Asianet News MalayalamAsianet News Malayalam

എംഎൽഎമാരിലെ കോടിപതികൾ ആരൊക്കെ? ക്രിമിനൽ കേസുകളുണ്ടോ? എഡിആർ റിപ്പോർട്ട് പറയുന്നത്...

എഡിആർ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ എംഎൽഎമാരിലെ സമ്പന്നൻ ബേപ്പൂർ എംഎൽഎ വികെസി മമ്മദ് കോയ. മുപ്പത് കോടിയുടെ ആസ്തി. കെബി ഗണേഷ് കുമാറും മഞ്ഞളാംകുഴി അലിയും പിന്നാലെയുണ്ട്. 

ADR report about MLA
Author
Trivandrum, First Published Mar 5, 2021, 11:42 AM IST

തിരുവനന്തപുരം: നിലവില്‍ നമ്മുടെ എംഎല്‍എമാരില്‍ എത്രപേർ കോടിപതികളാണ് ? എത്രയാണ് ഇവരുടെയൊക്കെ വരുമാനവും ബാധ്യതയും? ക്രിമിനല്‍ കേസ് പ്രതികളായവർ എത്രപേരുണ്ട് ? ഔദ്യോഗിക കണക്കുകൾ വിശകലനം ചെയ്ത് വിശദമായ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ദില്ലി ആസ്ഥാനമായുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്

എഡിആർ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ എംഎൽഎമാരിലെ സമ്പന്നൻ ബേപ്പൂർ എംഎൽഎ വികെസി മമ്മദ് കോയ. മുപ്പത് കോടിയുടെ ആസ്തി. കെബി ഗണേഷ് കുമാറും മഞ്ഞളാംകുഴി അലിയും പിന്നാലെയുണ്ട്. 57 എംഎൽഎമാർ കോടിപതികളാണ്. ലീഗ് എംഎൽഎമാരിൽ 78 ശതമാനവും കോൺഗ്രസ് എംഎൽഎമാരിൽ 60 ശതമാനവും കോടിപതികൾ. സിപിഎമ്മിൽ ഇത് 27 ശതമാനം. ലീഗ് എംഎൽഎമാരുടെ ശരാശരി ആസ്തി 3.7 കോടി രൂപയാണ്. സിപിഎം എംഎൽഎമാരുടെ ശരാശരി ആസ്തി 1.5 കോടി. കോൺഗ്രസ് എംഎൽഎമാരുടേത് 1.37 കോടി.

ഏറ്റവും കുറവ് ആസ്തിയുളളത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‍സിന്. 46,691 രൂപ. എൽദോ എബ്രഹാം, ആന്‍റണി ജോൺ, കോവൂർ കുഞ്ഞുമോൻ, ഒ ആർ കേളു എന്നിവർ പിന്നാലെ. ആദ്യ പത്തിൽ ഒൻപതും ഇടത് എംഎൽഎമാർ. സമ്പത്തിനൊപ്പം പിവി അൻവറിന് വലിയ ബാധ്യതയുമുണ്ട്. ഏറ്റവും കൂടുതൽ ബാധ്യതയുളള എംഎൽഎയും അൻവർ തന്നെ. 5 കോടി. പി.വി അബ്ദുറഹ്മാന് മൂന്ന് കോടിയുടെയും പി സി ജോർജിന് ഒരു കോടിയുടെയും ബാധ്യതയുണ്ട്.

ഡോക്ടറേറ്റ് നേടിയ രണ്ട് എംഎൽഎമാർ. ബിരുദാനന്തരബിരുദമുളള 22 പേർ. 77 എംഎൽഎമാർക്ക് ബിരുദമോ അതിലധികമോ വിദ്യാഭ്യാസമുണ്ട് നമ്മുടെ സഭയിൽ. 64 ശതമാനം എംഎൽഎമാർക്കും അൻപതിന് മുകളിലാണ് പ്രായം. ആകെ 65 ശതമാനം എംഎൽഎമാർക്കെതിരെയാണ് ക്രിമിനൽ കേസുകളുളളത്. ഗുരുതരസ്വഭാവുമുളള ക്രിമിനൽ കേസുകൾ 21 ശതമാനം പേർക്കെതിരെ. സിപിഎമ്മിന്‍റെ 18ഉം കോൺഗ്രസിന്‍റെ അഞ്ചും എംഎൽഎമാർക്കും എതിരെ ഗുരുതരസ്വഭാവമുളള ക്രിമിനൽ കേസുകളുണ്ട്. 140ൽ 132 പേരുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് എഡിആർ റിപ്പോർട്ട്.

Follow Us:
Download App:
  • android
  • ios