ഉള്ളില്‍ ഭയമുണ്ടെങ്കിലും മനുഷ്യന്‍ എന്ന ഹുങ്കില്‍ നടക്കുമ്പോള്‍ കുഞ്ഞു മൃഗങ്ങളും പക്ഷികളും പേടിച്ചു പായുന്നതു കാണാം. പക്ഷേ തോട്ടപ്പുഴുവിന്റെ സ്പര്‍ശനമറ്റ അള്ളിപ്പിടുത്തം കാണുമ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. ഒരു കുഞ്ഞു ജീവിയുടെ മുന്നില്‍ ഒന്നുമറിയാത്ത വെറും ശൂന്യന്‍ ആണല്ലോ താനെന്ന്. അതെ അങ്ങനെ പലതുണ്ട് കാട്ടില്‍.

 

 

'വീട്ടിലേക്കെന്ന് പോകുന്നു ചോദിക്കുന്നു കൂട്ടുകാര്‍..' എന്നെഴുതിയത് ഡി വിനയചന്ദ്രനാണ്. വീട്ടിലേക്കെന്ന പോലെ കാട്ടിലേക്കുമുണ്ട് വഴി. അത് വീടിനപ്പുറമുള്ള ആദിമമായ അഭയമായിരിക്കാം. അല്ലെങ്കില്‍ ഒരുതരം പിന്തിരിഞ്ഞുള്ള നടത്തം. നേര്യമംഗലം പുഴയ്ക്ക് അക്കരെയുള്ള കാട് അങ്ങനെ വിളിച്ചുകൊണ്ടിരിക്കും. ഒട്ടും സുഖകരമല്ല കാട്ടിലേക്കുള്ള വഴി. പി രാമന്റെ കവിത പോലെ 'കാട്ടിലെത്തിയാല്‍ നിശ്ശബ്ദനാവുന്ന കൂട്ടകാരനാവണ'മെന്നുണ്ടെങ്കിലും അത്രയ്ക്ക് മൗനം അവിടെയുണ്ടോ എന്നത് സംശയമാണ്. നിരന്തരം കാട്ടിലേക്ക് പോവുന്നവന്‍ ഒരിക്കലും ശാന്തത അനുഭവിക്കാറില്ല. കാരണം. കാട്ടിലെത്തുന്ന നമ്മോട് കാട് ഉറക്കെയുറക്കെ ആവലാതികള്‍ നിറയ്ക്കും. ആ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാനെ കഴിയൂ. പ്രാചീനമായ കുറ്റബോധത്താല്‍ തല കുമ്പിടാനേ കഴിയൂ. 

പണ്ടൊക്കെ നേര്യമംഗലത്തെ വീട്ടില്‍ നിന്ന് പാലം കടന്നിറങ്ങുന്ന കാട്ടിലേക്കുള്ള യാത്രയില്‍ പലതരം വിസ്മയങ്ങള്‍, പേടികള്‍ ഒക്കെ ഉണ്ടാവും. ചിലപ്പോള്‍ കാടിന്റെ ഉള്ളിലെ പച്ചപ്പ്, പാറകള്‍ക്ക് മുകളിലെ തെന്നുന്ന പായല്‍, വേറിട്ട കിളിയൊച്ച.. അങ്ങനെ അങ്ങനെ കാട് അതിന്റെ താളുകള്‍ തുറക്കുകയായി. കാടിനിടയിലെ കുഞ്ഞു ചെടികളുടെ പലതരം ആകൃതികള്‍, പൂവുകളുടെ വര്‍ണ്ണങ്ങള്‍, പേടിപ്പെടുത്തുന്ന ഇഴഞ്ഞുപോക്ക്, കാലിലും കൈയിലും ചൊറിഞ്ഞു തൊടുന്ന പ്രാണികള്‍. അത്ര സുഖകരമല്ല കാട്. എന്നാല്‍ അതിനുള്ളിലെ നിറഞ്ഞ ഭാവം ഒന്ന് വേറെ തന്നെയാണ്. അതിന്റെ പച്ചപ്പാര്‍ന്ന ഇലകളില്‍ കുറിച്ചിരിക്കുന്ന വരികള്‍ വായിച്ചാലും വായിച്ചാലും തീരില്ല.

