്നു. കറുത്ത എന്നെ അവര്‍ 'അണ്ണാച്ചീന്ന് വിളിക്കണ്', 'കളിയാക്കണ്', 'ചീത്ത പറയണ്', 'അടിക്കണ്', 'മൈലാഞ്ചി ഇട്ട് തന്നത് ഭംഗില്ലാ', 'കൂടെ കൂട്ടീല്ലാ', 'മുട്ടായി തന്നില്ലാ' തുടങ്ങി പരാതികള്‍ ധാരാളമായിരുന്നു. സങ്കടക്കുട്ടിയായ എന്റെ പരാതികളും എന്നെ പിരാന്തു പിടിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളും ഉമ്മ നേരിട്ടത് ആ ഒരൊറ്റ ഡയലോഗാല്‍ ആയിരുന്നു. 

'ആ പൊട്ടന്റോട്‌ത്തെ പട്ടി എത്ര നേരായി കൊരക്കണ്. ആരെങ്കിലും അത് വെല വെച്ചാ? അത് പോലെ ഏതെങ്കിലും പട്ടികള്‍ കിടന്ന് കൊരക്കണേന് ഇയ്യെന്തിനാ കെടന്ന് മോങ്ങണത്?' ഉമ്മ സ്ഥിരമായി ചോദിച്ചു കൊണ്ടേയിരുന്നു. മിക്കവാറും സമയങ്ങളില്‍ അവര്‍ക്ക് വഴക്കോ അടിയോ കിട്ടുകയും ചെയ്തു. പതിയെ പതിയെ എനിക്കു കാര്യങ്ങള്‍ ബോധ്യപ്പെട്ടു. ആത്മാര്‍ത്ഥമായ വിമര്‍ശനങ്ങള്‍ ഒഴികെ ബാക്കി എല്ലാ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും മറുപടി അര്‍ഹിക്കാത്ത പട്ടിക്കുരകളായി കാണാന്‍ തുടങ്ങി. അവയെ പൂര്‍ണമായും അവഗണിച്ചു വിടുന്നത് വഴി അവ അവയുടെ വഴിയേ ഓടിപ്പോയി. എന്നാല്‍ കുരക്കും പട്ടികളില്‍ ചിലത് കടിക്കാന്‍ ഒരുങ്ങുന്ന ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവയെ 'പോ പട്ടീ... പോ...' എന്ന് നന്നായി ആട്ടിപ്പായിച്ചു. 

എന്നാല്‍ വളര്‍ന്ന് കൂട്ടും കുടുംബോം ചുറ്റുപാടുകളും വന്നപ്പോഴാണ് മറ്റൊരു കാര്യം പിടികിട്ടിയത്. എത്ര വാലാട്ടി, നന്ദി കാണിച്ച് നില്ക്കുന്ന പട്ടിക്കും ഒരിക്കല്‍ പേ പിടിച്ചേക്കാം. അപ്പോള്‍ അവയെ തല്ലിക്കൊന്നു സ്വയം സുരക്ഷിതത്വവും മറ്റുള്ളവരുടെ സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ് എന്നതായിരുന്നു അത്. എന്തായാലും അത്തരം സകലമാന കുരകളെയും ആരും ശ്രദ്ധിക്കാറില്ലാത്ത പട്ടിക്കുരകളായി കാണാന്‍ പഠിച്ചതോടെ അത്തരം ശബ്ദങ്ങള്‍ വേദനിപ്പിക്കാതായി. അങ്ങനെ കരഞ്ഞു തളരേണ്ട പല ഘട്ടങ്ങളിലും കരയിപ്പിക്കാന്‍ ശ്രമിച്ചവരെ കഴുത്തില്‍ തുടലുമായി, നാലുകാലില്‍ ഇരുന്ന് കുരക്കുന്നവരായി കണ്ട് അറിയാതെ ചിരിച്ചു പോയി.

കാലം ഒത്തിരി കഴിഞ്ഞു, ആലിക്കലെ വാസുവും തലച്ചോറ് വാസുവും സുഭദ്രേച്ചിയും ഓര്‍മ്മകള്‍ മാത്രമായി. നാടും സാഹചര്യങ്ങളും വളരെയേറെ മാറി. എന്നിട്ടും പട്ടികള്‍ പഠിപ്പിച്ച പാഠങ്ങള്‍ മാത്രം പഴഞ്ചനായില്ല, ഉമ്മയോടൊപ്പം ഞാനും ഇല്ലാത്ത പൊട്ടന്റെ പട്ടിയുടെ പേരില്‍ അതേ ഡയലോഗ്  ആവര്‍ത്തിച്ചു വരുന്നു, എന്റെ മക്കളും ഇപ്പോള്‍ ഈ ഡയലോഗുകള്‍ ആവര്‍ത്തിക്കുന്നു; പൊട്ടന്റെ പട്ടി എന്നതിന് പകരം അയല്‍പക്കങ്ങളില്‍ നിന്നും ഉയരുന്ന പട്ടികളുടെ പേരിനൊപ്പം ബാക്കി ഭാഗം ചേര്‍ക്കുന്നു എന്ന് മാത്രം.


 

Follow Us:
Download App:
  • android
  • ios