ഓരോ ദിവസം വില്ലേജ് ഓഫീസില്‍ 20-30 ആളുകള്‍ വരെ ശരാശരി ഭൂനികുതി അടയ്ക്കാനെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 350 ന് മുകളില്‍ ആളുകള്‍ എത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാനാകാതെ പല വില്ലേജ് ഓഫീസിലും ടോക്കണ്‍ കൊടുക്കുകയാണിപ്പോള്‍ ഉദ്യോഗസ്ഥര്‍.  ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞസമയത്ത് വലിയ പരിശ്രമങ്ങള്‍ നടത്തിയിട്ടുപോലും നികുതി അടയ്ക്കാന്‍ കൂട്ടാക്കാത്തവര്‍ വരെ ഇപ്പോള്‍ നികുതി അടയ്ക്കാന്‍ വില്ലേജ് ഓഫീസുകളിലെത്തുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേരള ലാന്‍ഡ് റവന്യു വകുപ്പിന് ചാകരയായി. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷകര്‍ക്കായുളള പദ്ധതിയില്‍ ചേരാന്‍ കരമടച്ച രസീതുകള്‍ അപേക്ഷയോടൊപ്പം വയ്ക്കണമെന്ന വ്യവസ്ഥയാണ് റവന്യു വകുപ്പിന്‍റെ ഭൂ നികുതി കളക്ഷന്‍ റെക്കോര്‍ഡിലേക്ക് ഉയര്‍ത്തുന്നത്. 

ഓരോ ദിവസം വില്ലേജ് ഓഫീസില്‍ 20-30 വരെ ആളുകള്‍ ശരാശരി ഭൂനികുതി അടയ്ക്കാനെത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 350 ന് മുകളില്‍ ആളുകള്‍ എത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാനാകാതെ പല വില്ലേജ് ഓഫീസിലും ടോക്കണ്‍ കൊടുക്കുകയാണിപ്പോള്‍ ഉദ്യോഗസ്ഥര്‍. ഊര്‍ജ്ജിത നികുതി പിരിവ് യജ്ഞസമയത്ത് വലിയ പരിശ്രമങ്ങള്‍ നടത്തിയിട്ടുപോലും നികുതി അടയ്ക്കാന്‍ കൂട്ടാക്കാത്തവര്‍ വരെ ഇപ്പോള്‍ നികുതി അടയ്ക്കാന്‍ വില്ലേജ് ഓഫീസുകളിലെത്തുന്നതായാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിലൂടെ പലരുടെയും പതിറ്റാണ്ടുകളായുളള ഭൂ നികുതി റവന്യു വകുപ്പിന് ലഭിച്ചു. 

എന്നാല്‍, ഭൂനികുതി അടയ്ക്കാന്‍ ഓഫീസുകളില്‍ തിരക്ക് കൂടിയതോടെ മറ്റ് ആവശ്യങ്ങള്‍ക്ക് വില്ലേജ് ഓഫീസിലെത്തുന്നവര്‍ക്ക് സേവനം ലഭിക്കാന്‍ താമസം നേരിടുന്നതായി പരാതികളുണ്ട്. വരും ദിവസങ്ങളില്‍ ഭൂ നികുതി അടയ്ക്കാനെത്തുന്നവരുടെ തിരക്ക് വലിയ രീതിയില്‍ കൂടുമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഭൂ നികുതി അടയ്ക്കാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മാറ്റി രസീത് ബുക്കിലാണിപ്പോള്‍ നികുതി സ്വീകരിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലൂടെ വന്‍ തുകയുടെ നികുതി കുടിശ്ശിക വരെ പിരിച്ചെടുക്കുകയാണിപ്പോള്‍ ലാന്‍‍ഡ് റവന്യു വകുപ്പ്.