അവധി ദിവസങ്ങളിലെ കാടിനെ കാണാന്‍ പോകല്‍, ആഘോഷം മാത്രമാവില്ല. ഓരോ ചെടികളെയും കുറിച്ചുള്ള ക്ലാസ്മുറികളാവും അത്. പേരറിയാത്ത ചെടികളാണ് കൂടുതല്‍. വന്‍ മരങ്ങളില്‍ പറ്റിപ്പിടിച്ച് വളരുന്ന പല നിറങ്ങളിലും രൂപങ്ങളിലുമുള്ള പൂവുകളുള്ള മരവാഴകള്‍( ഓര്‍ക്കിഡ്) മുതല്‍ നിലംപ്പറ്റി വളരുന്ന നിലപ്പനയിലെ മഞ്ഞപ്പ് വരെ അത്ഭുതങ്ങളുടെ വലിയ പാഠങ്ങളാണ് പഠിപ്പിക്കുക. ഈറ്റക്കാടിനിടയില്‍ മെറൂണ്‍ നിറത്തില്‍ പൂത്തു നില്‍ക്കുന്ന ചെടിയില്‍ കാണുന്ന ആനന്ദം ആരിലും കാണാന്‍ കഴിഞ്ഞെന്ന് വരില്ല. മഴക്കാലത്ത് മണ്ണിന് പുറത്തെത്തി സ്പര്‍ശം പോലുമറിയിക്കാതെ ചോരകുടിച്ച് ഉറങ്ങിപ്പോകുന്ന തോട്ടപ്പുഴുക്കള്‍.. ചുമന്ന വര്‍ണ്ണം വാരി വിതറിയ ചെള്ളുകള്‍, മരങ്ങള്‍ക്കിടയിലൂടെ അടിക്കുന്ന വെയില്‍ തിളക്കത്തെ മഴവില്ലിന്റെ നിറമാക്കി വികിരണം ചെയ്യുന്ന അട്ടകളുടെ മിനുത്ത ദേഹം.. ആവലിലും അറുകാഞ്ഞിലിയിലും വന്നിരുന്ന് വെള്ളം ഉലച്ച് തുവര്‍ത്തുന്ന വേഴാമ്പലുകള്‍, കൊക്കി ചിറകടിച്ച് കടന്നുപോവുന്ന കാട്ടുകോഴികള്‍. മനുഷ്യരെ കാണുമ്പോള്‍ മാത്രം ഭയചകിതരാവുന്ന എത്ര ജീവനുകളാണ് കാട്ടിലുള്ളത്.

.................................

Read more : തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

Read more: പ്രകൃതിയുടെ താളം തെറ്റിക്കുന്നത് ആരാണ്?

..........................................

 

