Asianet News MalayalamAsianet News Malayalam

Vishu 2024: പറ‍ഞ്ഞുപറഞ്ഞ് വിഷുവിങ്ങെത്തി, കൈനീട്ടം വാങ്ങുമ്പോഴും കൊടുക്കുമ്പോഴും ഇക്കാര്യം മറക്കണ്ട

എന്ത് തന്നെയായാലും, കുടുംബത്തോടൊപ്പം കണി കാണുവാനും വിഷുക്കോടി ധരിക്കാനും വിഷുസദ്യ കഴിക്കാനും വിഷുക്കൈനീട്ടം വാങ്ങാനും കൊടുക്കാനും ഒക്കെ ആ​ഗ്രഹിക്കാത്ത ആരാണുണ്ടാവുക?

Vishu 2024 vishu important festival kerala vishu kaineettam
Author
First Published Apr 5, 2024, 5:51 PM IST

ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പുതുവർഷം ആഘോഷിക്കാനുള്ളതാണ് മലയാളിക്ക് വിഷുക്കാലം. ഇതാ, മറ്റൊരു വിഷു കൂടി വന്നെത്തി. വിഷുക്കണിയും വിഷുസദ്യയും വിഷുക്കൈനീട്ടവുമെല്ലാം ഓരോ മലയാളിക്കും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. കഴിയുന്നതും ലോകത്തിന്റെ ഏത് അറ്റത്തായിരിക്കുന്ന മലയാളിയും വിഷുക്കാലത്ത് സ്വന്തം വീട്ടിലെത്താനും കുടുംബത്തോടൊപ്പമായിരിക്കാനും ആ​ഗ്രഹിക്കാറുണ്ട്. 

നമ്മുടെ കാർഷികോത്സവമായാണ് വിഷു അറിയപ്പെടുന്നത്. രാവും പകലും തുല്യമായ ദിവസം. തുല്യമായത് എന്ന് അർത്ഥം വരുന്ന വിഷുവം എന്ന വാക്കിൽ നിന്നാണ് വിഷു എന്ന വാക്കുണ്ടായത് എന്നും പറയുന്നു. വിഷുവുമായി ബന്ധപ്പെട്ട് നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നും, രാമൻ രാവണന്റെ മേൽ നേടിയ വിജയം ആഘോഷിക്കുന്ന ദിനമാണ് വിഷു എന്നും ഐതീഹ്യമുണ്ട്. ഇത് കൂടാതെ വേറെയും ഐതീഹ്യങ്ങൾ വിഷുവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.

എന്ത് തന്നെയായാലും, കുടുംബത്തോടൊപ്പം കണി കാണുവാനും വിഷുക്കോടി ധരിക്കാനും വിഷുസദ്യ കഴിക്കാനും വിഷുക്കൈനീട്ടം വാങ്ങാനും കൊടുക്കാനും ഒക്കെ ആ​ഗ്രഹിക്കാത്ത ആരാണുണ്ടാവുക? വിഷുക്കൈനീട്ടത്തിന് വേണ്ടി കുഞ്ഞുങ്ങൾ കാത്തുകാത്തിരിക്കാറുണ്ട്. വിഷുക്കൈനീട്ടം സൂചിപ്പിക്കുന്നത് ഐശ്വര്യത്തേയും സമ്പദ് സമൃദ്ധിയേയാണ്. സാധാരണയായി വീട്ടിലെ മുതിർന്നവരാണ് ഇളയവർക്ക് കൈനീട്ടം നൽകാറ്. എന്നാൽ, ഇന്ന് അതൊക്കെ മാറി ഇളയവർ മുതിർന്നവർക്കും വിഷുക്കൈനീട്ടം നൽകാറുണ്ട്. 

രാവിലെ ഉണർന്ന് കണി കണ്ടുകഴി‍ഞ്ഞതിന് ശേഷമാണ് വിഷുക്കൈനീട്ടം നൽകുന്നത്. വർഷം മുഴുവനും സമ്പദ് സമൃദ്ധി നിറഞ്ഞുനിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് വിഷുക്കൈനീട്ടം നൽകേണ്ടത്. അതുപോലെ കണി വയ്ക്കുന്നതിൽ നിന്നും നെല്ലും അരിയും കൊന്നപ്പൂവും സ്വര്‍ണ്ണവും എടുത്തുകൊണ്ടുവേണം വിഷുക്കൈനീട്ടം നൽകാൻ എന്നും പറയാറുണ്ട്. നേരത്തെ വിഷുക്കൈനീട്ടമായി നാണയമാണ് നൽകിയിരുന്നതെങ്കിൽ ഇന്ന് നോട്ടുകളും വിഷുക്കൈനീട്ടമായി നൽകാറുണ്ട്. 

ഇക്കൊല്ലത്തെ വിഷു ഇതാ തൊട്ടടുത്തെത്തിക്കഴിഞ്ഞു. അപ്പോൾ മറക്കണ്ട, വിഷുക്കൈനീട്ടം കൊടുക്കാനും വാങ്ങാനും. വരാനിരിക്കുന്നത് ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വർഷമാകട്ടെ.

Follow Us:
Download App:
  • android
  • ios