Asianet News MalayalamAsianet News Malayalam

Opinion : നാഗവല്ലിയും ഗംഗയും തമ്മില്‍ നാമറിയാത്ത ചില രഹസ്യങ്ങളുണ്ട്!

ഗംഗ എങ്ങനെയാണ് നാഗവല്ലിയായത്? കേവലം മനോനില തെറ്റലിന്റെ പ്രശ്‌നം മാത്രമായിരുന്നോ അത്? രശ്മി ടി എന്‍ എഴുതുന്നു
 

reading feminine notes in two songs appeared in malayalam movie manichithrathazhu
Author
Thiruvananthapuram, First Published Mar 17, 2022, 2:57 PM IST

ഗംഗ ഉറങ്ങാന്‍ കിടക്കുമ്പോളും തന്റെ ഔദ്യോഗിക തിരക്കുകളില്‍ വ്യാപൃതനാവുന്ന നകുലന്‍, ഗംഗ മതിമറന്നു കാണുന്ന ഉത്സവവും കഥകളിയും ബോറടിയായി തോന്നുന്ന നകുലന്‍. ഇങ്ങനെ ഗംഗയുടെ ലോകത്തിനു പുറത്താണ് നകുലന്‍. അഥവാ വഴി തെറ്റിവന്ന ആരോ ആണയാള്‍. അസംതൃപ്തമായ തന്റെ പ്രണയവും കാമനകളുമാണ് ഗംഗയെ സംബന്ധിച്ച് നകുലനെ  ശങ്കരന്‍ തമ്പിയാക്കി മാറ്റാനുള്ള കാരണം.

 

reading feminine notes in two songs appeared in malayalam movie manichithrathazhu

 

അതിവിദൂരമായ രണ്ടു കാലങ്ങളില്‍ സമാനമായ മനോനിലകളില്‍ രണ്ടു പേര്‍ ജീവിക്കുക, ഭൂതകാലത്തുനിന്നും  അതിലൊരാള്‍ മറ്റൊരാളിലൂടെ പുനര്‍ജനിക്കുക. സാഹചര്യവും സംഭവങ്ങളുമെല്ലാം വ്യത്യസ്തങ്ങള്‍ ആണെങ്കിലും മനുഷ്യമനസ്സിന്റെ സ്‌നേഹത്തിനും പ്രതികാരത്തിനും ചെന്നെത്താവുന്ന ദൂരങ്ങളില്‍ സമാനതകള്‍ ഉണ്ടെന്ന് നമ്മോട് പറഞ്ഞവര്‍ ആണ് മണിച്ചിത്രത്താഴിലെ ഗംഗയും നാഗവല്ലിയും. 

ഗംഗ എങ്ങനെയാണ് നാഗവല്ലിയായത്? കേവലം മനോനില തെറ്റലിന്റെ പ്രശ്‌നം മാത്രമായിരുന്നോ അത്? 

ഒരിക്കലുമല്ല, നാഗവല്ലിയിലും തന്നിലുമുള്ള ഒറ്റപ്പെടലിന്റെ വേദനയും അസംതൃപ്തമായ പ്രണയവും സമാനമാണെന്ന് തിരിച്ചറിയുക ആയിരുന്നു ഗംഗ. കാലം അനുവദിക്കാതെ പോയ നാഗവല്ലിയുടെ പ്രതികാരത്തെ ഒരു പ്രതീതിയായെങ്കിലും കാലങ്ങള്‍ക്കിപ്പുറത്ത് ആവിഷ്‌കരിക്കുക ആയിരുന്നു അവള്‍. 