ഉള്ളില്‍ ഭയമുണ്ടെങ്കിലും മനുഷ്യന്‍ എന്ന ഹുങ്കില്‍ നടക്കുമ്പോള്‍ കുഞ്ഞു മൃഗങ്ങളും പക്ഷികളും പേടിച്ചു പായുന്നതു കാണാം. പക്ഷേ തോട്ടപ്പുഴുവിന്റെ സ്പര്‍ശനമറ്റ അള്ളിപ്പിടുത്തം കാണുമ്പോഴൊക്കെ ഓര്‍ക്കാറുണ്ട്. ഒരു കുഞ്ഞു ജീവിയുടെ മുന്നില്‍ ഒന്നുമറിയാത്ത വെറും ശൂന്യന്‍ ആണല്ലോ താനെന്ന്. അതെ അങ്ങനെ പലതുണ്ട് കാട്ടില്‍. മഴകഴിഞ്ഞ് മരങ്ങള്‍ പച്ചയാര്‍ന്ന് തെളിയുമ്പോള്‍ ഉള്‍ക്കാടില്‍ നിന്നിറങ്ങി പീതാള്‍ (ഒരുതരം കാട്ടു ചെടി) തിന്നാന്‍ ചാലിലൂടെ കൂട്ടമായി എത്തുന്ന ആനക്കൂട്ടങ്ങള്‍.. അവയ്ക്കിടയിലൂടെ പറന്നുമായുന്ന ചാര നിറമുള്ള കൊക്കുകള്‍.. മഴയെല്ലാം കഴിഞ്ഞ് വെയിലെത്തുമ്പോള്‍ മലമുടിയില്‍ ചോന്ന പൂക്കള്‍ നിറച്ച് വിടരുന്ന ഇലവുകള്‍. കുറേ കഴിഞ്ഞ് അതെല്ലാം കായായി പൊട്ടിവീഴുമ്പോള്‍ പഞ്ഞികള്‍ വിത്തുകളുമായി അകലേക്ക് പറക്കുന്നതു കാണാം. 'പമ്പര' മരങ്ങളില്‍ നിന്ന് കാറ്റില്‍ വട്ടം ചുറ്റി പുഴക്ക് മുകളിലൂടെ പറന്നിറങ്ങുന്ന കാഴ്ച എങ്ങെനെ പറയാനാണ്. വേനല്‍ കനക്കുമ്പോള്‍ കാടാകെ പച്ചമാഞ്ഞ് കരിയില നിറമാവുമ്പോള്‍ കാട്ടുതീ വന്ന് ആര്‍ക്കുമ്പോള്‍ ആര്‍ക്കാവും സങ്കടം തോന്നുക.

നാട്ടിലെ മുതിര്‍ന്നവര്‍ പറയുന്നവര്‍ കേട്ടിട്ടുണ്ട്. കാട്ടുതീ മൂലമേ ചില വിത്തുകള്‍ മുളക്കൂവെന്ന്. ശരിയായിരിക്കാം. അല്ലെങ്കിലും കാടിനുള്ളിലെ രഹസ്യങ്ങള്‍ കണ്ടു തീര്‍ക്കാന്‍ സാലിം അലിയെപ്പോലെ ഒരു ജന്മം ഉഴിഞ്ഞുവച്ചാലും മതിയാവില്ല.നേര്യമംഗലത്തെ കാടുമുള്‍പ്പെടുന്ന തട്ടേക്കാട് മേഖലയിലായിരുന്നല്ലോ സലീം അലിയുടെ യാത്രകള്‍. അതിനപ്പുറമുള്ള പൂയംകുട്ടി മഴക്കാടും സാലിം അലിക്ക് പ്രിയപ്പെട്ടതു തന്നെ. പെരിയാറിന്റെ തീരങ്ങളിലെ കിളികലെ അന്വേഷിച്ചു നടന്ന ഒരു സൂഫിയായിരുന്നു അദ്ദേഹം. അല്ലെങ്കില്‍ തന്നെ ഈ പച്ചപ്പിനെ നോക്കി നിന്നാല്‍ തന്നെ ഇലാഹിനെ കാണാന്‍ കഴിയുമല്ലോ.എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും അപ്പുറമാണല്ലോ അത്.

കാട്ടില്‍ പ്രത്യേക വഴികളൊന്നുമില്ല. ഈറ്റവെട്ടാനും വിറകെടുക്കാനും പോവുന്നവര്‍ നടന്നു നടന്നാണ് കാട്ടില്‍ വഴികള്‍ തെളിയുക. അതിന് തൂടക്കം മാത്രമേ ഉണ്ടാവൂ. വഴി നീണ്ടു നീണ്ടു പോയി അറ്റമില്ലാതെ ഏതെങ്കിലും ഇഞ്ചക്കാടുകള്‍ക്ക് മുന്നില്‍ തൊഴുകൈയോടെ തോറ്റു നില്‍ക്കും. അതെ മനുഷ്യനുണ്ടാക്കുന്ന വഴികള്‍ക്ക് കാട്ടില്‍ സ്ഥാനമുണ്ടാവില്ല. അല്ലെങ്കിലും വഴിയേ കാടു നടക്കാറില്ലല്ലോ!

 

ഒന്നാം ഭാഗം:  ഇളംപച്ചയിലേക്കുള്ള തിരിച്ചുപോക്കുകള്‍