Asianet News MalayalamAsianet News Malayalam

രഞ്ജിത്ത് പിന്മാറി, കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് സാധ്യത, ബേപ്പൂരിൽ റിയാസ്

മത്സരിക്കാൻ താൽപര്യമില്ലെന്ന് രഞ്ജിത്തും സിപിഎം നേതാക്കളെ അറിയിച്ചതായാണ് വിവരം

A pradeep kumar ranjith kozhikkode north
Author
Kozhikode, First Published Mar 3, 2021, 11:52 AM IST

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ സിറ്റിംഗ് എംഎൽഎ 
എ.പ്രദീപ് കുമാറിന് സാധ്യത. മൂന്ന് ടേം പൂർത്തിയാക്കിയ പ്രദീപ് കുമാറിന് ഇളവ് നൽകണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യമുയർന്നു. നേരത്തെ നോർത്ത് സീറ്റിൽ സ്ഥാനാർത്ഥിയായി പരിഗണിച്ച സംവിധായകൻ രഞ്ജിത്ത് പിൻമാറി. മത്സരിക്കാൻ താൽപര്യമില്ലെന്ന് രഞ്ജിത്ത് സിപിഎം നേതാക്കളെ അറിയിച്ചു. പ്രദീപ് മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും പ്രദീപ് കുമാറിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

രഞ്ജിത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ജില്ലയിൽ നിന്ന് തന്നെ ചില സംസ്ഥാന സമിതി അംഗങ്ങൾ എതിർപ്പുന്നയിച്ചതായാണ് സൂചന. പാർട്ടിക്കുള്ളിൽ വലിയ രീതിയിൽ ചർച്ച നടത്താതെയായിരുന്നുവെന്നും ഒരു വിഭാഗം പരാതിയുന്നയിച്ചു.

കോഴിക്കോട് ജില്ലയിൽ ബിജെപി ഏറ്റവും അധികം വോട്ട് പിടിച്ച മണ്ഡലങ്ങളിലൊന്നായ കോഴിക്കോട് നോർത്തിൽ എംടി രമേശാകും ബിജെപി സ്ഥാനാർത്ഥിയെന്ന സൂചനകളുണ്ട്. കോൺഗ്രസിന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തായിരിക്കും സ്ഥാനാർത്ഥിയെന്നാണ് വിവരം. ആ നിലയിൽ രഞ്ജിത്ത് മണ്ഡലത്തിന് പറ്റിയ സ്ഥാനാർത്ഥിയാകുമോ എന്നതാണ് സിപിഎമ്മിനുള്ളിൽ നിന്നും തന്നെ ഉയർന്ന ചർച്ച. സോഷ്യൽ മീഡിയയിലടക്കം പ്രദീപ് കുമാറിനായി വലിയ ചർച്ചകളുയർന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പ്രദീപ് കുമാറിനെ വീണ്ടും ഇറക്കാനുള്ള സാധ്യത തുറന്നത്. 

13 അസംബ്ലി മണ്ഡലങ്ങളുള്ള കോഴിക്കോട് ജില്ലയിൽ ഇക്കുറി 6 സീറ്റുകളിലായിരിക്കും സിപിഎം മത്സരിക്കുക. കോഴിക്കോട് നോർത്ത്, ബേപ്പൂർ, പേരാമ്പ്ര, കൊയിലാണ്ടി, ബാലുശ്ശേരി, തിരുവമ്പാടി എന്നീ സീറ്റുകളിലാണ് സിപിഎം മത്സരിക്കാൻ ധാരണയായത്. 

പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണനാണ് സാധ്യത. ബേപ്പൂരിൽ അഡ്വ. മുഹമ്മദ് റിയാസിന് സീറ്റ് നൽകിയേക്കും. കൊയിലാണ്ടിയിൽ സിറ്റിംഗ് എംഎൽഎ കെ ദാസൻ, എം.മെഹബൂബ്(കൺസ്യൂമർ ഫെഡ് ചെയർമാൻ) എന്നിവർക്കാണ് സാധ്യത, ബാലുശ്ശേരിയിൽ സച്ചിൻ ദേവിനും (എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി), രമേശ് ബാബു എന്നിവർക്കും സാധ്യതയുണ്ട്. 

കോഴിക്കോട് സിപിഎം സാധ്യതാ പട്ടിക 

കോഴിക്കോട് നോർത്ത്: എ പ്രദീപ് കുമാർ 

ബേപ്പൂർ- മുഹമ്മദ് റിയാസ് 

പേരാമ്പ്ര- ടിപി രാമകൃഷ്ണൻ 

കൊയിലാണ്ടി- കെ ദാസൻ, എം.മെഹബൂബ്(കൺസ്യൂമർ ഫെഡ് ചെയർമാൻ)

തിരുവമ്പാടി - ഗിരീഷ് ജോൺ (താമരശേരി ഏരിയ കമ്മിറ്റി അംഗം) 

ബാലുശ്ശേരി-സച്ചിൻ ദേവ് (എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി), രമേശ് ബാബു

 

Follow Us:
Download App:
  • android
  • ios