നാഗവല്ലി പൂര്‍വ്വാധികം ശക്തിയോടെ ഓര്‍മിക്കപ്പെടണം, നാഗവല്ലിയിലും തന്നിലും എന്ന പോലെ, എല്ലാ സ്ത്രീകളിലും  അടിച്ചമര്‍ത്തപ്പെട്ട പ്രണയവും കാമനകളും മോചിക്കപ്പെടണം എന്നെല്ലാമായിരിക്കാം ഗംഗയുടെ മനോവിചാരങ്ങള്‍. അല്ലെങ്കില്‍ നകുലന്റെ ഉറക്കത്തിന്റെ ആഴം അളക്കാവുന്ന ഗംഗയിലെ നാഗവല്ലിക്ക് മുന്നില്‍ കിടത്തിയിരിക്കുന്നത് തനിക്ക് വെട്ടിമുറിക്കാന്‍ പാകത്തിനുള്ള പ്രതിമയാണെന്ന് അറിയാതിരിക്കുമോ അവള്‍. 

നാഗവല്ലി തിരിച്ചറിവില്ലാത്ത ഒരു ചിത്തരോഗിയാണെന്ന് കാണികളും സണ്ണിയും ഈ ഒരവസരത്തില്‍ വിചാരിച്ചിരിക്കാമെങ്കിലും വെട്ടിമുറിച്ചു പ്രതികാരം തീര്‍ക്കാന്‍ പാകത്തില്‍ തന്റെ മുന്നില്‍ കിടക്കേണ്ടിവന്ന  ഭൂതകാലത്തെ  നാഗവല്ലിക്ക് വേണ്ടി കീഴടക്കുക ആയിരുന്നു ഗംഗ. പെണ്മയ്ക്ക് മാത്രം മനസിലാവുന്ന ജീവിതത്തിന്റെ ചില ഉച്ചാടനങ്ങളാണത്. 

 

 

'ഒരു മുറൈ വന്ത് പാരായാ 'എന്ന ആഹരിയിലെ കീര്‍ത്തനവും 'വരുവാനില്ലാരുമിന്നൊരു നാളുമീ വഴിക്കറിയാം'എന്ന ഗാനവും ഭാവതലത്തില്‍ സമാനമാവുന്നത് ഇങ്ങനെയാണ്. കാത്തിരിപ്പിന്റെ വേദനയും കാണാനാവാത്തതിലെ നിരാശയും ഒറ്റപ്പെടലും എല്ലാം നാഗവല്ലിയിലും ഗംഗയിലും സമാനമായി നില്‍ക്കുന്നത് ഈ ഗാനങ്ങളില്‍ കാണാം. 

പ്രണയത്തിന്റെ പേരില്‍ കുരുതി ചെയ്യപ്പെട്ട നാഗവല്ലിയോട് ഗംഗയ്ക്ക് മാനസികമായി അടുപ്പവും അതിലൂടെ വിധേയത്വവും തോന്നാന്‍ കാരണം എന്തായിരിക്കാം?

പെണ്മനസ്സുകളില്‍ നിന്നും തങ്ങള്‍ക്ക് അഹിതമായത് പറിച്ചു മാറ്റാന്‍ കുടുംബവും സമൂഹവും അടങ്ങുന്ന അധികാരലോകം കാലങ്ങളായി ശ്രമിച്ചു പോരുന്നത് കാണാം. നാഗവല്ലിയില്‍ നിന്നും പറിച്ചു മാറ്റാന്‍ ശ്രമിച്ച പ്രണയം അവളെ മുറിപ്പെടുത്തിയ പോലെ ഗംഗയുടെ മനസ്സ്  ആദ്യമായി മുറിപ്പെട്ടത്  അവളില്‍ നിന്നും അവളുടെ ജീവിതപരിസരം കല്‍ക്കട്ടയിലേക്ക് അച്ഛനമ്മമാര്‍ പറിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ആയിരുന്നു. ഉണങ്ങാത്ത ആ മുറിവിനു മുകളില്‍ മറയിട്ടാണ് നകുലന്റെ ജീവിത പങ്കാളിയായി ഗംഗ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തുന്നത്. ഗംഗയുടെ മനസ്സിലെ പ്രണയവും സങ്കല്പങ്ങളും അതിന്റെയെല്ലാ തീവ്രതയോടും കൂടി ഏറ്റുവാങ്ങാന്‍ തരത്തിലുള്ള സമയമോ സൗകര്യമോ താല്പര്യമോ നകുലനില്‍ കാണാവുന്ന ഒരു സന്ദര്‍ഭം പോലും സിനിമയില്‍ ഇല്ല. 

