Asianet News MalayalamAsianet News Malayalam

ഭാര്യയുടെ സ്ഥാനാർത്ഥിത്വം: നിഷേധിക്കാതെ എകെ ബാലൻ, ഗോപിനാഥ് കോൺഗ്രസ് വിട്ടാൽ നോക്കാമെന്നും പ്രതികരണം

കോൺഗ്രസിൽ വിമത നീക്കം തടത്തുന്ന മുൻ പാലക്കാട് ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥ് പാർട്ടി വിട്ട് വന്നാൽ സിപിഎം ആവശ്യമായ നിലപാടെടുക്കുമെന്നും എകെ ബാലൻ വ്യക്തമാക്കി. 

ak balan response on cpm considering wife jameela as candidate
Author
Palakkad, First Published Mar 2, 2021, 2:46 PM IST

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യ ഡോ കെ പി ജമീലയെ മത്സരിപ്പിക്കാനുള്ള സാധ്യത നിഷേധിക്കാതെ മന്ത്രി എകെ ബാലൻ. പ്രാഥമിക ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബാലന്റെ നാല് ടേം പൂർത്തിയായ സാഹചര്യത്തിലാണ് മുൻ ആരോഗ്യ വകുപ്പ് ഡയറക്ടർ കൂടിയായ ഭാര്യ ഡോ കെ പി ജമീലയെ തരൂരിൽ മത്സരിപ്പിക്കാനുള്ള നീക്കം. എന്നാലിക്കാര്യത്തിൽ തീരുമാനമായിട്ടില്ല. 

കോൺഗ്രസിൽ വിമതനീക്കം തടത്തുന്ന മുൻ പാലക്കാട് ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥ് പാർട്ടി വിട്ട് വന്നാൽ സിപിഎം ആവശ്യമായ നിലപാടെടുക്കുമെന്നും എകെ ബാലൻ വ്യക്തമാക്കി. ആത്മാർത്ഥതയുള്ള കോൺഗ്രസുകാരനാണ് അദ്ദേഹം. കോൺഗ്രസ് വിടുന്ന കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല. കോൺഗ്രസ് വിട്ടാൽ അപ്പോൾ ആവശ്യമായ നിലപാടെടുക്കും. എവി ഗോപിനാഥ് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാവില്ല. ഇതുവരെ അദ്ദേഹവുമായിചർച്ച നടത്തിയിട്ടില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. 

ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ഗോപിനാഥുമായി നിലവിൽ സിപിഎം ജില്ലാ നേതൃത്വം ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് വിട്ട് പുറത്തു വന്ന് അദ്ദേഹം നിലപാട് അറിയിക്കണം. അതിന് ശേഷം ഇടതുപക്ഷ ജനാധിപത്യമുന്നണി തീരുമാനം പറയാമെന്നുമായിരുന്നു പ്രതികരണം. 

ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങുകയാണെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രഖ്യാപനം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യത്തിന് തന്നെ കോൺ​ഗ്രസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. മരിക്കുന്നത് വരെ കോൺ​ഗ്രസാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. കോൺ​ഗ്രസിലെ ഒരു വ്യക്തിയോടും തനിക്ക് പ്രതിജ്ഞാബദ്ധതയില്ല. അഞ്ചു കൊല്ലം തന്നെ ആരും അന്വേഷിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരുമെന്നുമായിരുന്നു ഗോപിനാഥിന്റെ പ്രഖ്യാപനം. 

Follow Us:
Download App:
  • android
  • ios