Asianet News MalayalamAsianet News Malayalam

ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകൾ മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയെന്ന് എ.കെ.ബാലൻ

തരൂരിൽ ഡോ. ജമീല ബാലന്റെ പേര് നിർദ്ദേശിക്കപ്പെട്ട ജില്ല സെക്രട്ടേറിയേറ്റ് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് മന്ത്രി എ.കെ.ബാലന്റെ രൂക്ഷമായ പ്രതികരണം.

AK Balan responding to news about jameela balans candidateship
Author
Palakkad, First Published Mar 3, 2021, 1:16 PM IST

പാലക്കാട്: തരൂര്‍ സീറ്റിൽ തൻ്റെ ഭാര്യയായ ഡോ.ജമീല ബാലന്റെ പേര് പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് നി‍‍ർദ്ദേശിച്ചെന്ന വാ‍ർത്തകൾ ശുദ്ധ അസംബന്ധമെന്ന് മന്ത്രി എ.കെ.ബാലൻ. ജില്ല കമ്മിറ്റിയിൽ ഇത്തരം ചർച്ച നടന്നിട്ടില്ലെന്നും മുൻകൂട്ടിയുണ്ടാക്കിയ തിരക്കഥയാണ് ജമീല ബാലന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാര്‍ത്തകളെന്നും എ.കെ.ബാലൻ പറഞ്ഞു. അതേസമയം നേതൃത്വത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മന്ത്രി എ.കെ.ബാലന്റെ പ്രസ്താവനകളെന്നാണ് സൂചന 

തരൂരിൽ ഡോ. ജമീല ബാലന്റെ പേര് നിർദ്ദേശിക്കപ്പെട്ട ജില്ല സെക്രട്ടേറിയേറ്റ് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് മന്ത്രി എ.കെ.ബാലന്റെ രൂക്ഷമായ പ്രതികരണം. ഡോ.  ജമീലയുടെ സ്ഥാനാ‍ത്ഥിത്വത്തെക്കുറിച്ച് അന്തിമ തീരുമാനം പിന്നീടെന്നായിരുന്നു  യോഗം കഴിഞ്ഞിറങ്ങിയ മന്ത്രി പറഞ്ഞത്.  ഡോ. ജമീലയെ തരൂരിൽ പരിഗണിക്കുന്നതിനെ ഒരുവിഭാഗം നേതാക്കൾ ജില്ലാ സെക്രട്ടേറിയേറ്റിൽ എതിർത്തിരുന്നു. 

സംവരണ മണ്ഡലത്തിലേക്ക്  പി.കെ.എസ് ജില്ലാ നേതാക്കളുൾപ്പെടെ അർഹരായ സ്ഥാനാർത്ഥികളുണ്ടായിട്ടും ബാലന്റെ ഭാര്യയെ പരിഗണിക്കുന്നതിനെയാണ് ഒരുവിഭാഗം പ്രവർത്തകർ എതിർത്തത്. തുടർന്ന് സംസ്ഥാന നേതൃത്വം വരെ തരൂർ സ്ഥാനാർത്ഥി വിഷയത്തിൽ ഇടപെട്ടെന്നാണ് സൂചന. പട്ടികജാതി ക്ഷേമസമിതി നേതക്കളുൾപ്പെടെ കടുത്ത അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നും വിവരമുണ്ട്. തുടർന്നായിരുന്നു മന്ത്രി എ.കെ.ബാലന്റെ വിശദീകരണം. അതേ സമയം ഡോ.ജമീല ബാലൻ മത്സരിക്കുമോ ഇല്ലയോ എന്നതിനേക്കുറിച്ച് വ്യക്തമായ മറുപടിയും എ കെ ബാലൻ നൽകുന്നുമില്ല. 
 

Follow Us:
Download App:
  • android
  • ios