ഗംഗ ഉറങ്ങാന്‍ കിടക്കുമ്പോളും തന്റെ ഔദ്യോഗിക തിരക്കുകളില്‍ വ്യാപൃതനാവുന്ന നകുലന്‍, ഗംഗ മതിമറന്നു കാണുന്ന ഉത്സവവും കഥകളിയും ബോറടിയായി തോന്നുന്ന നകുലന്‍. ഇങ്ങനെ ഗംഗയുടെ ലോകത്തിനു പുറത്താണ് നകുലന്‍. അഥവാ വഴി തെറ്റിവന്ന ആരോ ആണയാള്‍. അസംതൃപ്തമായ തന്റെ പ്രണയവും കാമനകളുമാണ് ഗംഗയെ സംബന്ധിച്ച് നകുലനെ  ശങ്കരന്‍ തമ്പിയാക്കി മാറ്റാനുള്ള കാരണം.

നാഗവല്ലി എന്ന കലാകാരി രാമനാഥന്‍ എന്ന നര്‍ത്തകനില്‍ പ്രണയം കണ്ടെത്തിയ പോലെ ഗംഗ എന്ന  സ്വപ്നജീവിയായ വായനക്കാരി കവിയായ  മഹാദേവനില്‍ പ്രണയം കണ്ടെത്താന്‍ ശ്രമിക്കുന്നു. അല്ലിയുടെ സ്വന്തം എന്നെഴുതുമ്പോഴും മഹാദേവന്‍ ഗംഗയുടെ സ്വപ്ന കാമുകന്‍ ആയി മാറുന്നു. പുള്ളോന്‍ പാട്ട് കേട്ട് വളര്‍ന്ന, പാമ്പിന്‍ കാവില്‍ വിളക്ക് വച്ചിരുന്ന ഗംഗയ്ക്ക് നാഗവല്ലി എന്ന പേരിനോടും കാവൂട്ട് എന്ന പുസ്തകത്തോടും തോന്നുന്ന അഭിനിവേശത്തെ നമുക്ക് മനസിലാക്കാം. പാമ്പ് എന്നത് മനസ്സിന്റെ അടിത്തട്ടിലെ  അദമ്യമായ കാമനകളുടെ ബിംബം കൂടിയാണ്. ആ കാമനകളുടെ പൂര്‍ത്തീകരണമാണ് ഗംഗയുടെ നാഗവല്ലിയിലേക്കുള്ള ചേക്കേറല്‍.

 

 

മുന്നേ സൂചിപ്പിച്ച രണ്ടു ഗാനങ്ങളും അത് വെളിപ്പെടുത്തുന്നു. 

'ഒരു മുറൈ വന്ത് പാരായോ' എന്ന് പാടിയ നാഗവല്ലിയിലെ ശോകം തന്നെയാണ് ആരും വരാനില്ലെന്നറിഞ്ഞിട്ടും പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു വെറുതെ മോഹിക്കുന്ന ഗംഗയിലുമുള്ളത്. 
വിരല്‍ മീട്ടാന്‍ തന്റെ പ്രണയമില്ലാതെ തളരുന്ന പൊന്‍വീണയാണ് നാഗവല്ലിയെങ്കില്‍, ഒരിക്കലും വരാത്ത ഒരാളെ കാത്ത് പടിവാതില്‍ പകുതി മാത്രം ചാരുന്ന നിരാശയാണ്  ഗംഗ.

