ദില്ലി: നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുളള ഇന്ത്യന്‍ കറന്‍സി നേട്ടുകള്‍ക്ക് തുടരുന്ന വിലക്ക് പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് മുന്‍കയ്യെടുക്കുന്നു. വിലക്ക് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഏകദേശ ധരണയായതായാണ് സൂചന. നിലവില്‍ 100 രൂപ വരെ മൂല്യമുളള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ മാത്രമേ നേപ്പാളില്‍ വിനിമയം ചെയ്യാന്‍ സാധിക്കുകയൊള്ളൂ. 

ഇതോടെ, ചെറുകിട വ്യാപാരികള്‍, വിനോദ സഞ്ചാരികള്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്ന നേപ്പാളികള്‍ ഏറെ നാളായി പ്രതിസന്ധിയിലാണ്. 2016 ല്‍ ഇന്ത്യയില്‍ നോട്ട്നിരോധനം നടപ്പാക്കിയത് മുതല്‍ അതൃപ്തി തുടരുന്ന നേപ്പാള്‍ 2018 ഡിസംബറിലാണ് 100 രൂപയ്ക്ക് മുകളിലുളള ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. 

നേപ്പാളിന്‍റെ വിലക്ക് പരിഹരിക്കാന്‍ ഏറെ നാളായി ഇന്ത്യ ശ്രമം തുടരുകയാണ്. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് മുന്‍കൈയെടുത്തതോടെയാണ് പ്രശ്നത്തിന് തത്വത്തില്‍ ധാരണയായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. 2,000, 500, 200 തുടങ്ങിയ നോട്ടുകള്‍ക്ക് നേപ്പാളില്‍ തുടരുന്ന വിലക്കിന് ഉടന്‍ പരിഹാരമാകുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍, നേപ്പാളിന്‍റെ പക്കലുളള നിരോധിത നോട്ടുകള്‍ ഇന്ത്യ തിരിച്ചെടുക്കാത്തതാണ് അതൃപ്തിക്ക് പിന്നാലുളള പ്രധാന കാരണം. ഇന്ത്യന്‍ കറന്‍സിക്ക് സമ്പദ്ഘടനയില്‍ വലിയ സ്വാധീമുളള രാജ്യമാണ് നേപ്പാള്‍. ആകെ വിനിമയത്തിലുളളതിന്‍റെ 25 ശതമാനവും ഇന്ത്യന്‍ നോട്ടുകളാണ്. പുതിയ നോട്ടുകള്‍ നിലവില്‍ വന്നെങ്കിലും ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം ഇല്ലാതെ നോട്ടുകള്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് നേപ്പാളിന്‍റേത്. 

നോട്ട് നിരോധനത്തിന് മുന്‍പ് നേപ്പാള്‍ രാഷ്ട്ര ബാങ്കിലെത്തിയ 950 കോടി രൂപ ഇന്ത്യ മാറ്റി നല്‍കണമെന്നാണ് നേപ്പാളിന്‍റെ പ്രധാന ആവശ്യം. ഭൂട്ടാനിലും 100 കോടി രൂപ മൂല്യമുളള നിരോധിത നോട്ട് ശേഷിക്കുന്നുണ്ട്.