വാസലൈ നാടി വാറായോ എന്ന് വാതിലിനപ്പുറം കാതോര്‍ക്കുന്നവളാണ്  നാഗവല്ലിയെങ്കില്‍ നിനയാത്ത നേരത്ത് പടിവാതിലില്‍ കേട്ട പദവിന്യാസം തനിക്ക് പ്രിയപ്പെട്ടവരുടെ ആണെന്ന് പ്രതീക്ഷിച്ചു കൊതിച്ചവളാണ് ഗംഗ. 

എന്നാല്‍ വഴി തെറ്റി വന്ന ആരോ പകുതി വച്ചു തിരിച്ചു പോകുന്നതിന്റെ ആ  കാഴ്ച്ചയില്‍ തകര്‍ന്നു പോയവളാണ് ഗംഗ. ഗംഗയുടെ സ്‌നേഹങ്ങളെല്ലാം ഗംഗയിലേക്ക് വന്നവഴിയെ തിരിച്ചു പോയവരൊ പാതിയില്‍ ഉപേക്ഷിച്ചവരോ ആയിരുന്നു. മുത്തശ്ശി, അച്ഛനമ്മമാര്‍, കൂട്ടുകാര്‍, ഒടുവില്‍ നകുലന്‍ വരെ അവളുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരിക്കാന്‍ പ്രാപ്തമായിരുന്നില്ല. 

 

reading feminine notes in two songs appeared in malayalam movie manichithrathazhu

 

സ്വന്തം ലോകത്ത് ഏതൊക്കെയോ വിധത്തില്‍ ഒറ്റപ്പെട്ട അവള്‍ക്ക് തന്റെ മറുപാതിയായി അനുഭവപ്പെട്ടവള്‍ ആയിരുന്നു നാഗവല്ലി. തന്നെ പോലെ അവഗണിക്കപ്പെട്ടവള്‍, അതിക്രമിക്കപ്പെട്ടവള്‍, നിഷേധിക്കപ്പെട്ടവള്‍. നേരത്തെ സൂചിപ്പിച്ചപോലെ പെണ്മയ്ക്ക് മാത്രം മനസ്സിലാവുന്ന പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും തലങ്ങള്‍ അവര്‍ തമ്മില്‍ പങ്കു വച്ചിരിക്കാം. 

ജീവിതത്തിന്റെ മന്ത്രക്കളങ്ങളില്‍ അസംതൃപ്തരായ നാഗിനികളെ പോലേ ഇഴഞ്ഞു നീങ്ങിയിരിക്കാം. സങ്കല്പങ്ങളിലും സ്വപ്നങ്ങളിലും കാമനകളുടെ പത്തിവിടര്‍ത്തിയാടി തളര്‍ന്നിരിക്കാം. അവരുടെ പ്രതികാരത്തിന്റെ ദംശനമേറ്റു പലകാലങ്ങള്‍ നീലിച്ചിരിക്കാം. അസംതൃപ്തമായ പ്രണയവും പ്രതികാരവും നാഗവല്ലിയില്‍ നിന്നും പടം പൊഴിച്ച് ഗംഗയിലേക്ക് ഇഴഞ്ഞു നീങ്ങുകയാവാം. 

ഒരു മുറൈ വന്ത് പാറായോ എന്ന് നാഗവല്ലി തേങ്ങുമ്പോള്‍ വരുവാനില്ലാരുമെന്ന് ഗംഗ കൂട്ടുചേരുകയാവാം. തലമുറകള്‍പ്പുറം പെണ്മനസ്സുകളുടെ പ്രണയദുഖങ്ങള്‍ പാട്ടുകളായി  പരസ്പരം തഴുകിയൊഴുകുകയാവാം.

Read More: വരുമെന്നുറപ്പുള്ളവരെ കാത്തിരിക്കും പോലെയല്ല,   ഒരുറപ്പുമില്ലാത്തവരെ കാത്തിരിക്കുന്നത്...

Follow Us:
Download App:
  • android
  • ios